ഇടപ്പള്ളി ഫ്ളൈ ഓവര്‍ നിര്‍മാണത്തിന് 95 കോടി അനുവദിച്ചു
Tuesday, April 23, 2013 8:52 PM IST
കൊച്ചി: ഇടപ്പള്ളിയിലെ ഫ്ളൈ ഓവര്‍ നിര്‍മാണത്തിനായി 95 കോടി രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞാണ് ഇക്കാര്യം അറിയിച്ചത്. ഭൂമി വിട്ടുകിട്ടുന്നതിനനുസരിച്ച് 18 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉടന്‍ ഉന്നതതല സംഘം ചേരും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ടോള്‍ പിരിവില്ലാതെ റോഡ്സ് ഫണ്ട് ബോര്‍ഡിന്റെ പണം ഉപയോഗിച്ചാകും ഫ്ളൈ ഓവര്‍ നിര്‍മിക്കുക.

ഇടപ്പള്ളിയിലെ തിരക്ക് കുറയ്ക്കാന്‍ ഡി.എം.ആര്‍.സി. വിഭാവനം ചെയ്യുന്ന ഫ്ളൈഓവറാകും പരിഗണിക്കുക. സ്ഥലമെടുപ്പും ചെലവും കുറവാണെന്ന മേന്മ ഇതിനുണ്ട്. ഒപ്പം, കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണത്തെ ബാധിക്കാത്ത ഡിസൈനാണിത്. ലുലു മാള്‍ കൂടി തുറന്നതോടെയാണ് ഇടപ്പള്ളി ജങ്ഷനിലെ ഗതാഗതക്കുരുക്ക് ജനത്തിന് കഠിന യാതനയായത്.

നട്ടുച്ചയില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട ടൂവീലറുകളില്‍ സഞ്ചരിച്ച കുട്ടികളടക്കമുള്ളവര്‍ ബോധംകെട്ട് വീണ സംഭവം വരെ ഉണ്ടായി. ജനപ്രതിനിധികളും ജഡ്ജിമാരുമടക്കമുള്ളവര്‍ ഗതാഗതക്കുരുക്കിന്റെ കാഠിന്യമറിഞ്ഞതോടെയാണ് കുരുക്കഴിക്കാന്‍ നടപടി തുടങ്ങിയത്. ഇതോടെ മന്ത്രിസഭാ യോഗം ഫ്ളൈ ഓവറിന് അനുമതി നല്‍കുകയായിരുന്നു.