അവൾ ജനിച്ചത് പാവപ്പെട്ട കുടുംബത്തിൽ. വളർന്നതു പരിമിതമായ ജീവിതസാഹചര്യങ്ങളിൽ. അതുകൊണ്ടുതന്നെ അവൾക്കു കാര്യമായ വിദ്യാഭ്യാസമൊന്നും നേടാനായില്ല.
എങ്കിലും അവൾ ഭാഗ്യവതിയായിരുന്നു. കാരണം, അവൾക്ക് നല്ല ഒരു ഭർത്താവിനെ കിട്ടി. അതും സാമാന്യം സന്പന്നമായ കുടുംബത്തിൽനിന്നുതന്നെ. അതിനും പുറമേ, ഭർത്താവിനു കൊഴുത്ത ശന്പളമുള്ള ഒരു നല്ല ജോലിയുമുണ്ടായിരുന്നു.
അവരുടെ കുടുംബജീവിതം സൗഭാഗ്യകരമായി മുന്നോട്ടുനീങ്ങി. അവർക്കു ജനിച്ച കുട്ടികൾ അവരുടെ സന്തോഷം പതിമടങ്ങു വർധിപ്പിച്ചു.
പക്ഷേ, അവരുടെ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. നിനച്ചിരിക്കാത്ത നേരത്ത് അവൾ രോഗിണിയായി മാറി. ആശുപത്രിയും ഡോക്ടർമാരുമായിരുന്നു പിന്നെ അവളുടെ അഭയം. പലദിവസം നീണ്ടുനിന്ന പരീക്ഷണനിരീക്ഷണങ്ങൾക്കുശേഷം ഡോക്ടർ അവളോടു പറഞ്ഞു: ""നിങ്ങളുടെ കരൾ പ്രവർത്തിക്കുന്നില്ല.’’
അവൾക്കു തന്റെ കാതുകളെ വിശ്വസിക്കാനായില്ല. വിതുന്പുന്ന അധരങ്ങളോടെ അവൾ ഡോക്ടറോടു ചോദിച്ചു: ""ഞാൻ മരിക്കുകയാണെന്നാണോ അങ്ങു പറയുന്നത്?’’
അവളുടെ മുഖത്തുനോക്കാൻ ധൈര്യമില്ലാതെ ഡോക്ടർ പറഞ്ഞു: ""ഞങ്ങൾക്കു ചെയ്യാവുന്നതു മുഴവനും ഞങ്ങൾ ചെയ്തുകഴിഞ്ഞു’’. ഡോക്ടർ പിന്നെ അവിടെ നിന്നില്ല. അദ്ദേഹം അവളുടെ മുറിയിൽനിന്നു പെട്ടെന്നു പുറത്തുകടന്നു.
ഡോക്ടർ പോയപ്പോൾ അവൾ ആശുപത്രിമുറിയിൽ തനിച്ചായി. പെട്ടെന്ന് അവളുടെ ഉള്ളിൽ ദേഷ്യം ഇരച്ചുകയറി. ദൈവത്തോടായിരുന്നു അവളുടെ ദേഷ്യം മുഴുവനും. നേരേനോക്കി ദൈവത്തോടു രണ്ടുവാക്കു പറഞ്ഞിട്ടുതന്നെ കാര്യം അവൾ ഉള്ളിലുറച്ചു.
എഴുന്നേറ്റുനിൽക്കാൻ അവൾക്കു ശക്തിയുണ്ടായിരുന്നില്ല. എങ്കിലും അവൾ ഒരുവിധം കിടക്കയിൽ നിന്ന് എഴുന്നേറ്റ് ആശുപത്രിയിലെ ചാപ്പലിനെ ലക്ഷ്യമാക്കി നീങ്ങി. ഭിത്തിയിൽ പിടിച്ചു ചാപ്പലിലേക്കു വലിഞ്ഞിഴഞ്ഞു പോകുന്പോൾ ദൈവത്തോടു പറയേണ്ട കാര്യങ്ങൾക്ക് അവൾ മനസിൽ രൂപം നൽകുകയായിരുന്നു. ചാപ്പലിന്റെ വാതിൽക്കലെത്തിയപ്പോഴേക്കും ദൈവത്തോടു പറയാനുള്ള വാക്യങ്ങൾക്ക് അവൾ പൂർണരൂപം നൽകിക്കഴിഞ്ഞിരുന്നു. അതിപ്രകാരമായിരുന്നു:
""ദൈവമേ, നീ ഒരു വഞ്ചകനാണ്. നീ മുഴുവനും സ്നേഹമാണെന്നല്ലേ പണ്ടുമുതൽ പറയാറുള്ളത്? എന്നാൽ ആരെങ്കിലും അല്പം സന്തോഷം അനുഭവിക്കാൻ തുടങ്ങുന്പോഴേക്കും നീ അതു നശിപ്പിക്കുന്നു. നീ ഒരു കാര്യം അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു. എനിക്കു നിന്നെക്കൊണ്ടു മതിയായി. നീ ആയിരിക്കുന്നതുപോലെ നിന്നെ ഞാൻ കാണുന്നു.’’
ദൈവത്തോടു പറയാനുള്ളതു മുഖത്തുനോക്കി പറഞ്ഞിട്ട് പെട്ടെന്നു മടങ്ങണമെന്ന ചിന്തയോടെയാണ് അവൾ ചാപ്പലിലേക്കു കയറിയത്. ചാപ്പലിൽ ഇരുട്ടായിരുന്നെങ്കിലും അവൾ തപ്പിത്തടഞ്ഞ് അൾത്താരയുടെ അരികിലേക്കു നീങ്ങി. പക്ഷേ, അവിടെ എത്തുന്നതിനുമുന്പ് അവൾ നിലംപതിച്ചു.
വീഴ്ചയോടെ അവൾ അതീവക്ഷീണിതയായി മാറി. സ്വന്തം കണ്പോളകൾ തുറക്കാൻപോലുമുള്ള ശക്തി അവൾക്കുണ്ടായിരുന്നില്ല. എങ്കിലും വളരെ ക്ലേശിച്ച് അവൾ കണ്ണുതുറന്നുനോക്കി. അപ്പോൾ ആദ്യം അവളുടെ കണ്ണിൽപ്പെട്ടത് അൾത്താരയുടെ മുന്നിൽക്കിടന്ന ചവിട്ടുമെത്തയിൽ നെയ്യപ്പെട്ടിരുന്ന വാക്യമാണ്. അത് ഇപ്രകാരമായിരുന്നു: ""കർത്താവേ, പാപിയായ എന്നോടു കരുണതോന്നണമേ.’’
പെട്ടെന്ന് അവളുടെ ദേഷ്യം മുഴുവനും ആവിയായിപ്പോയി. ദൈവത്തോടു ന്ധന്ധരണ്ടു വാക്കു’’ പറയണമെന്ന ചിന്തപോലും അവളിൽനിന്ന് അപ്രത്യക്ഷമായി. അവളുടെ ചിന്തയിലും മനസിലും ഒരേയൊരു കാര്യം നിറഞ്ഞുനിന്നു: ""കർത്താവേ, പാപിയായ എന്നോടു കരുണ തോന്നേണമേ.’’
വീണിടത്തുതന്നെ കിടന്നുകൊണ്ടു തല കൈകളിൽ ചേർത്തുവച്ച് അവൾ ദൈവത്തെ മാത്രം മനസിൽ ധ്യാനിച്ചു. അപ്പോൾ സാവധാനം അവിടുന്ന് അവളോട് ഇപ്രകാരം പറയുന്നതുപോലെ അവൾക്കു തോന്നി: ""നിന്റെ ജീവിതം പൂർണമായും എനിക്കു സമർപ്പിക്കാനുള്ള ഒരു ക്ഷണം മാത്രമാണിത്. നീ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല എന്നു നിനക്കറിഞ്ഞുകൂടേ? ഡോക്ടർമാർക്കു നിന്നെ ചികിത്സിക്കാൻ മാത്രമേ സാധിക്കൂ. എന്നാൽ എനിക്കുമാത്രമേ നിന്നെ സുഖപ്പെടുത്താനാവൂ.’’
ജീൻ എന്ന ആ യുവതി തന്റെ ജീവിതം മുഴുവനും തന്നെതന്നെയും ആ നിമിഷം ദൈവത്തിന്റെ കൈകളിൽ സമർപ്പിച്ചു. തന്റെ ജീവിതത്തിന്റെ പൂർണ ഉത്തരവാദിത്വവും അന്നു ദൈവത്തെ ഭരമേല്പിച്ചതിനു ശേഷമാണ് ചാപ്പലിൽനിന്ന് അവൾ സ്വന്തം മുറിയിലേക്കു മടങ്ങിയത്.
മുറിയിൽ തിരിച്ചെത്തിയ അവൾ അന്നുരാത്രിമുഴുവനും സുഖമായി ഉറങ്ങി. പിറ്റേദിവസം അവൾ ഏറെ ഉേ·ഷവതിയായി കാണപ്പെട്ടു. അപ്പോൾ ഡോക്ടർ വീണ്ടും അവളെ പരിശോധനയ്ക്കു വിധേയയാക്കി. പ്രത്യാശാജനകമായിരുന്നു അതിന്റെ ഫലം. അവളുടെ കരൾ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയിരുന്നത്രേ!
നിരാശതയുടെ അടിത്തട്ടിൽ വീണപ്പോഴാണെങ്കിൽപ്പോലും ജീൻ അവളുടെ ജീവിതം പൂർണമായി ദൈവത്തിനു വിട്ടുകൊടുത്തു. അവളുടെ ഈ സന്പൂർണ സമർപ്പണം അവളെ രക്ഷിച്ചതായി ന്ധന്ധഹാപ്പിനസ് ഈസ് ആൻ ഇൻസൈഡ് ജോബ്’’ എന്ന പുസ്തകത്തിൽ ഫാ. ജോണ് പവ്വൽ സാക്ഷിക്കുന്നു.
ദൈവത്തിനു നമ്മെത്തന്നെ പൂർണമായി വിട്ടുകൊടുക്കുന്നതിനെക്കുറിച്ചു നമ്മിൽ ഏറെപ്പേരും ഒരിക്കലും ചിന്തിക്കാറില്ലെന്നുള്ളതാണു വസ്തുത. സന്പൂർണസമർപ്പണവുംമറ്റും അച്ചന്മാർക്കും കന്യാസ്ത്രീകൾക്കും മാത്രമുള്ള കാര്യമായിട്ടാണല്ലോ നാം സാധാരണ കരുതുക.
എന്നാൽ, നമുക്കെല്ലാവർക്കും നമ്മെത്തന്നെ പൂർണമായി ദൈവത്തിനു സമർപ്പിച്ചുകൊണ്ടു ജീവിക്കാനാകും. കാരണം, നാമെല്ലാവരുമായി ആത്മബന്ധം സ്ഥാപിച്ചുകൊണ്ടു മുന്നോട്ടുപോകുവാൻ അവിടുന്ന് അഗ്രഹിക്കുന്നുണ്ട്.
നമ്മുടെ ഹൃദയവും മനസും നമ്മുടെ ജീവിതം മുഴുവനും തനിക്കു പൂർണമായി സമർപ്പിക്കണമെന്നാണ് അവിടത്തെ ആഗ്രഹം. നാം അപ്രകാരം ചെയ്യുന്പോൾ മാത്രമേ നമ്മുടെ ജീവിതത്തെ ശാശ്വതസൗഭാഗ്യത്തിലേക്കു നയിക്കുവാൻ അവിടുത്തേക്കു സാധിക്കുകയുള്ളു.
