ജീവിതത്തിലെ വിവിധ രംഗങ്ങളില്‍ അസൂയാര്‍ഹമാംവിധം വിജയിച്ചവരായിരുന്നു ആ ഭാര്യാഭര്ത്താക്കന്മാര്. പൊന്നും പണവും വേണ്ടുവോളം സമ്പാദിച്ചു. മക്കളെയെല്ലാം വിദ്യാസമ്പന്നരും ഉന്നതജോലികളുള്ളവരുമാക്കി. ജീവിതത്തിന്റെ സായാഹ്നത്തില്‍ മനഃശാന്തിയൊഴികെ അവര്‍ക്കു മറ്റൊന്നും നേടാനില്ലായിരുന്നു.
അങ്ങനെയാണ് അവര്‍ രണ്ടുപേരും സകലസമ്പാദ്യങ്ങളും ഉപേക്ഷിച്ചു പുണ്യസങ്കേതങ്ങള്‍ തേടി പുറപ്പെട്ടത്. ഒരിക്കല്‍ തീര്ഥാടനകേന്ദ്രത്തില്നിന്നു മടങ്ങുന്ന അവസരത്തില്‍ ഭര്‍ത്താവിനു വഴിവക്കില്ക്കിടന്ന് ഒരു രത്നം കിട്ടി.
അപ്പോള്‍ അയാള്‍ ചിന്തിച്ചതു സ്വന്തം ഭാര്യയെക്കുറിച്ചാണ്. ഭാര്യ നടന്നിരുന്നത് അല്പം പിന്നിലായിരുന്നതുകൊണ്ട് തനിക്കു രത്നം കിട്ടിയ കാര്യം അവള് അറിഞ്ഞിട്ടുണ്ടാവില്ലെന്ന് അയാള്‍ കരുതി. എങ്കിലും അയാളുടെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി. രത്നത്തിന്റെ കാര്യം ഭാര്യ അറിഞ്ഞാല്‍ അവള്‍ക്കു വീണ്ടും ധനമോഹമുണ്ടാകുമെന്ന് അയാള്‍ ഭയപ്പെട്ടു. അതുകൊണ്ട് ഭാര്യ കാണാതെ അയാള്‍ രത്നം സഞ്ചിയില്‍ ഒളിച്ചുവയ്ക്കാന്‍ നോക്കി.
ഭര്‍ത്താവിന്റെ നടപ്പിന്റെ രീതിയും വെപ്രാളവും കണ്ട ഭാര്യ വേഗം അയാളുടെ പുറകേ ഓടിയെത്തി കാര്യം തിരക്കി.അപ്പോള്‍ രത്നം കിട്ടിയ കാര്യം പറയാന്‍ അയാള്‍ നിര്‍ബന്ധിതനായി. കാര്യമറിഞ്ഞ ഉടനേ ഭാര്യ പറഞ്ഞു: "രത്നവും വെറും പാറക്കല്ലും തമ്മില്‍ വ്യത്യാസമുണെ്ടന്ന് ഇപ്പോഴും നിങ്ങള്‍ക്കു തോന്നുന്നുണെ്ടങ്കില് പിന്നെ നിങ്ങളെന്തിനാണു സകലതും ഉപേക്ഷിച്ചു സന്യാസത്തിനും തീര്‍ഥാടനത്തിനുമായി ഇറങ്ങിത്തിരിച്ചത്?'
പാതയോരത്തുനിന്നു രത്നം കിട്ടിയപ്പോള്‍ അയാളുടെ ആശങ്ക ആദ്യം പോയത് സ്വന്തം ഭാര്യയുടെ കാര്യത്തിലായിരുന്നു. തനിക്കു വീണുകിട്ടിയ രത്നം കണ്ടാല്‍ അവള്‍ക്കു വീണ്ടും ധനാസക്തി ഉണ്ടായേക്കുമെന്നും അങ്ങനെ അവളുടെ പുതിയ സന്യാസജീവിതശൈലിക്കു കോട്ടം നേരിട്ടേക്കുമെന്നും അയാള്‍ ഭയന്നു. എന്നാല്‍, സത്യത്തില്‍ ആര്‍ക്കാണ് രത്നം കണ്ടപ്പോള്‍ വീണ്ടും ധനാസക്തി ഉണര്‍ന്നത്?
