സിഡ്നി സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ക്രിസ്മസ് സ്നേഹ സന്ധ്യ സംഘടിപ്പിച്ചു
Monday, December 9, 2013 9:06 AM IST
സിഡ്നി: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ (ക്രിസ്മസ് ഡിലൈറ്റ്സ് 2013) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

സിഡ്നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ വികാരി ഫാ. തോമസ് വര്‍ഗീസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു സിഡ്നി ബഥേല്‍ മാര്‍ത്തോമ്മ ഇടവക വികാരി ഫാ. മാത്യു സി. മാത്യു ക്രിസ്മസ് സന്ദേശം നല്‍കി. ബരാല സെന്റ് പീറ്റര്‍ ചാനല്‍ ഇടവക വികാരി ഫാ. തോമസ് കുറുന്താനം, ബോട്ടണി സെന്റ് ബെര്‍ണാട് ഇടവക വികാരി ഫാ. അഗസ്റിന്‍ തറപ്പേല്‍, സിഡ്നി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കെ.പി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

സിഡ്നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, സിഡ്നി സെന്റ് തോമസ് ബഥേല്‍ മാര്‍ത്തോമ്മ ചര്‍ച്ച്, കാന്‍ബറ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, സിഡ്നി ഡിവൈന്‍ വോയ്സ്, സിഡ്നി സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് തുടങ്ങിയ ദേവാലയങ്ങളില്‍ നിന്നുള്ള ഗായക സംഘങ്ങള്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. സണ്‍ഡേസ്കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകി. സെന്റ് മേരീസ് ഇടവകാംഗങ്ങള്‍ അവതരിപ്പിച്ച മാര്‍ഗംകളിയും കാന്‍ബറ സെന്റ് ഗ്രീഗോറിയോസ് ഇടവകാംഗങ്ങള്‍ അവതരിപ്പിച്ച സമ്മിശ്ര ഉപകരണ സംഗീതവും പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചു. വിവിധ ഇടവകകളിലെ ആളുകളുടെ പങ്കാളിത്തംകൊണ്ട് ക്രിസ്മസ് ഡിലൈറ്റ്സ് 2013 വ്യത്യസ്ത അനുഭവമായി.

വികാരി ഫാ. ബെന്നി ഡേവിഡ് സ്വാഗതവും സെക്രട്ടറി സാജി വി. ജോസ് കൃതജ്ഞതയും പറഞ്ഞു. പ്രഫഷണല്‍ എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി യുവര്‍ ഗേറ്റ്വെ ടു ഓസ്ട്രേലിയ ആയിരുന്നു മുഖ്യ പ്രോണ്‍സര്‍.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ മാമലശേരി