1815 ജൂൺ. യൂറോപ്പ് മുഴുവനും ശ്വാസമടക്കിപ്പിടിച്ചു നിന്ന ദിവസങ്ങൾ. നിരവധി ദിവസം നീണ്ട ഒരുക്കത്തിനുശേഷം, റഷ്യയുമായി സഖ്യത്തിലായിരുന്ന ബ്രിട്ടൻ ഫ്രാൻസിലെ നെപ്പോളിയനെതിരേ വാട്ടർലൂ എന്ന സ്ഥലത്തുവച്ച് ഏറ്റുമുട്ടി.
അത് 1815 ജൂൺ 18നായിരുന്നു. ഒരു ദിവസം മാത്രം നീണ്ടുനിന്ന ആ യുദ്ധത്തിൽ നെപ്പോളിയൻ പരാജയപ്പെട്ടു. ആ യുദ്ധത്തിൽ വീരനായകനായിരുന്നതു ബ്രിട്ടീഷ് സേനയെ നയിച്ച ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ എന്ന് അറിയപ്പെട്ടിരുന്ന ആർതർ വെല്ലസ്ലി ആയിരുന്നു.
ബ്രിട്ടൻ യുദ്ധം ജയിച്ചെങ്കിലും ആ വാർത്ത ലണ്ടനിലെത്താൻ കുറെ സമയമെടുത്തു. അന്നു യുദ്ധമുഖത്തെ വാർത്തകൾ എത്തിക്കാനുള്ള സംവിധാനം, കടലിൽ സന്ദേശവാഹിനി കപ്പലുകളും കരയിൽ വിവിധതരം ഫ്ലാഗുകൾ ഉപയോഗിച്ച് സന്ദേശം റിലേ ചെയ്തിരുന്ന കൂറ്റൻ ടവറുകളുമായിരുന്നു.
ഈ രീതിയിൽ സന്ദേശം അയച്ചപ്പോൾ മൂടൽമഞ്ഞു മൂലം സന്ദേശം കൃത്യമായി വായിച്ചെടുക്കാൻ ലണ്ടനിലുള്ള അധികാരികൾക്കു സാധിച്ചില്ല. അവർ കണ്ടത്, "വെല്ലിംഗ്ടൺ ഡിഫീറ്റഡ്' എന്നായിരുന്നു. അതായത്, വെല്ലിംഗ്ടൺ തോല്പിക്കപ്പെട്ടു എന്നർഥം.
ദുഃഖവും സന്തോഷവും ഈ വാർത്ത അറിഞ്ഞപ്പോൾ ലണ്ടനിലുള്ളവർ നിശബ്ദ ദുഃഖത്തിലായി. വെല്ലിംഗ്ടണിൽ അവർക്കു വലിയ വിജയപ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ, ആ സ്വപ്നങ്ങൾ പൂവണിയാതെ പോയതിൽ അവർ ആകെ നിരാശരായി. അല്പം കഴിഞ്ഞപ്പോൾ മൂടൽമഞ്ഞ് മാറി.
അപ്പോൾ, സന്ദേശം പൂർണമായി അവർ വായിച്ചെടുത്തു. അത് ഇപ്രകാരമായിരുന്നു: ""വെല്ലിംഗ്ടൺ ഡിഫീറ്റഡ് നെപ്പോളിയൻ.'' അതായത്, വെല്ലിംഗ്ടൺ നെപ്പോളിയനെ പരാജയപ്പെടുത്തി എന്നർഥം. ആ നിമിഷം ബ്രിട്ടീഷുകാർക്കുണ്ടായ സന്തോഷം നമുക്ക് ഊഹിക്കുവാൻ പോലും സാധിക്കുമോ? അവർ സന്തോഷംകൊണ്ട് തുള്ളിച്ചാടി. അവരുടെ ദുഃഖം സന്തോഷമായി മാറി.
ഈ ചരിത്രസംഭവം ദുഃഖവെള്ളിയാഴ്ചയും ഈസ്റ്റർ ഞായറാഴ്ചയും നടന്ന സംഭവങ്ങൾക്കു സാദൃശ്യമുള്ളതാണ്. ദുഃഖവെള്ളിയാഴ്ചത്തെ വാർത്ത ദൈവപുത്രനായ "യേശു തോല്പിക്കപ്പെട്ടു' എന്നതായിരുന്നു. യൂദാസിനാൽ ഒറ്റിക്കൊടുക്കപ്പെട്ട യേശു നിന്ദിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും മരിച്ച് അടക്കപ്പെടുകയും ചെയ്തു.