ഭാര്യയ്ക്കല്ലെന്നു തീര്‍ച്ച. കാരണം, രത്നം കിട്ടിയപ്പോഴുണ്ടായ അവളുടെ പ്രതികരണം അതാണു വ്യക്തമാക്കുന്നത്.
നന്മയുടെയും പുണ്യത്തിന്റെയുമൊക്കെ കാര്യം വരുമ്പോള്‍ നമ്മുടെ കാര്യത്തിലെന്നതിനെക്കാളേറെ മറ്റുള്ളവരുടെ കാര്യത്തിലല്ലേ പലപ്പോഴും നമ്മുടെ ശ്രദ്ധ? മറ്റുള്ളവരാരെങ്കിലും ഏതെങ്കിലുമൊരു കൊച്ചു തെറ്റു ചെയ്താല്‍ നമുക്കു കലിയായി. അതുപോലെ അവരുടെ ഏതെങ്കിലുമൊരു ജോലിയില്‍ അല്പം വീഴ്ചവന്നാല്‍ നമുക്ക് വിമ്മിട്ടമായി. പിന്നെ, അവരെ "നന്നാക്കി'യാലല്ലാതെ നാം അടങ്ങുകയില്ല.
മറ്റുള്ളവര്‍ക്കാര്‍ക്കും തെറ്റുവരാന്‍ പാടില്ലെന്നാണ് പലപ്പോഴും നമ്മുടെ ചിന്താരീതിയും പ്രവര്‍ത്തനശൈലിയും വ്യക്തമാക്കുന്നത്. മറ്റുള്ളവര്‍ക്കു തെറ്റുവരാതിരിക്കാനും അവര്‍ക്കു തെറ്റുണ്ടായാല്‍ എത്രയും വേഗം അവരെക്കൊണ്ടു തിരുത്തിക്കാനുമാണു നാം പലപ്പോഴും ഏറെസമയം കളയുന്നത്.
എന്നാല്‍, ഇങ്ങനെയുള്ള അവസരങ്ങളില്‍ അല്പസമയത്തേക്കെങ്കിലും നമ്മുടെ ഉള്ളിലേക്കും നമ്മുടെ പ്രവര്ത്തനരീതിയിലേക്കും കടന്നുചെല്ലാന്‍ സാധിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! വഴിവക്കില്‍നിന്നു രത്നം കിട്ടിയപ്പോള്‍ വീണ്ടും ധനാസക്തി ഉടലെടുത്തത് ഭര്‍ത്താവിലായിരുന്നു. എങ്കിലും, അതേക്കുറിച്ച് അല്പംപോലും ബോധവാനാകാതെ ഭാര്യയുടെ പുണ്യം കാത്തുരക്ഷിക്കുന്നതിലായിരുന്നു അയാളുടെ ആശങ്ക.
മറ്റുള്ളവരെ കുറ്റംവിധിക്കാനും അവരെ നന്നാക്കാനും നമുക്കുള്ള വ്യഗ്രതയില്‍ കുറെയെങ്കിലും നാം സ്വന്തംകാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ നമ്മുടെ ലോകം എത്രപണേ്ട മെച്ചപ്പെടുമായിരുന്നു! മറ്റുള്ളവരുടെ ജീവിതത്തിലെ തെറ്റുകുറ്റങ്ങള്‍ കാണുമ്പോള്‍ നമുക്ക് കലിവരാറില്ലേ? എന്നാല്‍, നമ്മുടെ ജീവിതത്തില്‍ തെറ്റുകുറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ നമ്മുടെ പ്രതികരണമെന്താണ്? സ്വാഭാവികമായും നാം സ്വയം നീതീകരിക്കാന്‍ ശ്രമിക്കും. മറ്റു പോംവഴികളൊന്നുമില്ലാതെവന്നാല് മാത്രം നാം അവയ്ക്കു പരിഹാരം ചെയ്യാനും അങ്ങനെയുള്ള പ്രവര്ത്തനശൈലിയില്നിന്നു മാറാനും ശ്രമിക്കും.
