വെച്ചൂച്ചിറ: അവധിക്കാലത്ത് കുട്ടികളെ കർമനിരതരാക്കാൻ വെച്ചൂച്ചിറ എണ്ണൂറാംവയൽ സ്കൂളിന്റെ ‘വേനൽത്തുമ്പികൾ’. ആട്ടവും പാട്ടും കളിയും ചിരിയും വായനയും എഴുത്തും നിറഞ്ഞതാണ് എണ്ണൂറാംവയൽ സ്കൂളിലെ കുട്ടികളുടെ അവധിക്കാലം.
കുട്ടികളുടെ അവധിക്കാലം ഫലപ്രദമായി വിനിയോഗിക്കാൻ അവധി ദിനങ്ങൾ മാറ്റിവച്ച് അധ്യാപകർ കുട്ടികൾക്കൊപ്പമുണ്ട്. മധ്യവേനൽ അവധിക്ക് വിദ്യാലയം അടച്ചപ്പോൾ മുതൽതന്നെ എണ്ണൂറാംവയൽ സ്കൂളിലെ വേനൽത്തുമ്പികൾ പാറിപ്പറക്കാൻ തുടങ്ങി.
പഠനപ്രവർത്തനങ്ങളുടെ തുടർച്ച, ഓരോ കുട്ടിയും നേടേണ്ട ശേഷികൾ, നൈപുണികൾ ഉറപ്പാക്കൽ, കാന്പസ 2024 ഏകദിന ക്യാന്പുകൾ, വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു നടത്താൻ സഞ്ചരിക്കുന്ന ലൈബ്രറി, കലാ - കായിക പരിശീലന ക്യാമ്പുകൾ, ശാസ്ത്ര - പ്രവൃത്തി പരിചയ ശില്പശാലകൾ, ഇംഗ്ലീഷ് ആശയ വിനിമയ പരിശീലന പ്രവർത്തനങ്ങൾ, മത്സരങ്ങൾ തുടങ്ങിയ നിരവധി പരിപാടികൾ കോർത്തിണക്കിയാണ് വേനൽത്തുമ്പികൾ ഒരുക്കിയിരിക്കുന്നത്.
കുട്ടികൾ തയാറാക്കുന്ന പതിപ്പുകൾ, സ്വതന്ത്ര രചനകൾ എന്നിവ ഉൾപ്പെടുത്തി ക്ലാസടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കും. പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ തയാറാക്കിയ അവധിക്കാല വിഭവങ്ങളുടെ പ്രദർശനം ഒരുക്കുന്നുണ്ട്. അവധിക്കാല പ്രവർത്തനങ്ങൾക്കു മുന്നോടിയായി പ്രത്യേക രക്ഷാകർത്തൃ യോഗങ്ങൾ ചേർന്നാണ് പ്രവർത്തന രൂപരേഖ തയാറാക്കിയത്.
കുട്ടികളിൽ പഠനതാത്പര്യം വർധിപ്പിക്കുക, ആത്മവിശ്വാസം വളർത്തൽ, സ്വയം പ്രചോദനം, വ്യക്തിത്വ വികസനം, ലക്ഷ്യക്രമീകരണ പിന്തുണ, ജീവിത നൈപുണ്യ വികസനം തുടങ്ങിയവയ്ക്ക് പ്രത്യേകം പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളായിരുന്നു ക്യാമ്പിൽ ഒരുക്കിയത്. പ്രവർത്തനങ്ങളിലൂടെയും കളികളിലൂടെയും കുട്ടികളിൽ ഫലപ്രദമായി ഇവ എത്തിക്കുന്നതിനാണ് ക്യാമ്പിലൂടെ ലക്ഷ്യമിട്ടത്.
സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വർഗീസ് ജോൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സാബു പുല്ലാട്ട് അധ്യക്ഷത വഹിച്ചു. എം.ജെ. അലക്സാണ്ടർ, ആൻസി അലക്സ്, അലീന അലക്സ്, പിടിഎ പ്രസിഡന്റ് ഷൈനു ചാക്കോ, മദർ പിടിഎ പ്രസിഡന്റ് ഷൈനി ജോർജ്, എം. ജെ. ബിബിൻ എന്നിവർ പ്രസംഗിച്ചു.
ഇമ്മാനുവൽ ഐപ്പ് വർഗീസ്, അപർണ രാജേഷ്, അഞ്ജന ബാബു, ശിവപ്രിയ രാധാകൃഷ്ണൻ, ക്രിസ്റ്റീന മാത്യു, ഗായത്രി രാജ്, അൻവർ എസ്. ഖാൻ, ഐശ്വര്യ സുനിൽ, ആർസൂ സൂസൻ, ഗൗരി എസ്. നായർ എന്നിവർ നേതൃത്വം നൽകി