അപ്പോൾ, അവിടത്തെ ശിഷ്യരുടെ ആശ നശിച്ചു. പ്രതീക്ഷകൾ അസ്ഥാനത്തായി. ദുഃഖം അവരെ തളർത്തിക്കളഞ്ഞു. എന്നാൽ, ഈസ്റ്റർ രാവിലെ ദുഃഖത്തിന്റെ മൂടൽമഞ്ഞ് മാറി യഥാർഥ സന്ദേശം വെളിവാക്കപ്പെട്ടു. ആ സന്ദേശം ഇതായിരുന്നു: ""പാപവും മരണവുമായ ശത്രുവിനെ യേശു തോല്പിച്ച് അവിടന്ന് ഉത്ഥാനം ചെയ്തു.'' ഇതാണ് ഈസ്റ്റർ സന്ദേശത്തിന്റെ കാതൽ. അവിടന്ന് ഉയിർത്തെഴുന്നേറ്റു. ആ സത്യം എല്ലാം മാറ്റിമറിക്കുന്നു.
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം ഇതാണ് ദൈവപുത്രനായ യേശു മനുഷ്യരുടെ പാപപരിഹാരത്തിനായി കുരിശിൽ അതിഭീകരമായ പീഡകൾ സഹിച്ചു മരിച്ച് അടക്കപ്പെട്ടു. എന്നാൽ, മൂന്നാം ദിവസം മഹിമപ്രതാപവാനായി ഉയിർത്തെഴുന്നേറ്റു.
യേശുവിന്റെ ഉത്ഥാനം ആരുടെയും ഭാവനാസൃഷ്ടിയല്ല. അതു ചരിത്രപരമെന്നപോലെ ആധ്യാത്മികവുമായ ഒരു സംഭവമാണ്. ദുഃഖത്തെ സന്തോഷമായും മരണത്തെ നിത്യജീവനായും മാറ്റിയ ചരിത്ര സംഭവം.
പൗലോസ് അപ്പസ്തോലൻ പറയുന്നു: ""ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യർഥം'' (1 കോറിന്തോസ് 15:14). എന്നാൽ, അവിടന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നതുകൊണ്ട് നമ്മുടെ ജീവിതത്തിന് അർഥമുണ്ട്, നമ്മുടെ സഹനങ്ങൾക്കു മൂല്യമുണ്ട്, നമ്മുടെ മരണംപോലും നമ്മുടെ അവസാനമല്ല.
യേശുവിന്റെ സഹനവും മരണവും ഉത്ഥാനവും സഹനത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് അപ്പാടെ മാറ്റിമറിക്കുന്നു. യേശുവിന്റെ ജീവിതത്തിൽ കുരിശ് സഹനത്തിന്റെ പ്രതീകം മാത്രമല്ല, അതു രക്ഷയുടെ പ്രതീകംകൂടിയാണ്.
നാം യേശുവിനോടൊപ്പം ആയിരുന്നാൽ നമ്മുടെ ജീവിതത്തിലെ കുരിശുകൾ എടുത്തുമാറ്റാമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തിരുന്നില്ല. എന്നാൽ, കുരിശുകൾ താങ്ങാൻ നമുക്കു ശക്തി നൽകും. അവവഴി അവിടുന്ന് വാഗ്ദാനം ചെയ്യുന്ന രക്ഷയിൽ പങ്കുപറ്റാൻ ആ കുരിശുകൾ നമ്മെ സഹായിക്കും.
യേശുവിന്റെ സഹനമരണഉത്ഥാനങ്ങൾ മരണത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയും മാറുന്നു. യേശു മരണത്തെ അതിജീവിച്ച് ഉത്ഥാനം ചെയ്തുകൊണ്ട്, മരണം നിത്യജീവനിലേക്കുള്ള ഒരു പാതയായി മാറിയിരിക്കുകയാണ്. അവിടന്ന് പറയുന്നു: ""പുനരുത്ഥാനവും ജീവനും ഞാനാണ്. എന്നിൽ, വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും'' (യോഹന്നാൻ 11:25).
