അമേരിക്കയുടെ മൂന്നാമത്തെ വൈസ് പ്രസിഡന്റായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ഏറൺ ബർ (17561836). സന്പന്നമായ ഒരു കുടുംബത്തിൽ ജനിച്ചു പ്രസിദ്ധമായ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദം നേടിയ ശേഷം അഭിഭാഷകനായി സേവനം തുടങ്ങി.
1775ലെ അമേരിക്കൻ വിപ്ലവത്തിൽ കോണ്ടിനെന്റൽ ആർമിയിൽ ഓഫീസറായി ഇംഗ്ലണ്ടിനെതിരേ യുദ്ധം ചെയ്തു. തുടർന്ന്, ന്യൂയോർക്ക് സിറ്റിയിൽ വീണ്ടും നിയമ പ്രാക്ടീസ് ആരംഭിച്ചു. അതോടൊപ്പം രാഷ്ട്രീയത്തിലും സജീവമായി.
1785ൽ ന്യൂയോർക്ക് സംസ്ഥാനത്തെ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ബർ, 1791ൽ അമേരിക്കൻ സെനറ്റിലെ അംഗമായി. 1800ലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തോമസ് ജെഫേഴ്സനൊപ്പം അമേരിക്കൻ വൈസ്പ്രസിഡന്റായി. ഈ കാലഘട്ടങ്ങളിലൊക്കെ അദ്ദേഹത്തിന്റെ പ്രധാന രാഷ്ട്രീയ എതിരാളി അലക്സാണ്ടർ ഹാമിൽട്ടൺ ആയിരുന്നു.
പക മൂത്ത് അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരിലൊരാളായിരുന്ന ഹാമിൽട്ടൺ അമേരിക്കയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ധീരമായി തൂലിക ചലിപ്പിച്ച ബുദ്ധിരാക്ഷസനായിരുന്നു.അമേരിക്കയുടെ ആദ്യ പ്രസിഡന്റായി ജോർജ് വാഷിംഗ്ടൺ സ്ഥാനമേറ്റപ്പോൾ അദ്ദേഹത്തിന്റെ കാബിനറ്റിൽ ട്രഷറി സെക്രട്ടറിയായി ഹാമിൽട്ടൺ ഉണ്ടായിരുന്നു.
അതേസമയം, ഹാമിൽട്ടന് അല്പംപോലും ബഹുമാനമില്ലാതിരുന്ന രാഷ്ട്രീയ എതിരാളി ആയിരുന്നു ഏറൺ ബർ. തന്മൂലം, ബറിന്റെ രാഷ്ട്രീയജീവിതം തകർക്കാൻ ഹാമിൽട്ടൺ സകല അടവുകളും ഉപയോഗിച്ചിരുന്നു. ഇതിൽ കുപിതനായ ബർ തന്റെ എതിരാളിയായ ഹാമിൽട്ടനെ ഒരു ഡ്യൂവലിനു വെല്ലുവിളിച്ചു.
പരസ്പരം വെല്ലുവിളിച്ച് ഏറ്റുമുട്ടുന്നതിൽ അല്പംപോലും വൈമനസ്യമില്ലാതിരുന്ന ഹാമിൽട്ടൺ ആ വെല്ലുവിളി സ്വീകരിച്ചു.അങ്ങനെ, 1804 ജനുവരി 11ന് ന്യൂജഴ്സിയിലെ ഒരു വിജനസ്ഥലത്തുവച്ച് അവരുടെ ഏറ്റുമുട്ടൽ നടന്നു. ആ ഏറ്റുമുട്ടലിൽ ബറിന്റെ വെടിയേറ്റ് ഹാമിൽട്ടൺ മരിച്ചു.
എന്നാൽ, ആ ഏറ്റുമുട്ടൽവഴി തകർന്നത് ഹാമിൽട്ടണിന്റെ ജീവിതം മാത്രമായിരുന്നില്ല. ബറിന്റെ രാഷ്ട്രീയ ജീവിതവും അതോടെ അവസാനിച്ചു എന്നു മാത്രമല്ല, വാശിയും വൈരാഗ്യവും മൂത്ത് അദ്ദേഹം ചെയ്ത ഈ ഹീനകൃത്യം മൂലം അദ്ദേഹം ചെയ്തിട്ടുള്ള നല്ല കാര്യങ്ങൾപോലും വിസ്മരിക്കപ്പെട്ടു.
