ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് ഓസ്‌ട്രേലിയയില്‍
Sunday, June 24, 2018 4:04 PM IST
ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയുടെയും കാനഡയുടെയും അതിഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായും പാത്രിയര്‍ക്കാ വികാരിയുമായ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് തിരുമേനി ഓസ്‌ട്രേലിയയിലുള്ള പരിശുദ്ധ സഭയുടെ വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നു. 2018 ജൂണ്‍ 24-നു ഞായറാഴ്ച രാവിലെ ഒമ്പതിനു സിഡ്‌നി സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന തിരുമേനി അന്നേ ദിവസം വൈകിട്ട് 4:30ന് മെല്‍ബണിലുള്ള സെന്റ് ബേസില്‍ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതാണ്.

27-നു വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ വരുന്ന മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായെ ഓസ്‌ട്രേലിയയിലെ പരിശുദ്ധ സഭയുടെ പാത്രിയര്‍ക്കാ വികാരിയും തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമേനിയും അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനിയും ചേര്‍ന്ന് സ്വീകരിക്കും.

2018 ജൂണ്‍ 29,30, ജൂലൈ 1, ദിവസങ്ങളിലായി പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലുള്ള സെയിന്റ് പീറ്റേഴ്‌സ് യാക്കോബൈറ്റ്‌സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കൂദാശ കര്‍മ്മത്തില്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി സഹ കാര്‍മികത്വം വഹിക്കുന്നതുമാണ്.

റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര