സൗദിയിൽ തൊഴിൽ നഷ്‌ടപ്പെട്ട മൂന്നു മലയാളികൾ തിരിച്ചെത്തി
സൗദിയിൽ തൊഴിൽ നഷ്‌ടപ്പെട്ട മൂന്നു മലയാളികൾ തിരിച്ചെത്തി
Tuesday, August 23, 2016 1:25 PM IST
നെടുമ്പാശേരി: സൗദി അറേബ്യയിൽ തൊഴിൽ നഷ്‌ടപ്പെട്ട ഇന്ത്യക്കാരിൽ മൂന്നു മലയാളികൾ നാട്ടിൽ തിരിച്ചെത്തി. ജിദ്ദയിൽനിന്നു സൗദി എയർലൈൻസ് എസ്വി 784–ാം നമ്പർ ഫ്ളൈറ്റിൽ ഇന്നലെ രാവിലെ 9.40–നാണ് ഇവർ നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. കണ്ണൂർ സ്വദേശികളായ ഷിജോ മാത്യു, ഷെമീർ, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവരാണു തിരിച്ചെത്തിയത്.

സൗദിയിൽ കുടുങ്ങിയ ഭൂരിഭാഗം ഇന്ത്യക്കാരുടെയും മടക്കയാത്ര വൈകുന്നതു ശമ്പളക്കുടിശിക കിട്ടാത്തതിനാലും പുതിയ തൊഴിൽ ലഭിക്കുമെന്ന പ്രതീക്ഷ നിലനിൽക്കുന്നതും കൊണ്ടുമാണെന്ന് ഇവർ മാധ്യമങ്ങളോടു പറഞ്ഞു. തിരിച്ചുവന്ന ഷിജോ ഓജാകമ്പനിയിൽ ടെക്നീഷ്യനും മുഹമ്മദ് സൗദിപാലസിലെ ഫോർമാനുമായിരുന്നു. ഷമീർ പാലസിലെ അഡ്മിനിസ്രടേഷൻ സെക്ഷനിലാണു ജോലി നോക്കിയിരുന്നത്. തങ്ങൾക്കു ശമ്പളക്കുടിശികയായി ലക്ഷക്കണക്കിനു രൂപ കിട്ടാനുണ്ടെന്നു ഷിജോ മാത്യു അറിയിച്ചു.

എട്ടു മാസത്തെ ശമ്പളംവരെ കുടിശികയായിട്ടുണ്ട്.മറ്റ് ആനുകൂല്യങ്ങളും കിട്ടാനുണ്ട്. കുടിശിക എന്നു കിട്ടുമെന്ന് ഒരുറപ്പും ലഭിച്ചിട്ടില്ല.

ഇന്ത്യൻ എംബസിയേയും സൗദി എംബസിയേയും സമീപിച്ചിട്ടും വ്യക്‌തമായ ഒരു തീരുമാനമുണ്ടായില്ല. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടു കേരള സർക്കാരിനു നിവേദനം സമർപ്പിച്ചിരുന്നു.

നാട്ടിലേക്കു തിരിച്ചുപോരു കയോ മറ്റേതെങ്കിലും ജോലിയിൽ പ്രവേശിക്കാൻ ശ്രമിക്കുകയോ ചെയ്യണമെന്നുള്ള നിർദേശമാണു സർക്കാരിൽനിന്നു ലഭിച്ചതെന്നു ഷിജോ വ്യക്‌തമാക്കി.

പുതിയ വീസ നൽകാൻ സൗദി ഭരണകൂടം അനുമതി നൽകുന്നുണ്ട്. ചില കമ്പനികൾ വീസ കൊടുക്കുന്നുമുണ്ട്. എന്നാൽ, വാഗ്ദാനം ചെയ്യുന്ന ശമ്പളം വളരെ കുറവാണ്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ നാമമാത്രമായ ശമ്പളത്തിന് അവിടെ തങ്ങാൻ താത്പര്യപ്പെടുന്നില്ല. മടക്കയാത്രയ്ക്കു കാരണം ഇതാണ്. സാമ്പത്തിക പ്രതിസന്ധി മൂലം പല പദ്ധതികളും സൗദി സർക്കാർ ഉപേക്ഷിക്കുന്നതായും ഷിജോ പറഞ്ഞു. ഇതു തൊഴിൽമേഖലയ്ക്കു തിരിച്ചടിയാണ്. നിരവധി ഏജൻസികൾ ഇതുകാരണം ഏറെ വിഷമത്തിലാണെന്നും ഇവർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.