കൊല്ലം രൂപതയുടെ പ്രതിഷേധം ഇന്ന്
1580893
Sunday, August 3, 2025 6:20 AM IST
കൊല്ലം: മതപരിവർത്തനവും മനുഷ്യകടത്തും ആരോപിച്ച് കന്യാസ്ത്രീമാരെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച നടപടിയിൽ പ്രതിഷേധിച്ച ും വർധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങൾക്കുമെതിരെയും കൊല്ലം രൂപതയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തും.
ഉച്ചകഴിഞ്ഞ് 3.30ന് കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന പ്രതിഷേധ റാലി ചിന്നക്കടയിൽ സമാപിക്കും.
തുടർന്ന് നടക്കുന്ന പ്രതിഷേധ സമ്മേളനം കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും.സാമൂഹ്യ സേവനത്തിനും രാഷ്ട്ര നിർമാണത്തിലും നിസ്വാർഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ സമൂഹത്തെ വേട്ടയാടുന്ന മതതീവ്രവാദ പ്രസ്ഥാനങ്ങളുടെ നടപടിയിൽ ബിഷപ് ഹൗസിൽ കൂടിയ നേതൃയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അസത്യം നിറഞ്ഞ കുറ്റാരോപണങ്ങളുടെയും അന്യായമായ ആൾകൂട്ട വിചാരണയുടെയും അനന്തര ഫലമാണ് സമർപ്പിതരുടെ അറസ്റ്റെന്ന് യോഗം ആരോപിച്ചു.
ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും നിഷേധിച്ചുകൊണ്ട് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നേരെ വർധിച്ചുവരുന്ന അക്രമങ്ങളിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
രാജ്യത്തെ മതേതര ജനാധിപത്യ സംവിധാനം സംരക്ഷിക്കുന്നതിന് വേണ്ടി നടത്തുന്ന പ്രതിഷേധ റാലിയിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് കൊല്ലം രൂപതാ വികാരി ജനറൽ മൊൺ. ബൈജു ജൂലിയാൻ ആവശ്യപ്പെട്ടു.