1618 മുതൽ 1648 വരെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന യുദ്ധങ്ങളുടെ ഒരു പരന്പരയാണു ‘തേർട്ടി ഇയേഴ്സ് വാർ’ എന്നു ചരിത്രത്തിൽ അറിയപ്പെടുന്നത്. ഈ യുദ്ധങ്ങളുടെ കാരണങ്ങൾ പലതാണ്. അതിൽ രാഷ്ട്രീയവും മതവും സാന്പത്തികവുമൊക്കെ ഉൾപ്പെടും. എന്നാൽ, അവയൊന്നുമല്ല ഇവിടെ പരാമർശ വിഷയം.
ദീർഘനാൾ നീണ്ട ഈ യുദ്ധങ്ങളുടെ ഫലമായി ഏറെ ദുരിതമനുഭവിച്ചതു ജർമൻ പ്രദേശങ്ങളായിരുന്നു. അതിൽത്തന്നെ ഏറ്റവും വലിയ ഇര സാക്സണിയിലുള്ള ഐലൻബർഗ് എന്ന പട്ടണവും. ചുറ്റും മതിലുകൾകെട്ടി സുരക്ഷിതമാക്കിയ ഒരു പട്ടണമായിരുന്നു അത്.
തന്മൂലം യുദ്ധകാലത്തു ധാരാളം അഭയാർഥികൾ അവിടെ സുരക്ഷാസങ്കേതം തേടി. അതേത്തുടർന്ന് ആ പട്ടണത്തിൽ ഭക്ഷണക്ഷാമം രൂക്ഷമായി. അതിനിടെ, പ്ലേഗ്ബാധ മൂലം ആളുകൾ മരിച്ചുവീഴാൻ തുടങ്ങി.
സർവതും പോയിട്ടും ആ സമയത്ത് പട്ടണത്തിൽ സേവനമനുഷ്ഠിച്ചിരുന്ന പ്രോട്ടസ്റ്റന്റ് പുരോഹിതനായിരുന്നു മാർട്ടിൻ റിങ്കർട്. പ്ലേഗ് മൂലം ആ പട്ടണത്തിലുണ്ടായിരുന്ന മറ്റു പുരോഹിതരെല്ലാം മൃതിയടഞ്ഞു. തന്മൂലം റിങ്കർട് തന്നെയായിരുന്നു എല്ലാ മൃതസംസ്കാരത്തിനും കാർമികത്വം വഹിച്ചിരുന്നത്. ഒരു വർഷം മാത്രം അയ്യായിരത്തോളം ആളുകളെ അദ്ദേഹം സംസ്കരിച്ചിട്ടുണ്ടെന്നാണു ചരിത്രം പറയുന്നത്. അക്കൂട്ടത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും ഉൾപ്പെട്ടിരുന്നു.
ഇത്ര ദാരുണമായ ഒരു കാലഘട്ടത്തിലാണ് ഇന്നും പാശ്ചാത്യ ദേവാലയങ്ങളിൽ പാടുന്ന "നൗ താങ്ക് വി ഓൾ ഔവർ ഗോഡ്' എന്ന അവിസ്മരണീയ ഗാനം റിങ്കർട് രചിച്ചത്. ആ ഭക്തിഗാനത്തിന്റെ ആദ്യ ഈരടികൾ ഇപ്രകാരമാണ് ഇപ്പോൾ നമുക്കു നന്ദി അറിയിക്കാം ദൈവത്തോട് ഹൃദയംകൊണ്ടും കൈകൾകൊണ്ടും ശബ്ദംകൊണ്ടും, അദ്ഭുത കാര്യങ്ങൾ ചെയ്തവൻ അവനിൽ ലോകം സന്തോഷിക്കുന്നു.
തനിക്കു ചുറ്റും മരണം ഉറഞ്ഞുതുള്ളി തന്റെ ഉറ്റവരെയും അജഗണങ്ങളെയും കവർന്നപ്പോൾ അദ്ദേഹം അലറിവിളിക്കുകയോ ദൈവത്തെ പഴിപറയുകയോ ആണോ ചെയ്തത്. അല്ലേയല്ല. പകരം, എല്ലാ കാര്യങ്ങൾക്കും ദൈവത്തിനു നന്ദി പറയുകയാണ് ചെയ്തത്. അങ്ങനെയാണ് ഇപ്പോൾ നമുക്കു നന്ദി അറിയിക്കാം, ദൈവത്തോട് എന്ന ഗാനം അദ്ദേഹത്തിന്റെ ഹൃദയത്തിൽനിന്ന് ഒഴുകിയെത്തിയത്.
എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം എന്നു ദൈവവചനം പറയുന്നു (1 തെസ 518). അതായത്, എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്പോൾ മാത്രമല്ല, അല്ലാത്ത സമയത്തും നാം ദൈവത്തിനു നന്ദി പറയണം. അതാണ് റിങ്കർട്ടിനു സാധിച്ചത്. അതിനു കാരണം, അദ്ദേഹത്തിന്റെ അടിയുറച്ച ദൈവവിശ്വാസവും പരിപാലനയിലുള്ള ആശ്രയത്വവും.
എന്നാൽ, നമ്മെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അങ്ങനെയല്ല. ജീവിതത്തിൽ കാർമേഘങ്ങൾ കടന്നുകൂടാൻ തുടങ്ങുന്പോൾ മുതൽ നാം അസ്വസ്ഥരാകും. അതു പിന്നെ ആവലാതിയിലേക്കും അസംതൃപ്തിയിലേക്കും നയിക്കും.
തന്മൂലം ദൈവത്തിന്റെ വഴികൾ മനസിലാക്കാനാകാതെ ചിലപ്പോഴെങ്കിലും ദൈവത്തെ പഴിപറയുകയും ചെയ്യും. അപ്പോൾ നാം മറന്നുപോകുന്ന ഒരു കാര്യമുണ്ട്. അതായത്, നമുക്കു യഥാർഥത്തിൽ വേണ്ടത് ദൈവത്തിന്റെ കൃപ മാത്രമാണെന്ന കാര്യം.
യേശുവിന്റെ സ്നേഹസന്ദേശം പ്രചരിപ്പിക്കാൻ മറ്റാരേയുംകാൾ അധ്വാനിച്ച അപ്പസ്തോലനായിരുന്നു സെന്റ് പോൾ. കോറിന്തോസുകാർക്കുള്ള രണ്ടാം ലേഖനത്തിൽ അദ്ദേഹം പറയുന്നതനുസരിച്ച്, അദ്ദേഹത്തെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്ന ഒരു വലിയ പ്രശ്നം ഉണ്ടായിരുന്നു.
അതു മാറിക്കിട്ടാൻ മൂന്നു പ്രാവശ്യം അദ്ദേഹം കർത്താവിനോട് അപേക്ഷിച്ചു. എന്നാൽ, അതു മാറ്റിക്കൊടുത്തില്ല. പകരം കർത്താവ് പൗലോസിനോടു പറഞ്ഞത് നിനക്ക് എന്റെ കൃപ മതി എന്നാണ്.ദൈവത്തിന്റെ കൃപയുണ്ടെങ്കിൽ ഏതു പ്രതിസന്ധിയെയാണ് തരണം ചെയ്യാനാവാത്തത്?. ഏതു ദുഃഖമാണ് താങ്ങാനാകാതെ വരിക. കർത്താവിന്റെ കൃപ മൂലം പൗലോസിന് എല്ലാം സഹിക്കാനും അവസാനം രക്തസാക്ഷിത്വം വരിക്കാനും സാധിച്ചു.
ഇക്കാര്യം റിങ്കർട്ട് നന്നായി മനസിലാക്കിയിരുന്നു. അതുകൊണ്ടാണ് ഭക്തിഗാനത്തിൽ അദ്ദേഹം തുടർന്ന് ഇപ്രകാരം എഴുതിയത്. തൃപ്തിയിൽ നിലനിൽക്കാൻ അവൻ നമ്മെ അനുഗ്രഹിക്കട്ടെ, നാം പരിഭ്രാന്തരാകുന്പോൾ നമ്മെ വഴിനടത്തട്ടെ, ഈ ലോകത്തിലും വരാനിരിക്കുന്ന ലോകത്തിലും സകല തിന്മകളിൽനിന്നും നമുക്കു മോചനം നൽകട്ടെ.
നമുക്കു വേണ്ടത് മറ്റെന്തിനെയുംകാൾ നമുക്കു വേണ്ടതു ദൈവത്തിന്റെ കൃപയാണ്. ആ കൃപയുണ്ടെങ്കിൽ നാം എപ്പോഴും ദൈവത്തോട് അതീവ നന്ദിയുള്ളവരായിരിക്കും. അതുപോലെ മറ്റുള്ളവരിൽനിന്നു ലഭിക്കുന്ന നന്മകൾക്ക് അവരോടും നന്ദിയുള്ളവരായിരിക്കും.
ജർമൻ ദൈവശാസ്ത്രജ്ഞനും മിഷനറിയുമായിരുന്ന ആൽബർട്ട് ഷ്വൈറ്റ്സർ ഒരിക്കൽ എഴുതി ചിലപ്പോൾ നമ്മുടെ ജീവിതത്തിന്റെ വിളക്ക് അണഞ്ഞുപോകുന്പോൾ അതു വീണ്ടും കത്തിച്ചുതരുന്നതു മറ്റൊരാളായിരിക്കും.
നമ്മുടെ ഉള്ളിലെ തിരിനാളം വീണ്ടും തെളിച്ചുതരുന്നവരോടു നമുക്ക് ആഴമായ നന്ദിയുണ്ടായിരിക്കണം. എന്നാൽ, ആ നന്ദി വാക്കുകളിൽ മാത്രമുണ്ടായാൽ പോരാ. അതു ജീവിതത്തിൽ പ്രതിഫലിക്കുകതന്നെ വേണം. റിങ്കർട്ടിന്റെ മാതൃക അതാണ്. ദൈവത്തോടുള്ള നന്ദി അദ്ദേഹം വാക്കുകളിൽ ഒതുക്കിനിർത്തിയില്ല. നന്ദി നിരന്തരം പ്രതിഫലിപ്പിക്കുന്ന ഒരു ജീവിതം അദ്ദേഹം നയിച്ചു.
നാം പുതിയൊരു വർഷത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. ഈ പുതു വർഷത്തിൽ കൃതജ്ഞതയുടെ മനുഷ്യരായി ജീവിക്കാം. ഹൃദയം കൊണ്ടും വാക്കുകൾക്കൊണ്ടും ശബ്ദംകൊണ്ടും നന്ദിപറയാം. അതിനുള്ള കൃപ ലഭിക്കാനായി പ്രാർഥിക്കാം.
നാം കൃതജ്ഞതയുടെ മനുഷ്യരാണെങ്കിൽ ദൈവത്തിന്റെ കൃപ നിരന്തരമായി നമ്മിലേക്ക് ഒഴുകും. അപ്പോൾപ്പിന്നെ ഒരു ദുരന്തത്തിനും നമ്മെ തളർത്താനാവില്ല. ഒരു പ്രതിസന്ധിക്കും പരാജയപ്പെടുത്താനുമാകില്ല. നേരേമറിച്ച് അവ നമ്മെ ദൈവത്തിലേക്കും മനുഷ്യരിലേക്കും കൂടുതലായി അടുപ്പിക്കുകയും ചെയ്യും.