കെസിപിഎ പത്താം വാര്‍ഷികം 'ഓപ്പയും മോറിസും' ശ്രദ്ധാകേന്ദ്രമാകുന്നു
Friday, November 1, 2013 10:17 AM IST
മെല്‍ബണ്‍: ക്നാനായ കമ്യുണിറ്റി ഓഫ് വിക്ടോറിയായുടെ പത്താമത് വാര്‍ഷികവും മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് മിഷന്റെ ഔദ്യോഗിക ഉദ്ഘാടനവും സംയുക്തമായി ആഘോഷിക്കുമ്പോള്‍ പഴയ തലമുറയുടെ പ്രതീകമായിരുന്ന 'ഓപ്പയും മോറിസും' പുനര്‍ അവതരിപ്പിക്കുന്നു.

പഴയ കാലത്തെ സുറിയാനി കത്തോലിക്ക മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് വെളളയും ചുമപ്പും കൂടിയ വ്യത്യസ്ഥമായ വേഷവിധാനം ധരിച്ചുകൊണ്ട് തലയില്‍ മുടിയും കൈയില്‍ മെഴുക് തിരിയും കത്തിച്ചുകൊണ്ട് തിരുനാള്‍ പ്രദക്ഷിണത്തിന് ധരിച്ചിരുന്ന വസ്ത്രധാരണം ആകുന്ന 'ഓപ്പയും മോറിസും' ഓസ്ട്രേലിയയില്‍ ഇദംപ്രദമായത് മെല്‍ബണിലെ ഫൊക്കനാര്‍ സെന്റ് മാത്യൂസ് പളളിയില്‍ നടക്കുന്ന മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് ഇരുപത്തി അഞ്ച് കുടുംബങ്ങള്‍ ഓപ്പകം മോറിസും ധരിച്ചുകൊണ്ട് വിശുദ്ധ കുര്‍ബാനയും പ്രദക്ഷിണത്തിന് അണി നിരക്കുന്നത്. ക്നാനായ കമ്മ്യൂണിറ്റി ഓഫ് വിക്ടോറിയായും ഏരിയ കോ-ഓര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ ഓക്കാട്ട് കേരളത്തില്‍ നിന്നും പ്രത്യേകം തയ്പ്പിച്ചു കൊണ്ടുവന്നതാണ് ഓപ്പയും മോറിസും.

നവംബര്‍ മൂന്നിന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന്് മെല്‍ബണിലെ ഫൊക്കനാര്‍ സെന്റ് മാത്യൂസ് പളളിയില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നത് കോഹിമ രൂപത മെത്രാനും കോട്ടയം അതിരൂപതാംഗവുമായ റവ. ഡോ. ജെയിംസ് തോപ്പില്‍ പിതാവ് ആണ്. മെല്‍ബണ്‍ രൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ ഡെന്നിസ് ഹാര്‍ട്ട് മെല്‍ബണ്‍ ക്നാനായ കാത്തലിക് മിഷന്റെ ഉദ്ഘാടനവും മുഖ്യ സന്ദേശവും നല്‍കും. സീറോ മലബാര്‍ പളളിയുടെ ഓസ്ട്രേലിയ കോഓര്‍ഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി ഉള്‍പ്പെടെ ഒട്ടനവധി മലയാളി വൈദികര്‍ സഹകാര്‍മ്മികര്‍ ആയിരിക്കും.

തിരുനാള്‍ കുര്‍ബാനയ്ക്കുശേഷം കൊടി തോരണങ്ങളും മുത്തുക്കുടകളും പേപ്പല്‍ പതാകയും മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുളള പ്രദക്ഷിണത്തിന് ചെണ്ടമേളം, ബാന്റ് മേളം എന്നിവ അകമ്പടി ഉണ്ടാകും.

മാതാവിന്റെ തിരുസ്വരൂപം പളളിയില്‍ അകത്ത് കയറി കഴിഞ്ഞാല്‍ മാതാവിന്റെ മുടി എടുക്കാനും, അടിമ വയ്ക്കാനും, നേര്‍ച്ച കാഴ്ച അര്‍പ്പിക്കാനും ഉളള സൌകര്യങ്ങളെ ഒരുക്കിയിട്ട് ഉണ്ട്. മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചുളള പ്രദക്ഷിണമാണ് പ്രത്യേകം തയാറാക്കിയ ഓപ്പയും മോറിസും ശ്രദ്ധാ കേന്ദ്രമാകും.

ദര്‍ശന തിരുനാള്‍ ഓപ്പയും മോറിസും ഇവയൊക്കെ മെല്‍ബണിലെ വിശ്വാസികള്‍ക്ക് പുതുമ ആയിരിക്കും. മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് പളളിയിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളേയും മെല്‍ബണ്‍ ക്നാനായ മിഷന്റെ ചാപ്ളെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ണാരപ്പളളി, അസോസിയേഷന്റെ ഭാരവാഹികളായ ബിജി മോന്‍ തോമസ്, സോളമന്‍ ജോര്‍ജ് എന്നിവര്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