മാര്‍ ബോസ്കോ പുത്തൂരിനും ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിക്കും അഭിനന്ദന പ്രവാഹം
Wednesday, January 15, 2014 9:50 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണ്‍ കേന്ദ്രമായി പുതുതായി അനുവദിച്ച സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പൂത്തുരിനും ആദ്യ വികാരി ജനറാള്‍ ആയി നിയമിതനായ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിക്കും വിശ്വാസ സമൂഹത്തിന്റെ അഭിനന്ദന പ്രവാഹം.

ഓസ്ട്രേലിയയിലെ വിവിധ സംഘടനാഭാരവാഹികള്‍, വൈദികര്‍, പ്രാര്‍ഥന കൂട്ടായ്മകള്‍ തുടങ്ങിയവര്‍ മാര്‍ ബോസ്കോ പുത്തൂരിനും ഫാ. ഫ്രാന്‍സിസ് കോലഞ്ചേരിക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു.

സീറോ മലങ്കര കത്തോലിക്ക സഭയുടെ ഓസ്ട്രേലിയ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കുളത്തുകരോട്ട് നിയുക്ത ബിഷപ്പിന് മലങ്കര വിശ്വാസ സമൂഹത്തിന്റെ ആശംസകള്‍ നേര്‍ന്നു. തന്റെ ഗുരു കൂടിയായ മാര്‍ ബോസ്കോ പുത്തൂര്‍ ഓസ്ട്രേലിയയിലേക്ക് വരുന്നതിന്റെ സന്തോഷത്തിലാണ് ഫാ. സ്റീഫന്‍ കുളത്തികരോട്ട്.

മാര്‍ച്ച് ഒന്നിന് നിയുക്ത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ മെല്‍ബണിലെത്തും. തുടര്‍ന്ന് വിശ്വാസ സമൂഹവുമായി കൂടിക്കാഴ്ച നടത്തും. മാര്‍ച്ച് 25ന് ഔദ്യോഗിക സ്ഥാനാരോഹണം നടക്കും.

1946 മേയ് 28ന് തൃശൂരില്‍ ജനിച്ച മാര്‍ ബോസ്കോ പുത്തൂര്‍, 1971 മാര്‍ച്ച് 27ന് പൌരോഹിത്യം സ്വീകരിച്ചു. കോളജ് വിദ്യാഭ്യാസത്തിനുശേഷം ആലുവ സെമിനാരിയിലും തുടര്‍ന്ന് റോമില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. മംഗലപ്പുഴ സെന്റ് ജോസഫ് സെമിനാരിയിലെ റെക്ടര്‍ ആയും തൃശൂര്‍ അതിരൂപതയുടെ വികാരി ജനറാള്‍, അഡ്മിനിട്രേറ്റര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് കുരിയ ബിഷപ്പായി പ്രവര്‍ത്തിച്ചുവരവെയാണ് മെല്‍ബണ്‍ ബിഷപ്പായി അവരോധിക്കപ്പെട്ടത്. സീറോ മലബാര്‍ സഭയുടെ ന്യൂസിലാന്‍ഡിലെ അപ്പസ്തോലിക വിസിറ്റേറ്ററായും മാര്‍ ബോസ്കോ പുത്തൂരിനെ നിയമിച്ചിട്ടുണ്ട്.

പുതിയ വികാരി ജനറാളായി നിയമിതനായ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി കാലടി മാണിക്യമംഗലം ഇടവകയില്‍ പരേതരായ വര്‍ഗീസ്-മേരി ദമ്പതികളുടെ മകനായി 1954 ജൂലൈ 31ന് ജനിച്ചു. കോട്ടയം വടവാതൂര്‍ സെമിനാരിയില്‍നിന്നും വൈദിക പഠനം പൂര്‍ത്തിയാക്കിയ ഫാ. ഫ്രാന്‍സിസ് 1979 ഡിസംബര്‍ 22ന് കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലില്‍നിന്നും പൌരോഹിത്യം സ്വീകരിച്ചു. തിയോളജി, ഫിലോസഫി എന്നീ വിഷയങ്ങളില്‍ ബിരുദം നേടിയിട്ടുള്ള ഫാ. ഫ്രാന്‍സിസ് ഓസ്ട്രേലിയയിലെ സീറോ മലബാര്‍ സഭയുടെ കോഓര്‍ഡിനേറ്റര്‍ ആയും കാന്‍ബറ സെന്റ് ക്രിസ്റഫര്‍ കത്തീഡ്രല്‍ പള്ളിയുടെ വികാരിയായി പ്രവര്‍ത്തിച്ചുവരവേയാണ് പുതിയ സ്ഥാനലബ്ദി.

നിയുക്ത വികാരി ജനറാള്‍ ഫ്രാന്‍സിസ് കോലഞ്ചേരി കാന്‍ബറയില്‍ എത്തിയതിനുശേഷം പുതിയ ബിഷപ്പിന്റെ സ്വീകരണ പരിപാടികള്‍ക്ക് രൂപം കൊടുക്കും.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