കെംപഗൗഡ വിമാനത്താവളത്തിൽ ജീവനക്കാർക്ക് പ്രത്യേക ടെർമിനൽ
Saturday, June 16, 2018 7:47 PM IST
ബംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജീവനക്കാർക്കായി പ്രത്യേക ടെർമിനൽ തുറക്കുന്നു. വിമാനത്താവളത്തിലെ എയർലൈൻ ഓഫീസുകൾക്ക് സമീപമായാണ് പുതിയ ടെർമിനൽ നിർമിക്കുന്നത്. വിമാനത്താവളത്തിലെ ജീവനക്കാർക്ക് ഇവിടെ നിന്ന് സുരക്ഷാ പരിശോധന പൂർത്തിയാക്കാനാകും. സാധാരണ യാത്രക്കാർക്കൊപ്പം കാത്തുനിന്നാണ് ഇവർ സുരക്ഷാ പരിശോധന പൂർത്തിയാക്കുന്നത്.

നിലവിൽ ആഭ്യന്തര സർവീസ് നടത്തുന്ന വിമാനത്തിലെ ജീവനക്കാർക്കാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നത്. ഇതുവഴി വിമാനത്താവളത്തിന്‍റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനാകുമെന്നാണ് കരുതുന്നത്. ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാണ് ബംഗളൂരുവിലേത്.

ഇപ്പോൾ ദിവസേന 350 മുതൽ 400 വരെ വിമാനജീവനക്കാരാണ് ഇവിടെയെത്തുന്നത്. വരുംമാസങ്ങളിൽ ഇത് 500 മുതൽ 600 വരെയാകുമെന്നാണ് കണക്കുകൂട്ടുന്നത്.