ദൈവപുത്രനായ യേശു തന്റെ പിതാവിനു തന്നെത്തന്നെ പൂർണമായി വിട്ടുകൊടുത്തുകൊണ്ടു പറഞ്ഞു: ""പിതാവേ, അങ്ങേ തൃക്കരങ്ങളിൽ ഞാൻ എന്നെ സമർപ്പിക്കുന്നു.’’ യേശുവിന്റെ മാതാവായ മറിയവും ആത്മസമർപ്പണത്തിൽ മുൻപന്തിയിൽത്തന്നെയായിരുന്നു. അവൾ പറഞ്ഞു: ""നിന്റെ വചനംപോലെ എന്നിൽ സംഭവിക്കട്ടെ.’’
യേശുവും അവിടുത്തെ മാതാവും ദൈവത്തിന് ആത്മസമർപ്പണം ചെയ്തതുപോലെ നാമും അവിടുത്തേക്ക് ആത്മസമർപ്പണം ചെയ്യണം. കാരണം, അവിടുത്തേക്കു നമ്മെക്കൊണ്ട് ആവശ്യമുണ്ട്. നമ്മുടെ രക്ഷയ്ക്കും സൗഭാഗ്യത്തിനും വേണ്ടി മാത്രമല്ല അവിടുന്നു നമ്മുടെ ആത്മസമർപ്പണം ആവശ്യപ്പെടുന്നത്. നമ്മുടെപോലെതന്നെ മറ്റുള്ളവരുടെയും രക്ഷയ്ക്കും സൗഭാഗ്യത്തിനുംവേണ്ടിയാണ് അവിടുന്നു നമ്മുടെ ആത്മസമർപ്പണം ആവശ്യപ്പെടുന്നത്.
മറ്റുള്ളവർവഴി ദൈവം നമ്മുടെ ജീവിതത്തിൽ സന്തോഷസൗഭാഗ്യങ്ങൾ നൽകുന്നതുപോലെ നാം വഴി മറ്റുള്ളവരുടെ ജീവിതത്തിലും സന്തോഷസൗഭാഗ്യങ്ങൾ നൽകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് നാം നമ്മുടെ ജീവിതത്തെ പൂർണമായി അവിടുത്തേക്കു നൽകിയേ മതിയാകൂ.
ജീവിതത്തിൽ സുഖവും സന്തോഷവുമൊക്കെ കണ്ടെത്തുവാൻവേണ്ടി നാം എത്രയോ പാടുപെടാറുണ്ട്! എത്രമാത്രം കഠിനാധ്വാനം ചെയ്യാറുണ്ട്! എന്നാൽ അതുകൊണ്ടുമാത്രം നാം ജീവിതത്തിൽ സന്തോഷം കണ്ടെത്താറുണ്ടോ? ഒരിക്കലുമില്ല.
എന്നാൽ ദൈവത്തിനു പൂർണമായി നമ്മെത്തന്നെ സമർപ്പിച്ചുകൊണ്ട് അവിടുന്നു കാമിക്കുന്ന വഴികളിലൂടെ സഞ്ചരിച്ചാൽ ജീവിതത്തിൽ വിജയം സുനിശ്ചിതമാണ്. എന്നുമാത്രമല്ല ജീവിതത്തിൽ എന്തുമാത്രം നമുക്കു കഷ്ടപ്പെടേണ്ടിവന്നാലും അവയൊക്കെ സന്തോഷപൂർവം നാം അഭിമുഖീകരിക്കുകയും ചെയ്യും.
നമ്മുടെ ജീവിതം ദൈവം നമുക്കു തന്നതാണ്. ദൈവം നമുക്കു കനിഞ്ഞു നൽകിയ ജീവിതം അവിടുത്തെ കരങ്ങളിൽ സമർപ്പിച്ചുകൊണ്ട് അവിടുന്ന് ആഗ്രഹിക്കുന്നതനുസരിച്ചു നമുക്കു ജീവിക്കാം. അപ്പോൾ നമ്മുടെ ജീവിതം ധന്യമാകും, സൗഭാഗ്യപൂർണമാകും.