മെല്‍ബണില്‍ കേരളപിറവി ആഘോഷവും ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയികള്‍ക്കുള്ള സമ്മാനദാനവും വര്‍ണാഭമായി
Wednesday, November 6, 2013 9:54 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ആഭിമുഖ്യത്തില്‍ നടന്ന കേരളപിറവിദിനാഘോഷവും ക്രിക്കറ്റ് ടൂര്‍ണമെന്റിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും മലയാളത്തിന്റെ പ്രിയ നടന്‍ സുരേഷ് ഗോപി നിര്‍വഹിച്ചു.

ക്യാരസ്ഡൌണിലെ ശിവക്ഷത്ര ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ മലയാളികളെ സാക്ഷിനിര്‍ത്തി മലയാളത്തിന്റെ സൂപ്പര്‍സ്റാര്‍ സുരേഷ് ഗോപി ചാരിറ്റി ട്രസ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ജി.കെ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി സജി മുണ്ടയ്ക്കല്‍ സ്വാഗതം ആശംസിച്ചു.

അസോസിയേഷന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മൌനന്‍ ചെല്ലപ്പന്‍ അവതരിപ്പിച്ചു. പുതിയതായി രൂപംകൊണ്ട മാംഗോ ട്രി ഓര്‍ക്കസ്ട്രയുടെ ഉദ്ഘാടനം ലോക്കല്‍ എംപി ജൂഡ് പെരേര നിര്‍വഹിച്ചു. അസോസിയേഷന്‍ കേരളപിറവി ദിനാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ മാഗസിന്റെ പ്രകാശന കര്‍മ്മം സിനിമയിലൂടെ ഡയറക്ടര്‍ ഡയാന സില്‍വസ്റര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് വ്യത്യസ്തമായ അസോസിയേഷന്റെ കമ്മിറ്റി കലാപരിപാടികള്‍ സ്റേജില്‍ അരങ്ങേറി. സിനിമാറ്റിക് ഡാന്‍സ് മുതല്‍ പരിശമുട്ടുകളി വരെയുള്ള പരിപാടികള്‍ നിറഞ്ഞ സദസ് ആസ്വദിച്ചു.

ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയിച്ച ക്രിക്കറ്റ് ക്ളബിന് സുരേഷ് ഗോപി സമ്മാനങ്ങള്‍ വിതരണം ചെയ്തു. പിഎന്‍എസ്എയും കട്ടൂമ്പായും പരിപാടികളുടെ മുഖ്യസ്പോണ്‍സര്‍മാരായിരുന്നു. ഡോ. ആഷ മുഹമ്മദ് സെബാസ്റ്യന്‍ ഒരവകരകം എന്നിവര്‍ അവതാരകരായിരുന്നു.

വൈകുന്നേരം ഏഴിന് ആരംഭിച്ച പരിപാടികള്‍ രാത്രി 10ന് സമാപിച്ചു. വൈസ് പ്രസിഡന്റ് തോമസ് വാതപ്പള്ളി ഏവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു.

അസോസിയേഷന്റെ കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണന്‍, ഗോപകുമാര്‍, വിനോദ്, ജിനോ മാത്യു, സന്തോഷ്, അഫ്സല്‍, ജോണി മറ്റം, ജെറിമോന്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