സമൂഹത്തിലെ നേതാക്കളുടെ ആത്മാര്ഥതയില്ലായ്മയെക്കുറിച്ചും അവര്‍ കാട്ടിക്കൂട്ടുന്ന അഴിമതികളെക്കുറിച്ചുമൊക്കെ നാം വാതോരാതെ പ്രസംഗിക്കാറില്ലേ? അതുപോലെ, നമ്മുടെ അയല്‍ക്കാരുടെ ജീവിതത്തിലുണ്ടാകുന്ന കൊച്ചുകൊച്ചു കുറ്റങ്ങള്‍ക്കുപോലും നാം അവരെ താറടിക്കാറില്ലേ? എന്നാല്‍ യഥാര്‍ഥത്തില്‍, അവര്‍ നന്മ മാത്രം ചെയ്യണമെന്നും അവര്‍ക്കു നല്ലതുമാത്രം സംഭവിക്കണമെന്നും നാം ആഗ്രഹിക്കുന്നതുകൊണ്ടാണോ ഇങ്ങനെയൊക്കെ നാം പ്രവര്‍ത്തിക്കാറുള്ളത്? നമ്മുടെ ഉള്ളിന്റെ ഉള്ളറകളിലേക്കിറങ്ങിച്ചെന്നു നാം ചോദിക്കേണ്ട ചോദ്യങ്ങളാണിവ.
നമ്മുടെ ചിന്തയും പ്രവര്‍ത്തനങ്ങളുമൊക്കെ പലപ്പോഴും നല്ലവഴിക്കല്ല നീങ്ങുന്നത് എന്നതില്‍ സംശയമില്ല. അതുകൊണ്ട് ഇടയ്ക്കിടെ നാം ആത്മപരിശോധന നടത്തുകയും മറ്റുള്ളവരെക്കൊണ്ടു നന്മ ചെയ്യിപ്പിക്കുന്നതിലേറെ നമ്മെക്കൊണ്ടുതന്നെ നന്മ ചെയ്യിപ്പിക്കാന്‍ യത്നിക്കുകയുംവേണം.
മറ്റുള്ളവരില്‍ തിന്മയും ദൗര്‍ബല്യങ്ങളും കാണാനിടയാകുമ്പോള്‍ അവരെ കുറ്റംവിധിക്കാനല്ല നാം ഉത്സാഹിക്കേണ്ടത്. ആദ്യം മുതിരുക. മറ്റുള്ളവരില്‍ നാം കാണാനിടയാകുന്ന കുറ്റങ്ങള്‍ നമ്മിലുമുണേ്ടാ എന്നു പരിശോധിക്കുകയും ഉണെ്ടങ്കില്‍ അവ തിരുത്തുകയും ചെയ്യുന്നതിലായിരിക്കണം ആദ്യം നമ്മുടെ ശ്രദ്ധ. അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്പോലും അധികാരത്തിന്റെ പേരുപറഞ്ഞ് മറ്റുള്ളവരെ തിരുത്താനും ശാസിക്കാനും പോകുന്നതിനുമുമ്പ് സൂക്ഷ്മമായ ആത്മപരിശോധനയ്ക്കു തയാറാകുകതന്നെ വേണം.
തെറ്റു തിരുത്തിക്കാനും നന്മ ചെയ്യിക്കാനും തിന്മ ഒഴിവാക്കാനും നമുക്ക് ആഗ്രഹവും ആവേശവും വേണം. എന്നാല്‍, ആദ്യം അതു സ്വന്തം കാര്യത്തില്ത്തന്നെയാവട്ടെ. സ്വന്തം കാര്യത്തിലുള്ള ഈ ഉത്തരവാദിത്വം പൂര്‍ണമായി നിര്‍വഹിക്കാതെ മറ്റുള്ളവരുടെ ഇമ്മാതിരി കാര്യങ്ങളിലേക്കു നമുക്കു കടക്കാനവകാശമില്ലെന്നു നമുക്ക് മറക്കാതിരിക്കാം.