അമൃത ആശുപത്രിയുടെ സൌജന്യ പ്രസവചികിത്സ സെന്റര്‍ ആലപ്പുഴയില്‍
Saturday, April 20, 2013 6:52 PM IST
ആലപ്പുഴ: അമൃതാനന്ദമയി മഠത്തിന്റെയും അമൃത മെഡിക്കല്‍ കോളജ് ആശുപത്രിയുടെയും സംരഭമായ സൌജന്യ പ്രസവ ചികിത്സാ സെന്റര്‍ ആലപ്പുഴയില്‍ ആരംഭിച്ചതായി അമൃത മെഡിക്കല്‍ കോളജ് ഗൈനക്കോളജി ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. രാധാമണി രമണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബിപിഎല്‍ വരുമാന പരിധിയില്‍പ്പെട്ടവര്‍ക്കും എപിഎല്‍ പരിധിയിലെ കുറഞ്ഞ വരുമാന പരിധിയിലുള്ളവര്‍ക്കും പൂര്‍ണമായും സൌജന്യമായ ചികിത്സയാണ് സെന്ററില്‍ ലഭ്യമാകുന്നത്.

ശനി, ചൊവ്വ ദിവസങ്ങളില്‍ വലിയ ചുടുകാടിന് സമീപമുള്ള സെന്ററില്‍ വൈറ്റമിന്‍ ഗുളികള്‍ ലാബറട്ടറി ടെസ്റുകള്‍, സ്കാനിംഗ് തുടങ്ങിയവ സൌജന്യമായാണ് ചെയ്യുക. പ്രസവസമയമാകുമ്പോള്‍ അമൃത മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യാത്രാചെലവുകളോടെ ചികിത്സ ലഭ്യമാകും. പ്രസവം സിസേറിയന്‍ ചെലവുകളും സൌജന്യമാണ്. ഗര്‍ഭിണിക്ക് കൂട്ടിരിക്കുന്ന സ്ത്രീയ്ക്ക് ആഹാരവും സൌജന്യമായി നല്കാനാണ് പദ്ധതിയെന്നും ഡോക്ടര്‍ രാധാമണി പറഞ്ഞു. പ്രസവശേഷം വാഹനത്തില്‍ സൌജന്യമായി അവരവരുടെ വീടുകളില്‍ തിരികെയെത്തിക്കാനും സംവിധാനമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും കണ്‍സള്‍ട്ടേഷനും 9846404495, 0477- 2261731 എന്ന നമ്പരുകളില്‍ ബന്ധപ്പെടണം.