ഇന്ത്യന്‍ എംബസികളിലെ അനാസ്ഥ: ഉടന്‍ നടപടിയെന്ന് വയലാര്‍ രവി
Friday, January 10, 2014 10:02 AM IST
നെടുമ്പാശേരി: വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലെ ഉദ്യോഗസ്ഥര്‍ പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ അനാസ്ഥ കാണിച്ചാല്‍ നേരിട്ട് പ്രവാസികാര്യ മന്ത്രാലയത്തെ ബന്ധപ്പെടാമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി.

നെടുമ്പാശേരി ഹോട്ടല്‍ എയര്‍ലിങ്ക് കാസില്‍ നടന്നുവന്ന ഗ്ളോബല്‍ പ്രവാസി സംഗമത്തില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

അങ്കമാലി അയല്‍ക്കൂട്ടം - നെടുമ്പാശേരി സംഗമം ഗ്ളോബല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ആഗോള പ്രവാസി സംഗമം സംഘടിപ്പിച്ചത്. ജോളി കരുമത്തി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍എ, പി.സി വിഷ്ണുനാഥ് എംഎല്‍എ, ജോസ് തെറ്റയില്‍ എംഎല്‍എ, അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ മാടന്‍, ചെമ്മണ്ണൂര്‍ ജൂവലേഴ്സ് ജനറല്‍ മാനേജര്‍ സി.പി അനില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. ഡോ. ഷാജി വര്‍ഗീസ് സ്വാഗതം ആശംസിച്ചു. ഒസിഐ കാര്‍ഡുള്ള പ്രവാസികള്‍ക്ക് ഇരട്ടപൌരത്വം അനുവദിക്കുക, പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കുക, ആധാര്‍ കാര്‍ഡ് അനുവദിക്കുക, വിദേശങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ജനറല്‍ കണ്‍വീനര്‍ ജോളി കരുമത്തി ഉന്നയിച്ചു. ചടങ്ങില്‍ ബോബി ചെമ്മണ്ണൂരിന് ബിസിനസ് അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിച്ചു.

തുടര്‍ന്ന് പിന്നണി ഗായകന്‍ പന്തളം ബാലനും സിനിമാതാരങ്ങളും ചേര്‍ന്ന് ഗാനമേളയും സംഘനൃത്തങ്ങളും മജീഷ്യന്‍ സാമ്രാജിന്റെ മെഗാ മാജിക് ഷോയും നടന്നു.

പോള്‍ അച്ചിനിമാടന്‍, ഹണി പൈനാടത്ത്, ഡോ. ഷാജി വര്‍ഗീസ്, പോളി പറക്കാടന്‍, ആന്റണി മാവേലി, ജോസഫ് ചക്യേന്‍ തുടങ്ങിയവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.