എടുത്തുമാറ്റേണ്ട കല്ലുകൾ യേശുവിന്റെ സഹനമരണഉത്ഥാനങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തെയും മാറ്റിമറിക്കുന്നു എന്നതാണ് യാഥാർഥ്യം. ഇനി ഭയത്തിൽ നാം കഴിയേണ്ടതില്ല. എന്നുമാത്രമല്ല, നമ്മുടെ ജീവിതത്തിന് പ്രത്യേക ലക്ഷ്യവും ലഭിച്ചിരിക്കുന്നു. ആ ലക്ഷ്യമാകട്ടെ അവിടത്തെ നിത്യജീവനിൽ പങ്കുചേരുക എന്നതും.
യേശുവിന്റെ ഉത്ഥാനംമൂലം നാം ഉത്ഥാനത്തിന്റെ മനുഷ്യരായി മാറിയിരിക്കുന്നു. നമ്മുടെ ദൗത്യമാകട്ടെ, അന്ധകാരമുള്ളവർക്കു യേശുവിന്റെ വെളിച്ചം എത്തിക്കുക എന്നതാണ്. അതുപോലെ നിരാശയുള്ളിടത്ത് സന്തോഷം പകർന്നുകൊടുക്കുക എന്നതും. നമ്മുടെ ഓരോ നന്മപ്രവൃത്തിയും യേശു ഉത്ഥാനം ചെയ്തു എന്നു പ്രഘോഷിക്കുന്നതിനു തുല്യമാണെന്നതാണ് വസ്തുത.
യേശുവിന്റെ ഉത്ഥാനം അവിടത്തേക്കു സംഭവിച്ച കാര്യം മാത്രമല്ല. അതു നമുക്കുകൂടി സംഭവിക്കേണ്ട കാര്യമാണ്. എന്നാൽ, അതു സംഭവിക്കാൻ നമ്മുടെ മരണംവരെ കാത്തിരിക്കേണ്ട കാര്യമില്ല. കാരണം, ജീവിച്ചിരിക്കുന്പോൾത്തന്നെ നമ്മൾ പലപ്പോഴും പലതരം ശവക്കുഴികളിലാണു കഴിയുന്നത്.
അതു ഭയത്തിന്റെയും തീവ്രദുഃഖത്തിന്റെയും വിവിധതരം അടിമത്തങ്ങളുടെയും തിന്മകളുടെയും ഏകാന്തതയുടെയും നിരാശയുടെയുമൊക്കെ ശവക്കുഴികളാവാം. എന്നാൽ, ഇതൊന്നുമല്ല അവസാനം, നിങ്ങൾക്ക് അവയിൽനിന്നൊക്കെ ഉയിർത്തെഴുന്നേൽക്കാനാവുമെന്ന് ഈസ്റ്റർ നമ്മെ അനുസ്മരിപ്പിക്കുന്നു.
ഈ ശവക്കുഴികൾ മൂടിയിരിക്കുന്ന കല്ലുകൾ എടുത്തുമാറ്റുക ദൈവത്തിന് അസാധ്യമായ കാര്യമല്ല. എന്നുമാത്രമല്ല, അവ എടുത്തുമാറ്റി ഈ ലോകത്തിൽത്തന്നെ നമുക്കു നവജീവൻ നല്കാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന് അവിടത്തെ പുത്രനായ യേശുവിന്റെ ഉത്ഥാനം നമ്മെ അനുസ്മരിപ്പിക്കുന്നു.
ഉയിർപ്പുതിരുനാൾ ആഘോഷിക്കുന്ന ഈ സന്തോഷാവസരത്തിൽ ഈ ലോകത്തിൽ അവിടന്നു നൽകുന്ന നവജീവനും വരാനിരിക്കുന്ന ലോകത്തിൽ അവിടന്നു നൽകുന്ന നിത്യജീവനും നമുക്കു സന്തോഷത്തോടെയും നന്ദിയോടെയും കൈനീട്ടി വാങ്ങാം. ഏവർക്കും ഉയിർപ്പു തിരുനാളിന്റെ മംഗളാശംസകൾ!