സീറോ മലബാര്‍ ഓസ്ട്രേലിയന്‍ രൂപതയുടെ അടിസ്ഥാനശില ആത്മീയത: ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി
Thursday, January 23, 2014 9:52 AM IST
കാന്‍ബറ: പുതുതായി അനുവദിക്കപെട്ട സീറോ മലബാര്‍ ഓസ്ട്രേലിയന്‍ രൂപതയുടെ അടിസ്ഥാനശില ആത്മീയത മാത്രമാണെന്ന് നിയുക്ത വികാരി ജനറാള്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി.

ഭൌതികമായ അടിസ്ഥാന സൌകര്യങ്ങളുടെ അഭാവത്തിലും ആത്മീയതയുടെ കാര്യത്തില്‍ രാജ്യത്തെ മറ്റു ക്രൈസ്തവ സമൂഹങ്ങള്‍ക്കു സീറോ മലബാര്‍ സഭാംഗങ്ങള്‍ മാതൃകയാണ്. ആത്മീയമായ വളര്‍ച്ചയില്ലാതെ കെട്ടിട സമുച്ചയങ്ങള്‍ കെട്ടിപടുത്തതുകൊണ്േടാ ആസ്തികള്‍ വളര്‍ന്നതുകൊണ്േടാ കാര്യമില്ല. ആത്മീയമായ വളര്‍ച്ചയും ദൈവാനുഗ്രഹവും ഒത്തുചേരുമ്പോള്‍ രൂപതയുടെ വളര്‍ച്ചക്ക് ആവശ്യമായതെല്ലാം ലഭിക്കും. സഹോദര സഭയായ ലത്തീന്‍ സഭയുടെ അടിസ്ഥാന സൌകര്യങ്ങള്‍ ഉപയോഗിച്ചായിരിക്കും രൂപതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍. നിയുക്ത രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തില്‍ അതിവേഗം വളരുവാന്‍ നമുക്കു കഴിയുമെന്നും ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി പറഞ്ഞു.

വികാരി ജനറാളായി തെരഞ്ഞെടുക്കപെട്ടശേഷം ഓസ്ട്രലിയയില്‍ തിരിച്ചെത്തിയ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിക്ക് തലസ്ഥാനമായ കാന്‍ബറയില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കാന്‍ബറ യാരലുംല സെന്റ് പീറ്റര്‍ ചാന്നെല്‍സ് പളളിയില്‍ നടന്ന സ്വീകരണത്തില്‍ ആയിരത്തോളം ആളുകള്‍ പങ്കെടുത്തു. പൂത്താലം ഏന്തിയ ബാലിക ബാലന്മാരുടെയും പേപ്പല്‍ പതാകയേന്തിയ വിശ്വാസ സമൂഹത്തിന്റെയും മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ഫാ. ഫ്രാന്‍സിസിന് നല്‍കിയ സ്വീകരണം വിശ്വാസ സമൂഹത്തിന്റെ സ്നേഹത്തിന്റെ പ്രതീകമായി. തുടര്‍ന്ന് ഫാ. കോലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ഫാ. വര്‍ഗീസ് വാവോലില്‍, ഫാ. ജെയിംസ് ആന്റണി തിരുത്തന്നെത്തി സിഎംഐ, ഫാ. ജോഷി തെക്കിനേടത്ത് എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു.

ഫാ. വര്‍ഗീസ് വാവോലില്‍, ഫാ.ജെയിംസ് ആന്റണി തിരുത്തന്നെത്തി സിഎംഐ, ഫാ. ജോഷി തെക്കിനേടത്ത്, ഭാരവാഹികളായ ജോസഫ് ലൂക്കോസ്, സുജി മാത്യു, ബെനഡിക്ട് ചെറിയാന്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃതം നല്‍കി.

റിപ്പോര്‍ട്ട്: ജോമി പുലവേലില്‍