മിസ് മലയാളി വേള്‍ഡ് വൈഡ് കിരീടം അഞ്ജലി വര്‍മയ്ക്ക്
Monday, December 30, 2013 11:25 AM IST
കൊച്ചി: വേള്‍ഡ് മലയാളി കൌണ്‍സില്‍ സംഘടിപ്പിച്ച മിസ് മലയാളി വേള്‍ഡ്വൈഡ് ഗ്രാന്‍ഡ് ഫിനാലെയില്‍ തായ്ലന്‍ഡ് പ്രോവിന്‍സില്‍ നിന്നുള്ള മലയാളി സുന്ദരി അഞ്ജലി വര്‍മ കിരീടം ചൂടി.

കൊച്ചി കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ ഡിസംബര്‍ 28 ന് (ശനി) വൈകുന്നേരമാണ് വര്‍ണശബളമായ പരിപാടി അരങ്ങേറിയത്. എട്ടു രാജ്യങ്ങളില്‍ നിന്നുള്ള 16 സുന്ദരിമാരാണു മല്‍സരത്തില്‍ പങ്കെടുത്തത്. വെസ്റ്റേണ്‍, ഫ്യൂഷന്‍, സാരി റൌണ്ടുകളില്‍ വാശിയേറിയ മല്‍സരമാണ് നടന്നത്.

മുംബൈയില്‍ നിന്നുള്ള ഡിംപിള്‍ പോള്‍ ആണ് ഫസ്റ് റണ്ണര്‍ അപ്പ്. കൊച്ചി സ്വദേശിനി സോഫി എം. ജോ സെക്കന്‍ഡ് റണ്ണര്‍ അപ്പായി. സോഫിയ മിസ് മലയാളി വേള്‍ഡ് വൈഡില്‍ മൂന്നാം സ്ഥാനം നേടി. ജന്മനായുള്ള വൈകല്യങ്ങളെ അതിജീവിക്കുന്ന സോഫിയ മൂന്നു വര്‍ഷം മുന്‍പാണ് മോഡലിംഗ്, ബ്യൂട്ടി പെജന്റ് രംഗത്തെത്തിയത്. മൂന്നാം സ്ഥാനം നേടിയ സോഫിയയാണ് കാണികളുടെ മനം കവര്‍ന്നതും കൂടുതല്‍ കൈയടി നേടിയതും.

ചലച്ചിത്രനടി ലിസി പ്രിയദര്‍ശന്‍, സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍, പ്രമുഖ ത്വക്രോഗ വിദഗ്ധന്‍ ഡോ. രാഹുല്‍ പിള്ള എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്. ചോദ്യോത്തര റൌണ്ടില്‍ എല്ലാവരും മികവു പുലര്‍ത്തിയിരുന്നു. മല്‍സരാഥികളുടെ വ്യക്തിത്വം, ആവിഷ്കാര മികവുകള്‍, പ്രകടനം തുടങ്ങിയവയും സ്റ്റൈല്‍, രൂപലാവണ്യം, ബുദ്ധിശക്തി, ആത്മവിശ്വാസം എന്നി നാല് കാറ്റഗറികളിലുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് ഫൈനല്‍ കിരീടം പ്രഖ്യാപിച്ചത്.

ആദ്യ മുന്നു റൌണ്ടുകളിലെ അഞ്ച് ടോപ്പര്‍മാരാണ് ഫൈനല്‍ റൌണ്ടില്‍ പൊരുതിയത്. വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും വിവിധ കിരീടങ്ങളും സമ്മാനിച്ചു,

പ്രശസ്ത സംഗീതസാങ്കേതിക വിദഗ്ധന്‍ റസൂല്‍ പൂക്കുട്ടി മുഖ്യാതിഥിയായിരുന്നു. ചലച്ചിത്രതാരം നൈല ഉഷയാണ് പരിപാടി മോഡറേറ്റ് ചെയ്തത്. ബാംഗളൂര്‍ ലൈവ് ബാന്‍ഡ്, തൈക്കൂടം ബ്രിഡ്ജ്, ഇഷാന്‍ ബാന്‍ഡുകളുടെ ലൈവ് മ്യൂസിക്കും അക്രോബാറ്റിക് ഡാന്‍സും പരിപാടിയും ഭാഗമായി അരങ്ങേറി.

