ഐഡിയല്‍ ലേണിംഗ് സെന്റര്‍ ബോധവത്കരണ സെമിനാര്‍ നടത്തി
Wednesday, November 20, 2013 8:39 AM IST
മെല്‍ബണ്‍: മെല്‍ബണിലെ രണ്ടാമത്തെ സിറ്റിയായ ഡാന്റിനോഗിലും ഊട്ടി എന്ന് വിശേഷിപ്പിക്കുന്ന ബെറിക്കിലും ഒന്നാം ക്ളാസ് മുതല്‍ 12-ാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കിവരുന്ന പ്രശസ്തമായ മലയാളി സംരംഭമായ ഐഡിയല്‍ ലേണിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്കായി ബോധവത്കരണം സെമിനാര്‍ നടത്തി.

ഓസ്ട്രേലിയന്‍ കുടിയേറ്റം മലയാളികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഈ സമയത്ത് ഇവിടുത്തെ വിദ്യാഭ്യാസ തീരികളെക്കുറിച്ചും മുതിര്‍ന്ന കുട്ടികള്‍ക്ക് വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും വിവിധ സ്കൂളുകളിലെ പഠനരീതികളെക്കുറിച്ചും മാതാപിതാക്കള്‍ക്ക് അവബോധം ഉണ്ടാക്കുന്നതിനാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

പ്ളസ്ടു വിദ്യാഭ്യാസത്തിന് കുട്ടികള്‍ക്കു കൊടുക്കേണ്ട അറിവിനെക്കുറിച്ചും യൂണിവേഴ്സിറ്റി തലത്തില്‍ ഏതു മേഖലകളിലേയ്ക്ക് കുട്ടികളെ തിരിച്ചുവിടേണ്ടത് എങ്ങനെയെന്നും സെമിനാറില്‍ വിദഗ്ധര്‍ ക്ളാസുകള്‍ നയിച്ചു.

പ്ളസ്ടു വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്സിറ്റിയില്‍ പുതിയ കോഴ്സ് തിരഞ്ഞെടുക്കുന്ന രീതികളെക്കുറിച്ചും സെമിനാറില്‍ മാതാപിതാക്കള്‍ക്ക് അറിവു പകര്‍ന്നു.

കുട്ടികളുടെ കഴിവുകള്‍ മനസിലാക്കി അവരുടെ ഇഷ്ടത്തിന് അനുസരിച്ച് യൂണിവേഴ്സിറ്റി തലത്തില്‍ കോഴ്സ് എടുത്ത് പഠിക്കേണ്ടതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ആണ് സെമിനാറില്‍ മാതാപിതാക്കള്‍ക്ക് അധ്യാപകര്‍ പകര്‍ന്നുകൊടുത്തത്.

രണ്ടു സെന്ററുകളിലായി നടന്ന ബോധവത്കരണ സെമിനാറില്‍ നൂറുകണക്കിന് മലയാളികള്‍ പങ്കെടുത്തു. കേരളത്തിലും സൌത്ത് ആഫ്രിക്കയിലും ഇപ്പോള്‍ ഓസ്ട്രേലിയയിലും ഉള്ള ഏറ്റവും നല്ല സ്കൂളുകളില്‍ അധ്യാപകരായി ജോലി ചെയ്യുന്ന ഐഡിയല്‍ ലേണിംഗ് സെന്ററിന്റെ ഡയറക്ടര്‍ രവി കല്ലുങ്കല്‍, റോയി നെടുമണ്ണില്‍, പൌലോസ് തെക്കുപുറം, ബിജു വര്‍ഗീസ് എന്നിവരാണ് കുട്ടികളുടെ മാതാപിതാക്കള്‍ക്കുവേണ്ടി ബോധവത്കരണ സെമിനാര്‍ നയിച്ചത്.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