പണി പൂർത്തിയാകും മുന്പേ ചെളിക്കുണ്ടായി റോഡ്
1580882
Sunday, August 3, 2025 6:17 AM IST
കൊട്ടാരക്കര: റോഡ് പണി പൂർത്തീകരിക്കും മുൻപേ വലിയ വാഹനം റോഡിലൂടെ കടന്ന് റോഡ് ചെളിക്കുണ്ടായി മാറി. വെളിയം ഉമ്മന്നൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ ഇടറോഡിനാണ് ഈ അവസ്ഥ.
ചെപ്പറ വേടർ നഗറും, വടകോട് വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന, കാൽനട യാത്രപോലും ദുഷ്കരമായിരുന്ന വയലിന് മധ്യത്തുകൂടിയുള്ള സ്ഥലത്ത് വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് റോഡ് നിർമാണം തുടങ്ങിയത്. വയലിന്റെ ഇരുകരയിലെയും വസ്തു ഉടമകൾ ഭൂമി റോഡ് നിർമാണത്തിന് വിട്ടു നൽകിയിരുന്നു. ഇത് വഴിയുള്ള ഗതാഗതസൗകര്യം ഉണ്ടാകണമെന്ന ആവശ്യത്തിന് അര നൂറ്റാണ്ടിന്റെ കാത്തിരിപ്പുണ്ട്.
വേടർ കോളനിയിൽ നിന്നും നാലുകിലോമീറ്റർ ചുറ്റി സഞ്ചരിച്ചുവേണമായിരുന്നു ചെപ്പറ കവലയിൽ എത്താൻ. എന്നാൽ ഇതു വഴിയുള്ള സമാന്തരറോഡിന്റെ പണി പൂർത്തീകരിച്ചാൽ അര കിലോമീറ്റർ സഞ്ചരിച്ചാൽ ചെപ്പറയിൽ എത്താം .പത്തിലേറെ സർക്കാർ സ്ഥാപനങ്ങളിലേയ്ക്കും, സ്കൂളുകളിലേയ്ക്കും ഇത് വഴിയുള്ള യാത്ര വളരെ എളുപ്പമാണ്. റോഡ് നിർമാണ പ്രവർത്തികൾ തുടങ്ങിയപ്പോൾ തന്നെ റോഡ് നിർമാണ അവകാശവാദവുമായി രാഷ്്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
റോഡിന്റെ ടാറിംഗ് ജോലി തുടങ്ങാനിരിക്കവെ സമീപവാസി ജെ സി ബി റോഡിൽ ഇറക്കി റോഡിന്റെ ഇരുവശത്തും കേടുപാടുകൾ വരുത്തിയതതായും ആക്ഷേപം ഉയർന്നിരുന്നു. ജെ സി ബി ഉടമ റോഡ് പുനർനിർമിച്ച് നൽകാമെന്ന് പറഞ്ഞെങ്കിലും ഇത് വരെയും പ്രാവർത്തികമായിട്ടില്ല. നൂറിലേറെ കുടുംബങ്ങൾ വസിക്കുന്ന പ്രദേശത്തെ നാട്ടുകാരുടെ ദീർഘകാലത്തെ പരിശ്രമഫലമായിരുന്നു ഇത് വഴിയുള്ള റോഡ്. റോഡ് പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു