ഇൻഗ്രിഡ് ബെർഗ്മൻ അതിമനോഹരമായ അഭിനയം കാഴ്ചവച്ച പ്രസിദ്ധമായൊരു ചലച്ചിത്രമാണ് ജോൻ ഓഫ് ആർക്, വാൾട്ടർ വാംഗ്നർ നിർമിച്ച ഈ ഐതിഹാസിക ചിത്രം സംവിധാനം ചെയ്തിരിക്കുന്നതു വിക്ടർ ഫ്ളെമിംഗാണ്.
പതിനഞ്ചാം നൂറ്റാണ്ടിലെ ഫ്രാൻസിന്റെയും ഫ്രാൻസിന്റെ വീരനായികയായ ജോൻ ഓഫ് ആർക് എന്ന ഗ്രാമീണപെണ്കൊടിയുടെയും കഥ പറയുന്ന ഈ ചിത്രം എല്ലാരീതിയിലും വൻവിജയമായിരുന്നു.
ഫ്രാൻസിലെ ലൊറെയ്ൻ എന്ന കൊച്ചുഗ്രാമത്തിൽ ജീവിച്ചിരുന്ന ജോനു ദൈവത്തിന്റെ സന്ദേശം ആദ്യമായി ലഭിച്ചത് 1428ൽ ആയിരുന്നു. എന്തായിരുന്നെന്നോ ഈ പതിനാറുകാരിക്കു ലഭിച്ച സന്ദേശം? നൂറു വർഷത്തിലേറെയായി ബ്രിട്ടനുമായി ഏറ്റുമുട്ടി തോറ്റു നശിച്ചുകൊണ്ടിരുന്ന ഫ്രാൻസിനു ജോൻ നേതൃത്വം കൊടുക്കണം! ബ്രിട്ടനെ ഫ്രാൻസിന്റെ മണ്ണിൽനിന്നു പായിച്ചു ഫ്രാൻസിനെ വീണ്ടും ശരിക്കും സ്വതന്ത്രയാക്കണം!
ദൈവത്തിന്റെ ഈ സന്ദേശമുണ്ടായപ്പോൾ അവൾ ആദ്യം ഓടിയൊളിക്കാനാണ് ശ്രമിച്ചത്. അബലയായ താൻ എങ്ങനെ ഫ്രാൻസിനു നേതൃത്വം നൽകുമെന്നായിരുന്നു അവളുടെ ചിന്ത.
എന്നാൽ, ദൈവത്തിന്റെ സ്വരം വീണ്ടും വീണ്ടും അവൾ കേട്ടപ്പോൾ അവൾക്ക് ആത്മധൈര്യം ലഭിച്ചു. ദൈവത്തിന്റെ ശക്തിയിലാശ്രയിച്ചുകൊണ്ട് അവൾ ചാൾസ് രാജാവിനെ മുഖംകാണിക്കുവാനെത്തി. രാജസന്നിധിയിലെത്തിയ അവൾ ധൈര്യസമേതം ദൈവത്തിന്റെ സന്ദേശം രാജാവിനെ അറിയിച്ചു.
ബ്രിട്ടനോട് ഏറ്റുമുട്ടാനാണു ദൈവത്തിന്റെ സന്ദേശം എന്നു കേട്ടപ്പോൾ രാജാവിന്റെ കാൽമുട്ടുകൾ കൂട്ടിയിടിച്ചു. പേരിൽ മാത്രം രാജാവായിരുന്ന അദ്ദേഹത്തിന് അല്പംപോലും ആത്മവിശ്വാസമില്ലായിരുന്നു. അക്കാര്യം രാജാവ് അവളോടു തുറന്നുപറയുകയും ചെയ്തു.
ഉടനേ ജോൻ പറയുകയാണ്: സ്വന്തം ശക്തിയെക്കുറിച്ചുള്ള സംശയങ്ങൾ അങ്ങു മാറ്റിവയ്ക്കൂ. അങ്ങേയ്ക്കു വേണ്ടതു ദൈവത്തിലുള്ള വിശ്വാസമാണ്. അപ്പോൾ, അങ്ങേയ്ക്ക് അങ്ങയിൽത്തന്നെ വിശ്വാസമുണ്ടാകും.
ജീവിതവിജയത്തിന് ഏറെ ആവശ്യമുള്ള ഗുണങ്ങളിലൊന്നാണ് ആത്മവിശ്വാസം. പക്ഷേ, പലപ്പോഴും ഈ ഗുണം നമ്മിൽനിന്ന് ഏറെ അകന്നുനിൽക്കുന്നു എന്നതാണു വസ്തുത. നമുക്ക് ആവശ്യത്തിനുമാത്രമുള്ള ആത്മവിശ്വാസമില്ലാത്തതുകൊണ്ടു നാം വിജയിക്കേണ്ട പലയിടത്തും പരാജയപ്പെട്ടുപോകുന്നു.
ആത്മവിശ്വാസമില്ലാത്ത അബലയായിരുന്നു ജോൻ ഓഫ് ആർക്. എന്നാൽ, ദൈവത്തിൽ അവൾ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തപ്പോൾ അവൾക്ക് ആത്മവിശ്വാസം താനേ ഉണ്ടായി. തന്മൂലമാണ്, ആത്മവിശ്വാസം ഉണ്ടാകുവാൻ ആദ്യം വേണ്ടതു ദൈവത്തിലുള്ള ഉറച്ച വിശ്വാസമാണ് എന്ന് അവൾ രാജാവിനോടു പറഞ്ഞത്.
ആത്മവിശ്വാസം ഉണ്ടാകുന്നതിനു നമുക്കും ആദ്യം വേണ്ടത് നമ്മുടെ സ്നേഹപിതാവായ ദൈവത്തിലുള്ള ഉറച്ചവിശ്വാസമാണ്. ദൈവത്തിൽ ഉറച്ചവിശ്വാസം നമുക്കുണ്ടെങ്കിൽ അതിന്റെ ഫലമായി ശരിയായ ആത്മവിശ്വാസം നമുക്കുണ്ടായിക്കൊള്ളും.
ബ്രിട്ടനെതിരായി പടയാളികളെ അണിനിരത്തുന്നതിനിടയിൽ ജോൻ ഒരിക്കൽ പടയാളികളോടു പറഞ്ഞു: നമ്മിലും നമ്മുടെ കൈകളിലും യാതൊരു ശക്തിയുമില്ല. നാം ദൈവത്തിന്റെ പടയാളികളായി മാറിയാലേ നമുക്കു വിജയിക്കാനാവൂ.
അവൾ പറഞ്ഞത് എത്രയോ ശരി! നാം നമ്മിൽത്തന്നെ ആശ്രയിച്ചാൽ നമുക്കൊന്നും നേടാനാവില്ല. എന്നാൽ, ദൈവത്തിന്റെ ശക്തിയിലാശ്രയിച്ചാൽ ആത്മവിശ്വാസത്തോടെ നമുക്കു പോരാടാനും വിജയിക്കാനും സാധിക്കുമെന്നതിൽ സംശയംവേണ്ട.
ദൈവത്തിന്റെ പടയാളികളായി മാറി ആത്മവിശ്വാസത്തോടെ യുദ്ധംചെയ്തു വിജയിക്കുവാൻ പോരാളികളെ ഉപദേശിച്ച ഒരവസരത്തിൽ ജോൻ അവരോടു പറഞ്ഞു: നമുക്കു വിജയം ലഭിക്കണമെങ്കിൽ നാം ആ വിജയം അർഹിക്കുന്നവരാകണം. അപ്പോൾ പടയാളികൾ ജോനോടു ചോദിച്ചു: അതിനു ഞങ്ങൾ എന്തുചെയ്യണം?
ഈ ചോദ്യത്തിനു ജോൻ കൊടുത്ത മറുപടി ശ്രദ്ധേയമായിരുന്നു. അവൾ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ ആത്മാക്കളെ കഴുകി ശുദ്ധമാക്കുക.
നമ്മിൽ ശരിയായ ആത്മവിശ്വാസം എപ്പോഴും ഉണ്ടാകണമെങ്കിൽ നമ്മുടെ മനസ്സും ഹൃദയവും എപ്പോഴും ശുദ്ധമായിരിക്കുവാൻ നാം ശ്രദ്ധിച്ചേ മതിയാകൂ. അഴുക്കുപുരണ്ട ആത്മാവിൽ ശരിയായ ആത്മവിശ്വാസം ഒരിക്കലും കുടികൊള്ളുകയില്ല എന്നതാണു സത്യം.
ദൈവത്തിലുള്ള നമ്മുടെ വിശ്വാസവും നമ്മിലുള്ള അവിടുത്തെ സാന്നിധ്യവുമാണ് നമ്മുടെ ആത്മവിശ്വാസത്തിന്റെ കാതൽ. തന്മൂലം നമ്മുടെ ദൈവവിശ്വാസവും നമ്മിലുള്ള അവിടുത്തെ സാന്നിധ്യത്തിന്റെ ഏറ്റക്കുറച്ചിലുമനുസരിച്ചായിരിക്കും നമ്മുടെ ആത്മവിശ്വാസവും നിലകൊള്ളുന്നത്.
ജോന്റെ കഥയിലേക്കു മടങ്ങിവരട്ടെ: ജോൻ നേതൃത്വംനൽകിയ ഫ്രഞ്ച്പടയാളികൾ ബ്രിട്ടനെതിരേ ഒന്നൊന്നായി പല നേട്ടങ്ങൾ നേടി. ഫ്രാൻസിലെ തങ്ങളുടെ അവസാനതാവളവും ഉപേക്ഷിക്കേണ്ടിവരുമെന്നു കണ്ടപ്പോൾ ബ്രിട്ടീഷുകാർ ജോന്റെ അറിവുകൂടാതെ ഫ്രാൻസിലെ രാജാവുമായി സന്ധിയുണ്ടാക്കി.
അംഗീകരിക്കാവുന്ന നടപടിയായിരുന്നില്ല ഇത്. അവൾ ബ്രിട്ടനുമായി യുദ്ധം തുടർന്നു. പക്ഷേ, ഇത്തവണ അവൾ തടവുകാരിയാക്കപ്പെടുകയും ബ്രിട്ടീഷുകാർ അവളെ തീയിൽ ചുട്ടെരിക്കുകയും ചെയ്തു. ജോനെ രക്തസാക്ഷിയാക്കി മാറ്റിയ ഈ സംഭവത്തോടുകൂടിയാണ് സിനിമയിലെ കഥ അവസാനിക്കുന്നത്.
ഒറ്റനോട്ടത്തിൽ പരാജയമെന്നു തോന്നാവുന്ന അവളുടെ അന്ത്യം യഥാർഥത്തിൽ വൻവിജയമായിരുന്നു. കാരണം, ഈ രക്തസാക്ഷിത്വംവഴിയാണ് അവൾ ഫ്രാൻസിന്റെ വീരനായികയായി മാറുകയും വിശുദ്ധയായി സഭയിൽ പിന്നീട് പ്രഖ്യാപിക്കപ്പെടുകയും ചെയ്തത്.
ജോന്റെ ആത്മവിശ്വാസം ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തിൽനിന്ന് ഉടലെടുത്തതായിരുന്നു. ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ ആത്മവിശ്വാസം നമുക്കും രൂപപ്പെടുത്താൻ ശ്രമിക്കാം. അങ്ങനെയുള്ള ആത്മവിശ്വാസം തീർച്ചയായും വിജയത്തിലേക്കു നമ്മെ നയിക്കും.