കാറും ബൈക്കും കൂട്ടിയിടിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
1580894
Sunday, August 3, 2025 6:20 AM IST
പരവൂർ : റോഡിലെ കുഴി കണ്ട് വെട്ടി തിരിച്ച കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ ഇടവ സ്വദേശി ഷിബിലിയെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരവൂർ -വർക്കല റോഡിലായിരുന്നു അപകടം. പരവൂർ നിന്നും വർക്കലയിലേക്ക് പോവുകയായിരുന്ന ഇരുചക്രവാഹനവും വർക്കലയിൽ നിന്നും വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
റോഡിലെ കുഴിയിൽ വീഴാതെ വെട്ടിത്തിരിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയ കാർ എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായി കാറിൽ അഗ്നിബാധയ്ക്ക് കാരണമായെങ്കിലും നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം തീപിടിത്തത്തിൽ നിന്നും ഒഴിവായി.
ബൈക്ക് യാത്രികന്റെ പരിക്ക് ഗുരുതരമായതിനാൽ താലൂക്ക് ആശുപത്രിയിൽ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.