പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സാന്ത്വനമായി സുരേഷ്ഗോപിയോടൊപ്പം ഓസ്ട്രേലിയന്‍ മലയാളികളും
Monday, December 30, 2013 11:30 AM IST
അഡ്ലൈഡ്: മലയാളി സമൂഹത്തിന് മാതൃകയായി പ്രശസ്ത നടന്‍ സുരേഷ് ഗോപിയോടൊപ്പം പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സഹായവുമായി ഓസ്ട്രേലിയന്‍ മലയാളിയായ രാജേഷ് ജോര്‍ജും ജാക്സണ്‍ ജേക്കബും.
സമൂഹത്തില്‍ അരോരുമില്ലാത്ത കുട്ടികളെ സാഹായിക്കുകയും അതിലൂടെ ഭാവി വാഗ്ദാനങ്ങളാക്കി ഉയര്‍ത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയുള്ള പ്രവര്‍ത്തനങ്ങളാണ് ആര്‍.ജെ. ഗ്ളോബല്‍ എന്റര്‍ടെയിന്‍മെന്റ് സാരഥികളായ ഇരുവരും ലക്ഷ്യമിടുന്നത്.

ഈ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ തുടക്കംകുറിച്ചുകൊണ്ടുള്ള ആദ്യ പരിപാടി സുരേഷ്ഗോപി തിരുവനന്തപുരം പൂജപ്പുരയിലെ എസ്എംഎസ് മഹിളാ മന്ദിരത്തില്‍ നിര്‍വഹിച്ചു.

ഐഡിയ സ്റാര്‍ സിംഗേഴ്സ്, ജയരാജ് വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടിയുടെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക പരിപാടി സൂര്യ ടിവിയില്‍ ഡിസംബര്‍ 31-ന് ഇന്ത്യന്‍ സമയം രാത്രി 11 ന് സംപ്രേഷണം ചെയ്യുന്നതാണ്. തങ്ങളുടെ സംരംഭമായ ആര്‍.ജെ. ഗ്ളോബല്‍ എന്റര്‍ടെയിന്‍മെന്റില്‍ നിന്നുള്ള വരുമാനത്തിന്റെ നല്ലൊരു പങ്ക് കേരളത്തിലെ അര്‍ഹരായ കുട്ടികള്‍ക്ക് പഠന സഹായത്തിനായി നല്‍കുമെന്ന് ചെയര്‍മാന്‍ രാജേഷ് ജോര്‍ജ് അറിയിച്ചു.