മെല്‍ബണ്‍ സെന്റ് മേരീസ് കത്തീഡ്രല്‍ കൂദാശ ചെയ്തു
Monday, October 14, 2013 6:46 AM IST
മെല്‍ബണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഓസ്ട്രേലിയയിലെ പ്രഥമ ദേവാലയമായ മെല്‍ബണ്‍ സെന്റ് മേരീസ് കത്തീഡ്രലിന്റെ വിപുലമായി പുതുക്കിപ്പണിത ദേവാലയത്തിന്റെ കൂദാശാകര്‍മ്മം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്തയൂടെ പ്രധാന കാര്‍മ്മികത്വത്തിലും മലങ്കര ഓര്‍ത്തഡോക്സ്, കോപ്റ്റിക് ഓര്‍ത്തഡോക്സ്, എത്യോപ്യന്‍ ഓര്‍ത്തഡോക്സ്. അസ്സിറിയന്‍, ആംഗ്ളിക്കന്‍, യുണൈറ്റിംഗ്, സിഎസ്ഐ സഭകളിലെ വൈദികരുടെയും സാന്നിധ്യത്തിലും ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ നടന്നു.

നാലിന് (വെള്ളി) വൈകുന്നേരം ആറിന് തിരുമേനിയേയും വൈദികരേയും ഘോഷയാത്രയായി പള്ളിയിലേക്ക് ആനയിച്ചു. 6.30ന് സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് ദേവാലയകൂദാശയുടെ ഒന്നാം ശുശ്രൂഷ നടത്തപ്പെട്ടു.

അഞ്ചിന് (ശനി) രാവിലെ 6.30ന് പ്രഭാതപ്രാര്‍ഥന തുടര്‍ന്ന് ദേവാലയ കൂദാശയുടെ പ്രധാനശുശ്രൂഷകളും നടത്തപ്പെട്ടു. കൂദാശയോടനുബന്ധിച്ചു ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്തയൂടെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന വി. മൂന്നിന്മേല്‍ കുര്‍ബാനയില്‍, പെര്‍ത്ത് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവക വികാരി റവ. ഫാ. വിനോദ് ജോര്‍ജ്, ഓക്ളന്റ് സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്സ് ഇടവക വികാരി റവ. ഫാ. ബിജു മാത്യു എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ഉച്ചയ്ക് 12 ന് നടന്ന പൊതുസമ്മേളനത്തില്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ആംഗ്ളിക്കന്‍ സഭയുടെ മെല്‍ബണ്‍ ഡയോസിസ് ആര്‍ച്ച് ബിഷപ് ഡോ. ഫിലിപ് ഫ്രയര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ മെല്‍ബണിലെ അസൂയാവഹമായ വളര്‍ച്ചയില്‍ അദ്ദേഹം അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഫെഡറല്‍ എംപി കെല്‍വിന്‍ തോംസണ്‍, മോര്‍ലന്റ് സിറ്റി കൌണ്‍സില്‍ മേയര്‍ ഓസ്കര്‍ യില്‍ഡിസ്, വിക്ടോറിയന്‍ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ഫ്രാങ്ക് സ്റുവാര്‍ട്ട് എന്നിവര്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചു. മോര്‍ലന്റ് സിറ്റി കൌണ്‍സിലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കയി ഇടവക സമാഹരിച്ച 5000 ഡോളര്‍ ഇടവക മെത്രാപ്പോലീത്ത മോര്‍ലന്റ് മേയര്‍ക്ക് കൈമാറി. കൂദാശാസ്മരണികയായി പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം ആര്‍ച്ച് ബിഷപ് ഡോ. ഫിലിപ് ഫ്രയര്‍ നിര്‍വഹിച്ചു. ദേവാലയ കൂദാശാഫലകം ഇടവക മെത്രാപ്പോലീത്ത അനാഛാദനം ചെയ്തു.

പൊതുസമ്മേളനത്തില്‍ ഇടവക വികാരി റവ. ഫാ. ഷിനു കെ. തോമസ് സ്വാഗതവും അസി. വികാരി ഫാ. ഫെര്‍ഡിനാന്റ് പത്രോസ് കൃതജ്ഞതയും അര്‍പ്പിച്ചു. ഇടവക ട്രസ്റി സക്കറിയ ചെറിയാന്‍ അവതാരകനായ സമ്മേളനത്തില്‍ ഇടവക ഡെവലപ്മന്റ് കമ്മിറ്റി കണ്‍വീനര്‍ സി.ഒ. തോമസ് ഇടവകയുടെ ലഘുചരിത്രം അവതരിപ്പിച്ചു. ഇടവകയുടെ സ്ഥാപക-സീനിയര്‍ അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.

കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ മെല്‍ബണ്‍ ബിഷപ് സൂറിയേലിനെ പ്രധിനിധീകരിച്ച് ഭദ്രാസന സെക്രട്ടറി ഫാ. പോള്‍ അവാഡ്, ഫാ. അത്തനേഷ്യസ് ആറ്റിയ, എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ ഫാ. വൊള്‍ഡിഗിയൊര്‍ഗീസ്, ആംഗ്ളിക്കന്‍ സഭയിലെ ആര്‍ച്ച് ഡീക്കന്‍ ഫിലിപ് ന്യൂമാന്‍, യുണൈറ്റിംഗ് സഭയിലെ ഡോ. ബേര്‍ട് ഡൊലോസ, മൌരീന്‍ പോസ്റ്മ, അസിറിയന്‍ സഭയിലെ ഫാ. അന്റാവന്‍ മിഖായേല്‍, സിഎസ്ഐ സഭയിലെ റവ. ജോബി ജോണ്‍, ആന്റണൈന്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റര്‍ ദാദ് ഏല്‍ അസി, മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികരായ റവ. ഫാ. വിനോദ് ജോര്‍ജ് (പെര്‍ത്ത്), റവ. ഫാ. ബിജു മാത്യു (ന്യുസിലാന്‍ഡ്), റവ. ഫാ. ബെന്നി ഡേവിഡ് (സിഡ്നി), റവ. ഫാ. വര്‍ഗീസ് മണിയാമ്പ്ര (കാന്‍ബറ) എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. പൊതുസമ്മേളനത്തില്‍ മെല്‍ബണ്‍ സെന്റ് മേരീസ് കത്തീഡ്രല്‍ ക്വയര്‍ പ്രാര്‍ഥനാഗാനവും ഓസ്ട്രേലിയന്‍, ഇന്ത്യന്‍ ദേശീയഗാനങ്ങളും കാതോലിക്കാമംഗളഗാനവും ആലപിച്ചു. കൂദാശക്രമീകരണങ്ങള്‍ക്ക് ഇടവക വികാരി റവ.ഫാ. ഷിനു കെ. തോമസ്, അസി. വികാരി റവ. ഫാ. ഫെര്‍ഡിനന്റ് പത്രോസ്, ട്രസ്റി സക്കറിയ ചെറിയാന്‍, സെക്രട്ടറി ബിജു സൈമണ്‍, മാനേജിംഗ് കമ്മിറ്റി, ഡെവലപ്മെന്റ് കമ്മിറ്റി, കൂദാശ കമ്മിറ്റി വോളന്റിയേഴ്സ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ടോം ജേക്കബ്