കേരളത്തിന് സന്തോഷ ട്രോഫി: മിസോറാമിനെ തകർത്ത് സെമിയിൽ
Sunday, March 19, 2017 3:51 PM IST
വാസ്കോ: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം സെമിയിലേക്ക് കുതിച്ചു. മിസോറാമിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് കേരളം സെമി ഉറപ്പിച്ചത്. കേരളത്തിനായി അസ്ഹറുദ്ദീൻ ഇരട്ടഗോൾ നേടിയപ്പോൾ ജോബി ജസ്റ്റിനും സീസണും ഓരോ തവണ വീതം മിസോറാം ഗോൾവല കുലുക്കി. കളിയുടെ അവസാന മിനിറ്റുകളിലായിരുന്നു അസ്ഹറുദ്ദീൻ ആവേശക്കാറ്റായ് ആഞ്ഞടിച്ചത്. ആദ്യ പകുതിയിൽ കേരളം 2–0ന് മുന്നിലായിരുന്നു.

ഇതോടെ മൂന്നു മത്സരങ്ങളിൽനിന്ന് ഏഴു പോയിന്‍റുമായി കേരളം ഗ്രൂപ്പിൽ ഒന്നാമതെത്തി. രണ്ടു വിജയവും ഒരു സമനിലയും ഉൾപ്പെടെയാണ് കേരളം ഏഴു പോയിന്‍റ് സ്വന്തമാക്കിയത്. ഗ്രൂപ്പിലെ മുമ്പൻമാരായിരുന്ന പഞ്ചാബ് ഇന്നു നടന്ന രണ്ടാം മത്സരത്തിൽ മഹാരാഷ്ട്രയോട് 1–0 ത്തിനു തോറ്റതും കേരളത്തെ ഒന്നാമതെത്താൻ സഹായിച്ചു.

ഇതോടെ നാലു മൽസരങ്ങളിൽനിന്ന് പഞ്ചാബിനുള്ളത് അഞ്ചു പോയിന്‍റാണ്. കേരളത്തോട് തോറ്റ മിസോറാമാകട്ടെ, മൂന്നു കളികളിൽനിന്ന് നാലു പോയിന്‍റുമായി മൂന്നാംസ്ഥാനത്താണ്.