1997ൽ കഥാസാഹിത്യത്തിനുള്ള പുലിറ്റ്സർ സമ്മാനം നേടിയ അമേരിക്കൻ സാഹിത്യകാരനാണ് സ്റ്റീവൻ മിൽഹൗസർ. കോളജിൽ സാഹിത്യ അധ്യാപകനായിരുന്ന അദ്ദേഹം നിരവധി ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയിട്ടുള്ള ചെറുകഥകളിൽ ഏറെ ശ്രദ്ധനേടിയ ഒരു ചെറുകഥയാണ് മിറക്കിൾ പോളിഷ്.
കഥാകൃത്തുതന്നെയാണ് കഥയിലെ നായകൻ. ഒരു ദിവസം ഒരാൾ അദ്ദേഹത്തിന്റെ വീടിന്റെ വാതിലിൽ മുട്ടി. വീടുകൾ കയറിയിറങ്ങി മിറക്കിൾ പോളിഷ് വിൽക്കുന്ന ഒരു സാധുമനുഷ്യനായിരുന്നു അയാൾ. ക്ഷീണിച്ച് അവശനായിരുന്ന അയാളോടു സഹതാപം തോന്നിയ കഥാകൃത്ത് ഒരു ബോട്ടിൽ മിറക്കിൾ പോളിഷ് വാങ്ങിച്ചു. അതിനുശേഷം കുറേ ദിവസം കഴിഞ്ഞപ്പോഴാണ് ഹാളിലുണ്ടായിരുന്ന അലമാരയിലെ കണ്ണാടിയിൽ അഴുക്ക് പതിഞ്ഞിരിക്കുന്നതായി അദ്ദേഹം ശ്രദ്ധിച്ചത്. അദ്ദേഹം വേഗം പോയി മിറക്കിൾ പോളിഷ് എടുത്തു കണ്ണാടി പോളിഷ് ചെയ്തു. അപ്പോൾ കണ്ണാടി നന്നായി തിളങ്ങി. എന്നാൽ, കണ്ണാടിക്കു മാത്രമല്ല അപ്പോൾ തിളക്കമുണ്ടായത്. കണ്ണാടിയിൽ പ്രതിഫലിച്ച അദ്ദേഹത്തിന്റെ രൂപത്തിനും നല്ല തിളക്കമായിരുന്നു. ജീവിതത്തോടു മല്ലടിച്ചു ക്ഷീണിച്ചവശനായിരുന്നു അദ്ദേഹം. എന്നാൽ, കണ്ണാടിയിൽ അദ്ദേഹം കണ്ടത് ജീവൻ തുടിക്കുന്ന മുഖമുള്ള ഊർജസ്വലനായ ഒരുവനെയാണ്. ജീവിതത്തിൽ വലിയ നേട്ടങ്ങൾ നേടാൻ തയാറായി നിൽക്കുന്നവനെപ്പോലെ ഒരുവൻ.
അന്നു ജോലി കഴിഞ്ഞു തിരികെ വന്നപ്പോഴും അദ്ദേഹം ആ കണ്ണാടിയിൽ തന്റെ മുഖം നോക്കി. അപ്പോഴും തന്റെ മുഖത്തു വലിയ പ്രകാശം. കണ്ണുകളിൽ നല്ല തിളക്കം. ആ വീട്ടിലെ രണ്ടു ബാത്ത്റൂമിലും കണ്ണാടി ഉണ്ടായിരുന്നു. അദ്ദേഹം മിറക്കിൾ പോളിഷ്കൊണ്ട് അവയും പോളിഷ് ചെയ്തു. അപ്പോൾ അവയിൽ കണ്ട രൂപത്തിനും വലിയ പ്രകാശവും ചൈതന്യവും.
അടുത്ത ഒരു ദിവസം അദ്ദേഹത്തിന്റെ ഗേൾഫ്രണ്ട് മോനിക്ക പതിവുപോലെ സന്ദർശിക്കാനെത്തി. ഒരു സ്കൂൾ ജീവനക്കാരിയായിരുന്നു മോനിക്ക. എങ്കിലും ജീവിതത്തിൽ ഓടിത്തളർന്നവളായിരുന്നു ആ നാല്പതുകാരി. പോരാത്തതിനു മോനിക്ക അത്ര സുന്ദരിയുമല്ലായിരുന്നു. എന്നാൽ, മിറക്കിൾ പോളിഷ് ഉപയോഗിച്ചു പോളിഷ് ചെയ്ത കണ്ണാടിക്കു മുൻപിൽ നിൽക്കുന്പോൾ മോനിക്ക ഏറെ സുന്ദരിയായി കാണപ്പെട്ടു. എന്നു മാത്രമല്ല, അവളുടെ മുഖത്തു ജീവന്റെ ചൈതന്യം തുടിച്ചുനിൽക്കുന്നതുപോലെ തോന്നി. അവൾക്കത് ഏറെ ഇഷ്ടപ്പെട്ടു.
കൂടുതൽ കണ്ണാടികൾ അടുത്ത ദിവസം കഥാകൃത്ത് പോയി രണ്ടു പുതിയ കണ്ണാടികൾകൂടി വാങ്ങി. അവ പോളിഷ് ചെയ്ത് അവയിൽ നോക്കിയപ്പോൾ അവയിലും കണ്ട പ്രതിഫലനങ്ങൾ മറ്റു കണ്ണാടികളിൽ കണ്ടതു പോലെയായിരുന്നു. അതോടുകൂടി അദ്ദേഹം വീണ്ടും വീണ്ടും കൂടുതൽ കണ്ണാടികൾ വാങ്ങി ആ വീട്ടിലെ എല്ലാ ഭാഗങ്ങളിലും സ്ഥാപിച്ചു. അതോടൊപ്പം മിറക്കിൾ പോളിഷ് ഉപയോഗിച്ച് അവ പോളിഷ് ചെയ്യുകയും ചെയ്തു.
അടുത്ത ഒരു ദിവസം മോനിക്ക വന്നപ്പോൾ അവളെയും കണ്ണാടിയിൽ കണ്ട അവളുടെ സുന്ദരരൂപത്തെയും അദ്ദേഹം മാറിമാറി നോക്കി. കണ്ണാടിയിൽ കാണപ്പെടുന്ന താൻ സുന്ദരിയാണെങ്കിലും യഥാർഥത്തിൽ അങ്ങനെയല്ലെന്നു മോനിക്കയ്ക്ക് അറിയാമായിരുന്നു. തന്മൂലം അവൾ ചോദിച്ചു: ""നിങ്ങൾക്ക് ആരെയാണു വേണ്ടത്, അവളെയോ എന്നെയോ?'' ഉത്തരം നൽകാൻ അദ്ദേഹം വൈകുന്നതു കണ്ട് കോപഷ്ഠയായി ചവിട്ടിത്തെറിപ്പിച്ച് അവൾ സ്ഥലംവിട്ടു.
സത്യത്തിൽ മിറക്കിൾ പോളിഷ്കൊണ്ട് പോളിഷ് ചെയ്ത കണ്ണാടിയിൽ അദ്ദേഹം കണ്ടത് എന്താണെന്നോ? തനിക്കും മോനിക്കയ്ക്കും ആയിത്തീരാവുന്ന വ്യക്തിത്വങ്ങൾ. മോനിക്കയിൽ മറഞ്ഞിരിക്കുന്ന സുന്ദരമായ തന്റെ വ്യക്തിത്വമാണ് അവൾ കണ്ണാടിയിൽ കണ്ടത്. എന്നാൽ, അവൾക്കതു മനസിലായില്ല. അതുപോലെ ആയിത്തീരാൻ അവൾ ആഗ്രഹിച്ചതുമില്ല.
മോനിക്ക ഏതു രൂപത്തിലാണെങ്കിലും അവളെ തനിക്കു നഷ്ടപ്പെടരുതെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. തന്മൂലം, അദ്ദേഹം ചെയ്തതെന്താണെന്നോ? വീട്ടിലുണ്ടായിരുന്ന കണ്ണാടികളെല്ലാം തല്ലിപ്പൊട്ടിച്ചതിനു ശേഷം അവളെ വിളിച്ചുവരുത്തി അവളോടു ചോദിച്ചു: ""നിനക്കിപ്പോൾ സന്തോഷമായോ? അവൾ പോയില്ലേ? കണ്ണാടിയിലെ ആ സുന്ദരി. നിനക്കിപ്പോൾ സന്തോഷമായോ?'' ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹം നിരവധി തവണ ഈ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നപ്പോൾ അവൾ ജീവനുംകൊണ്ടോടി രക്ഷപ്പെട്ടു. ഇതോടെ കഥ അവസാനിക്കുന്നു.
കണ്ണാടിയിൽ കണ്ടത് പൊരുൾ തിരക്കാൻ ഈ കഥയിൽ ഏറെ കാര്യങ്ങളുണ്ട്. അവയെല്ലാം വായനക്കാരുടെ ഭാവനയ്ക്കു വിട്ടുതരികയാണ്. എങ്കിലും ഒരു കാര്യം ഇവിടെ സൂചിപ്പിക്കട്ടെ. അമേരിക്കൻ ചിന്തകനായ റാൾഫ് മേഴ്സൺ ഒരിക്കൽ എഴുതി: ""നമ്മിൽ കുടികൊള്ളുന്ന കാര്യങ്ങളുമായി തുലനം ചെയ്യുന്പോൾ നമ്മുടെ പിന്നിലുള്ളവയും നമ്മുടെ മുന്നിലുള്ളവയും നിസാര കാര്യങ്ങളാണ്.'' എന്താണ് എമേഴ്സൺ പറഞ്ഞതിന്റെ അർഥം? നമ്മുടെ കഴിഞ്ഞകാല ജീവിതം പരാജയമായിരുന്നിരിക്കാം. നമ്മുടെ ഭാവിയെക്കുറിച്ചും നമുക്കു വലിയ പ്രതീക്ഷയില്ലായിരിക്കാം. എന്നാൽ, നമ്മിലുള്ള യഥാർഥ സാധ്യതകൾ കണ്ടെത്തി അവയെ നാം പരിപോഷിപ്പിച്ചാൽ അവ നമ്മുടെ ജീവിതത്തെ ഏറെ മെച്ചമാക്കുകതന്നെ ചെയ്യും. അതാണ് എമേഴ്സൺ പറഞ്ഞതിന്റെ അർഥം.
തങ്ങൾക്കു ആയിത്തീരാവുന്ന ഒരു വ്യക്തിത്വമാണ് കഥാകൃത്തും മോനിക്കയും കണ്ണാടിയിൽ കണ്ടത്. അതേക്കുറിച്ചു കഥാനായകന് അവബോധമുണ്ടായെങ്കിലും കഥാനായികയ്ക്കു അവബോധമുണ്ടായില്ല. താൻ ആയിരിക്കുന്നതുപോലെ മാത്രം സ്വീകരിക്കാൻ മനസുണ്ടെങ്കിൽ തന്നെ സ്വീകരിച്ചാൽ മതി എന്ന നിലപാടായിരുന്നു മോനിക്കയുടേത്. അതായിരുന്നു അവളുടെ പരാജയവും.
നമ്മുടെ ജീവിതത്തിൽ പല പോരായ്മകളും ഉണ്ട് എന്നത് അവിതർക്കിതമാണ്. എന്നാൽ, മനസുവച്ചാൽ അവയിൽ പലതും മാറ്റിയെടുക്കാവുന്നതാണ്. നമ്മിൽ ഏറെപ്പേരും അതിനു തയാറല്ലെന്നതാണ് ഏറെ ഖേദകരം. ഒരു പോളിഷ് ഉപയോഗിച്ചു വേഗം മാറ്റിയെടുക്കാവുന്നതല്ല നമ്മുടെ വ്യക്തിത്വം. എങ്കിലും നമുക്കുതന്നെ നിരന്തരം പോളിഷ് ചെയ്ത് അതു മെച്ചപ്പെടുത്താവുന്നതാണെന്ന കാര്യം മറക്കരുത്.