കുറെ വർഷങ്ങൾക്കു മുൻപ് അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേർണലിൽ ഡോ. പോൾ റസ്കിൻ എന്ന മെഡിക്കൽ പ്രഫസർ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. വാർധക്യത്തിന്റെ വിവിധ ഘട്ടങ്ങൾ എന്നതായിരുന്നു ആ ലേഖനത്തിന്റെ പേര്. ആ ലേഖനത്തിൽ അദ്ദേഹം മെഡിക്കൽ വിദ്യാർഥികളുമായി പങ്കുവച്ച ഒരു സംഭവം വിവരിക്കുന്നുണ്ട്.
ഡോ. റസ്കിന്റെ പരിചരണത്തിൽ കഴിയുന്ന ഒരാളെക്കുറിച്ചുള്ള കേസ് സ്റ്റഡിയായിരുന്നു അത്. ഇപ്രകാരമാണ് അദ്ദേഹം അതു വിവരിച്ചത്: ""എന്റെ പരിചരണത്തിലുള്ള ആൾ സംസാരിക്കുകയോ ഞാൻ പറയുന്നതു ശരിക്കു മനസിലാക്കുകയോ ചെയ്യുന്നില്ല. ചിലപ്പോൾ ആ വ്യക്തി നമുക്ക് ഒന്നും മനസിലാകാത്ത രീതിയിൽ എന്തൊക്കെയോ പുലന്പിക്കൊണ്ടിരിക്കും.
ആളും സമയവും സ്ഥലവും സംബന്ധിച്ച് അയാൾക്ക് ഒരു അവബോധവുമില്ല. എന്നാൽ, ആളുടെ പേര് വിളിച്ചാൽ നമ്മെ ശ്രദ്ധിക്കും. കഴിഞ്ഞ ആറു മാസമായി ഈ വ്യക്തിയുമായി ബന്ധപ്പെട്ടു ഞാൻ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, സ്വന്തം കാര്യങ്ങൾ പോലും ശ്രദ്ധിക്കുകയോ അതിനു പരിശ്രമിക്കുകയോ ചെയ്യുന്നില്ല. ഈ ആളിനു ഭക്ഷണം എടുത്തു കൊടുക്കണം, കുളിപ്പിക്കണം, വസ്ത്രം ധരിപ്പിക്കണം.''
ഇത്രയും പറഞ്ഞിട്ട് ഡോ. റസ്കിൻ വിദ്യാർഥികളുടെ പ്രതികരണത്തിനായി അല്പ നിമിഷം നിശബ്ദനായിനിന്നു. എന്നിട്ട്, അദ്ദേഹം തുടർന്നു: ""ഈ ആളിന് പല്ല് ഇല്ലാത്തതുകൊണ്ട് എല്ലാം ദ്രാവകരൂപത്തിൽ കൊടുക്കണം. വായിൽനിന്ന് എപ്പോഴും ഉമിനീർ ഊറിവരുന്നതുകൊണ്ട് വസ്ത്രം മിക്കപ്പോഴും അഴുക്കായിരിക്കും.
ഇദ്ദേഹത്തിന് എഴുന്നേറ്റ് നടക്കാനാവില്ല. ഉറക്കത്തിനു പ്രത്യേക സമയമൊന്നുമില്ല. ചിലപ്പോൾ, അർധരാത്രിയിൽ ഉണർന്നു നിലവിളിക്കും. എന്നാൽ, ദിവസത്തിന്റെ ഭൂരിഭാഗസമയവും വലിയ ശല്യമുണ്ടാക്കില്ല. ഇനി ശല്യമുണ്ടാക്കിയാൽത്തന്നെ ആരെങ്കിലും ആശ്വസിപ്പിക്കാൻ ശ്രമിച്ചാൽ അപ്പോൾ ആൾ ശാന്തമാകും.''
ആരാണ് ആ വ്യക്തി? ഈ കേസ് സ്റ്റഡി അവതരിപ്പിച്ച ശേഷം ഡോ. റസ്കിൻ ചോദിച്ചു: ""ഈ ആളുടെ പരിചരണം ഏറ്റെടുക്കാൻ നിങ്ങൾ ആരെങ്കിലും തയാറാണോ?''പക്ഷേ, ആ ചോദ്യത്തിനു മറുപടി ഉണ്ടായില്ല. ഇമ്മാതിരിയുള്ള പരിചരണം ഒരാൾക്ക് നല്കുന്നതിനെക്കുറിച്ച് അവർക്ക് ആലോചിക്കാൻ പോലും സാധിക്കുമായിരുന്നില്ല.
അപ്പോൾ ഡോ. റസ്കിൻ പറഞ്ഞു: ""ഈ ആളിനെ പരിചരിക്കാൻ നിങ്ങളിലാരും മുന്നോട്ടുവരാത്തതിൽ എനിക്ക് അതിശയമുണ്ട്. കാരണം, മറ്റാരെയുംകാൾ ഈ ആളെ പരിചരിക്കാനാണ് എനിക്ക് ഏറെ ഇഷ്ടം. അങ്ങനെ പരിചരിക്കുന്നതുവഴി എനിക്ക് ഏറെ സന്തോഷം അനുഭവപ്പെടുന്നു.
എന്നു മാത്രമല്ല, ഈ വ്യക്തിയിൽനിന്ന് ഓരോ ദിവസവും ഞാൻ ഏറെ പഠിക്കുകയും ചെയ്യുന്നു. അതിൽ പ്രധാനപ്പെട്ടതു നന്ദിയുടെ ആഴമാണ്. രണ്ടാമതായി പൂർണമായ ആശ്രയബോധവും. മൂന്നാമതായി നിബന്ധനകളില്ലാത്ത സ്നേഹത്തിന്റെ ശക്തിയും.''
ഇത്രയും പറഞ്ഞ ശേഷം അദ്ദേഹം ആ വ്യക്തിയുടെ ഒരു ഫോട്ടോ അവരെ കാണിച്ചു. ആ ഫോട്ടോയാകട്ടെ അദ്ദേഹത്തിന്റെ ആറു മാസം പ്രായമുള്ള പുന്നാരമോളുടേതും! ഡോ. റസ്കിൻ തന്റെ പരിചരണത്തിൻ കീഴിലുള്ള ആളെക്കുറിച്ചു പറഞ്ഞതെല്ലാം യാഥാർഥ്യമായിരുന്നു.
എന്നാൽ, അവയൊന്നും അദ്ദേഹത്തിനു ഭാരമായി തോന്നിയില്ല. നേരേ മറിച്ച്, ആ ക്ലേശങ്ങളെല്ലാം ആനന്ദം പകരുകയായിരുന്നു ചെയ്തത്. എന്തായിരുന്നു അതിനു കാരണം? ഒരു പിതാവിനു മകളോടുള്ള അതീവ സ്നേഹമാണ് നേരിട്ട ബുദ്ധിമുട്ടുകളെല്ലാം അദ്ദേഹത്തിനു സന്തോഷദായകമായി മാറ്റിയത്. അതായത്, അദ്ദേഹത്തിൽ കുടികൊണ്ട സ്നേഹം നേരിട്ട ബുദ്ധിമുട്ടുകൾക്കു പുതിയൊരു മാനം നല്കി.
ദൈവവചനം പറയുന്നു: ""സ്നേഹം സകലതും സഹിക്കുന്നു; സകലതും വിശ്വസിക്കുന്നു; സകലതും പ്രത്യാശിക്കുന്നു; സകലത്തെയും അതിജീവിക്കുന്നു'' (1 കോറി 13: 7). ഡോ. റസ്കിൻ വിവരിക്കുന്ന സ്നേഹം നിബന്ധനകൾ ഉണ്ടായിരുന്ന സ്നേഹമായിരുന്നില്ല.
അത്, ഒരു പിതാവിനു മകളോടുള്ള കറകളഞ്ഞ സ്നേഹമായിരുന്നു; നിസ്വാർഥമായ സ്നേഹമായിരുന്നു. ഈ സ്നേഹമാകട്ടെ, ദൈവത്തിനു നാം ഓരോരുത്തരോടുമുള്ള സ്നേഹത്തിന്റെ പ്രതിഫലനവും.
സഹനത്തിന്റെ സൗന്ദര്യം ഡോ. റസ്കിൻ തന്റെ പുന്നാരമോൾക്കു വേണ്ടി ഓരോ ദിവസവും എന്തെല്ലാം ത്യാഗങ്ങളാണ് സഹിച്ചത്. എന്നാൽ, അവയൊന്നും അദ്ദേഹത്തിനു ത്യാഗമായി തോന്നിയില്ല. പകരം, അതീവ സന്തോഷം നല്കുന്ന അനുഗ്രഹ നിമിഷങ്ങളായി അനുഭവപ്പെട്ടു.
എന്താണ് ഇതിന്റെ അർഥം? സ്നേഹത്തിന്റെ വീക്ഷണകോണിൽക്കൂടി നോക്കുന്പോൾ യാഥാർഥ്യത്തിനു പോലും മാറ്റം സംഭവിക്കുന്നു. അതായത്, ത്യാഗവും സഹനവും അതല്ലാതായി മാറുന്നു. പകരം, അവ സന്തോഷദായകമാകുന്നു. സ്നേഹത്തിന്റെ മാസ്മരികശക്തിയാണത്!
നാം മാതാപിതാക്കളെ ശരിക്കും സ്നേഹിക്കുന്നുണ്ടോ? എങ്കിൽ, അവർക്കുവേണ്ടി സഹിക്കുന്ന ത്യാഗങ്ങളെല്ലാം ത്യാഗങ്ങളായിട്ടായിരിക്കുകയില്ല അനുഭവപ്പെടുക. പകരം, അവരോട് നമ്മുടെ സ്നേഹം പ്രകടമാക്കാനുള്ള സുവർണാവസരമായിട്ടായിരിക്കും തോന്നുക.
നാം മറ്റുള്ളവർക്കുവേണ്ടി സഹിക്കുന്ന ക്ലേശങ്ങൾ എപ്പോഴായിരിക്കും ശരിക്കും ക്ലേശങ്ങളായി മാറുക? അത്, അവർ നമുക്ക് അന്യരാകുന്പോഴല്ലേ? അതായത്, നമുക്ക് അവരോടു സ്നേഹമില്ലാതെ വരുന്പോഴല്ലേ? ദൈവവചനം പറയുന്നതുപോലെ, നമുക്കു സ്നേഹമുണ്ടെങ്കിൽ നാം സകലതും സന്തോഷത്തോടെ സഹിക്കും.
അതായത്, നാം ധരിക്കുന്ന കണ്ണടയാണ് കാര്യങ്ങൾ മാറ്റിമറിക്കുന്നത്. നാം ധരിക്കുന്നതു സ്നേഹത്തിന്റെ കണ്ണടയാണോ? അപ്പോൾ, നമ്മുടെ സഹനവും സന്തോഷമായി മാറും. ഡോ. റസ്കിന്റെ അനുഭവം അതാണ് നമ്മെ അനുസ്മരിപ്പിക്കുന്നത്.