മെല്‍ബണ്‍ സീറോ മലബാര്‍ സഭയുടെ ആസ്ഥാനമന്ദിരം കൂദാശ ചെയ്തു
Wednesday, October 9, 2013 7:51 AM IST
മെല്‍ബണ്‍: സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ നാഴിക കല്ലെന്ന് വിശേഷിപ്പിക്കുന്ന സഭയുടെ മെല്‍ബണിലെ ആസ്ഥാന മന്ദിരത്തിന്റെ ഔപചാരികമായ കൂദാശ പാലക്കാട് രൂപത അധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തേടത്ത് നിര്‍വഹിച്ചു.

നോര്‍ത്ത് റീജയന്റെ വിശ്വാസി സമൂഹത്തിന്റെ നേതൃത്വത്തില്‍ മിക്കല്‍ഹാം പ്രദേശത്ത് സ്ഥിതിചെയ്യുന്ന 15 ഏക്കറിലാണ് പുതിയ ആസ്ഥാന മന്ദിരം സ്ഥാപിതമായിരിക്കുന്നത്.

കേരളത്തിലെ ഒരു രൂപതയ്ക്കും ഇല്ലാത്തവിധത്തില്‍ മനോഹരമായ പ്രദേശവും ആസ്ഥാന കെട്ടിടവും മെല്‍ബണിനെ ഒരു രൂപതയാക്കി മാറ്റും എന്നതില്‍ സംശയമില്ല. അതിനുള്ള പ്രാര്‍ഥനയും പരിശ്രമവും തുടരണമെന്നും ബിഷപ് ജേക്കബ് മനത്തേടത്ത് അഭിപ്രായപ്പെട്ടു.

മെല്‍ബണിലെ സീറോ മലബാര്‍ സഭയുടെ അടുക്കും ചിട്ടയോടും കൂടെയുള്ള പ്രവര്‍ത്തനവും ഓരോ റീജിയണിലും പള്ളിക്കായി സ്ഥലം മേടിക്കുന്നതിനും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പിതാവ് വളരെ സന്തോഷം രേഖപ്പെടുത്തി. പ്രവാസികള്‍ നാടിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതുപോലെ ക്രിസ്തീയ വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുന്ന സമൂഹമായി മാറിയതില്‍ സന്തോഷിക്കുന്നതായി പിതാവ് പറഞ്ഞു.

മൂന്നു ദിവസത്തെ ഹൃസ്വസന്ദര്‍ശനാര്‍ഥം എത്തിയ പിതാവ് സീറോ മലബാര്‍ സഭയുടെ ആസ്ഥാന മന്ദിര കൂദാശയും ബോക്സ്ഹില്‍ പള്ളിയില്‍ നടന്ന കുട്ടികളുടെ ആദ്യകുര്‍ബാന, സ്ഥൈര്യലേപന ശുശ്രൂഷകളിലും വിശിഷ്ടാതിഥിയായി പങ്കെടുത്തു.

സീറോ മലബാര്‍ സഭ മെല്‍ബണ്‍ ചാപ്ളെയിന്‍ റവ. ഫാ. പീറ്റര്‍ കാവുംപുറം, റവ. ഫാ. വര്‍ഗീസ് കുരിശിങ്കല്‍, റവ. ഫാ. ജോസി കിഴക്കേത്തല, റവ. ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി, റവ. ഫാ. ടോമി കളത്തൂര്‍, റവ. ഫാ. ലീനസ്, ട്രസ്റിമാര്‍, കമ്മിറ്റിയംഗങ്ങള്‍, ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.