ആഗോള തലത്തിലുള്ള മലയാളി സുന്ദരിമാരുടെ വ്യക്തിത്വങ്ങള്‍ തമ്മില്‍ മാറ്റുരയ്ക്കുന്നതിനും രാജ്യാന്തരതലത്തില്‍ അംഗീകാരം നേടുന്നതിനും വേണ്ടിയാണ് വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മിസ് മലയാളി വേള്‍ഡ്വൈഡ് സൌന്ദര്യമത്സരം സംഘടിപ്പിച്ചത്. വിവിധ നഗരങ്ങളിലായി സെപ്റ്റംബര്‍ ഒന്നു മുതല്‍ 14 വരെ നടന്ന ഓഡിഷനുകളില്‍ വിജയികളായ 16 പേരാണ് ഫൈനല്‍ റൌണ്ടില്‍ മാറ്റുരച്ചത്.

കലാമയ ഇവന്റ്സ്, കൊറിയോഗ്രാഫര്‍ അരുണ്‍ രത്ന, പ്രൊമിത ബാനര്‍ജി എന്നിവരുള്‍പ്പെട്ട വിദഗ്ധരാണ് ടാലന്റ് റൌണ്ട്, വാക്ക്, ആവിഷ്കരണ മികവുകള്‍ തുടങ്ങിയ ഘട്ടങ്ങള്‍ക്കായി ഗ്രൂമിംഗ്, ടാലന്റ് ഡെവലപ്മെന്റ്, പബ്ളിക് സ്പീക്കിംഗ് എന്നീ മേഖലകളില്‍ മത്സരാര്‍ഥികളെ പരിശീലിപ്പിച്ചത്.

വേള്‍ഡ് മലയാളി കൌണ്‍സില്‍ വക്താവ് സിറിയക് തോമസായിരുന്നു പരിപാടിയുടെ കോഓര്‍ഡിനേറ്റര്‍. പരിപാടിയുടെ ടൈറ്റില്‍ സ്പോണ്‍സര്‍ ഫെഡറല്‍ ബാങ്കും അസോസിയേറ്റ് സ്പോണ്‍സര്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ജുവലേഴ്സുമാണ്. കൂടാതെ ചുങ്കത്ത് ജൂവലറി, യുഎഇ എക്സ്ചേഞ്ച്, അനാര എന്നിരും സ്പോണ്‍സര്‍മാരായിരുന്നു.

മല്‍സരത്തിന്റെ കോര്‍ കമ്മിറ്റിയില്‍ വി.സി.പ്രവീണ്‍, സിറിയക് തോമസ്, ദിനേശ് നായര്‍, അനോജ്കുമാര്‍, മോഹന്‍ പാലക്കാട്, സുരേഷ്കുമാര്‍, വിജയലക്ഷ്മി, പ്രേമ പിള്ള തുടങ്ങിയവരും ജോളി തടത്തില്‍, ജര്‍മനി (ഗ്ളോബല്‍ ചെയര്‍മാന്‍), എ.എസ്.ജോസ് ബഹറിന്‍(ഗ്ളോബല്‍ പ്രസിഡന്റ്), ഡോ.പോളി മാത്യു തിരുവനന്തപുരം(ഗ്ളോബല്‍ ജന.സെക്രട്ടറി),മൂസ കോയ ദമ്മാം(ഗ്ളോബല്‍ ട്രഷറാര്‍),അഡ്വ.സിറിയക് തോമസ് ബാംഗളൂര്‍(ഗ്ളോബല്‍ അസോസിയേറ്റ് സെക്രട്ടറി), ഡോ.ജോര്‍ജ് കാക്കനാട്ട്, ഹൂസ്റണ്‍ (ചെയര്‍മാന്‍, പബ്ളിക് റിലേഷന്‍സ്), ബിജു മാത്യു, ദുബായ് (ചെയര്‍മാന്‍, എന്‍ആര്‍ഐ അഫയേഴ്സ്) എന്നിവരെ കൂടാതെ സിസിലി ജേക്കബ്, നൈജീരിയ (പ്രസിഡന്റ് വുമന്‍സ് ഫോറം), തങ്കമണി ദിവാകരന്‍, തിരുവനന്തപുരം(ഗ്ളോബല്‍ വൈസ് ചെയര്‍ പേഴ്സണ്‍), ഡോ.സൂസന്‍ ജോസഫ്, ഗോവ (പ്രസിഡന്റ്, ഇന്ത്യറീജിയന്‍) മറ്റു എട്ടുപേരും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