ചാണ്ടി രാജിവയ്ക്കണം; മുന്നണിയുടെ സംശുദ്ധിയാണ് പ്രധാനമെന്ന് പന്ന്യൻ
Tuesday, November 14, 2017 12:49 PM IST
കോട്ടയം: തോമസ് ചാണ്ടി ഇനിയെങ്കിലും രാജിവയ്ക്കണമെന്ന്് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ. രാജി എങ്ങനെ ഒഴിവാക്കാമെന്നല്ല ചിന്തിക്കേണ്ടത്. രാജിവയ്ക്കാതെ മുന്നോട്ടുപോയൽ ഇടത് മുന്നണി കളങ്കിതരുടെ മുന്നണിയാണെന്ന് ജനം സംശയിക്കുമെന്നും മുന്നണിയുടെ സംശുദ്ധി പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇടത് മുന്നണിയെ കളങ്കമില്ലാത്ത മുന്നണിയായാണ് ജനം കാണുന്നത്. ആരോപണം ഉയർന്നപ്പോൾ തന്നെ ഇ.പി.ജയരാജൻ മന്ത്രിസ്ഥാനത്ത് നിന്നും മാറി നിന്നില്ലേയെന്നും തോമസ് ചാണ്ടിക്ക് മറ്റെന്ത് പ്രത്യേകതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. മന്ത്രി അധികാരത്തിൽ കടിച്ചു തൂങ്ങിയാൽ യുഡിഎഫുമായി എൽഡിഎഫിന് വ്യത്യാസമില്ലെന്ന് ജനം വിലയിരുത്തും. ഇടത് മുന്നണിക്ക് എത്രകാലം കളങ്കിതനെ പിന്തുണയ്ക്കാൻ കഴിയും. കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ തന്നെ വിഷയത്തിൽ ധാരണയായിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. രാജി സംബന്ധിച്ച തീരുമാനം എൻസിപിയുടെയും ചാണ്ടിയുടെയും ധാർമികതയാണെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ചാണ്ടി വിഷയത്തിൽ സിപിഐ പക്വമായ നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മുന്നണി യോഗത്തിലും സിപിഐ അഭിപ്രായം രേഖപ്പെടുത്തിയിരുന്നുവെന്നും പന്ന്യൻ കൂട്ടിച്ചേർത്തു.
RELATED NEWS