അമേരിക്കയുടെ വൈസ്പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്പോഴാണ് ഇതു സംഭവിച്ചതെന്ന് ഓർമിക്കണം."കോപിക്കാം. എന്നാൽ, പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ'(എഫേ 4: 26) എന്നു ദൈവവചനം പറയുന്നു. ഒരു വിരുന്നിൽ പങ്കെടുക്കുന്പോഴാണ് ഹാമിൽട്ടണെ ബർ ഡ്യൂവലിനു വെല്ലുവിളിച്ചത്.
അതിന് പ്രകോപനമായത് ഹാമിൽട്ടൺ പരസ്യമായി ബറിനെ അധിക്ഷേപിച്ചു സംസാരിച്ചതാണ്. അതിനു മാപ്പ് പറയണമെന്നു ബർ ആവശ്യപ്പെട്ടെങ്കിലും ഹാമിൽട്ടൺ തയാറായില്ല. അപ്പോൾ ബറിന്റെ രക്തം തിളച്ചു. കോപാഗ്നിയാൽ അദ്ദേഹം എരിഞ്ഞ് ഏറെനാൾ ഉള്ളിൽ പുകഞ്ഞിരുന്ന വെറുപ്പും വിദ്വേഷവും ഡ്യൂവലിനു വെല്ലുവിളിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
ബറിന്റെ കോപവും വൈരാഗ്യവും സൂര്യൻ നിരവധിത്തവണ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിട്ടും നീണ്ടുപോയി. തന്മൂലമാണ്, ഹാമിൽട്ടനെ ബർ വെടിയുണ്ട ഉതിർത്തു വധിച്ചത്.
""വെറുപ്പും വൈരാഗ്യവും എന്നു പറയുന്നതു മറ്റുള്ളവരെ എറിയാനായി കൈയിലെടുക്കുന്ന കത്തുന്ന കനൽക്കട്ടയാണ്. അതുവഴി പൊള്ളുന്നതാകട്ടെ കനൽക്കട്ട കൈയിലെടുക്കുന്ന ആൾക്കും'' എന്ന് ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്ന നെൽസൺ മണ്ടേല എഴുതിയിരിക്കുന്നത് എത്രയോ ശരിയാണ്. ബറിന്റെ കോപവും വൈരാഗ്യവും അദ്ദേഹത്തിന്റെ ജീവിതത്തെത്തന്നെ പൊള്ളിച്ചു. അതോടൊപ്പം, ഹാമിൽട്ടണിന്റെ ജീവിതവും ചാന്പലാക്കി.
ക്ഷമിച്ചാൽ കിട്ടുന്നത് മറ്റു മനുഷ്യർ നമ്മെ ഉപദ്രവിച്ചാൽ അവരോടു പകവീട്ടാനാകും ആദ്യം നമ്മുടെ മനസിൽ തോന്നുക. എന്നാൽ, അതനുസരിച്ചു നാം പ്രവർത്തിച്ചാൽ അതു മറ്റുള്ളവരുടെ എന്നതുപോലെ നമ്മുടെയും തകർച്ചയ്ക്കു വഴിതെളിക്കും. എന്നാൽ, അവരോടു ക്ഷമിക്കാൻ നാം തയാറായാലോ? അതു നമ്മുടെ എന്നപോലെ മറ്റുള്ളവരുടെയും നന്മയ്ക്കു വഴിതെളിക്കും.
ബൈബിളിലെ ഉത്പത്തി പുസ്തകത്തിൽ പറയുന്ന ജോസഫിന്റെ കഥ അതാണു വ്യക്തമാക്കുന്നത്. ജോസഫിനോട് അസൂയ മൂത്ത അദ്ദേഹത്തിന്റെ സഹോദരന്മാർ അദ്ദേഹത്തെ ബന്ധിച്ച് അടിമവ്യാപാരികൾക്കു വിറ്റു. പിന്നീട്, അദ്ദേഹം ഈജിപ്തിന്റെ ഭരണാധികാരിയായപ്പോൾ തന്റെ സഹോദരങ്ങളെ ശരിക്കും ശിക്ഷിക്കാനുള്ള അവസരം ലഭിച്ചു. എന്നാൽ, അദ്ദേഹം അവരോടു ക്ഷമിക്കുക മാത്രമല്ല ചെയ്തതത്, അവരെ ധാരാളം സന്പത്തുകൊണ്ട് അനുഗ്രഹിക്കുകയും ചെയ്തു.
അതിന് അദ്ദേഹം പറഞ്ഞ ന്യായം എന്തായിരുന്നെന്നോ? "നിങ്ങൾ എനിക്കു തിന്മ ചെയ്തു. എന്നാൽ, ദൈവം അതു നന്മയായി മാറ്റി '(ഉത്പത്തി 50:20). മറ്റുള്ളവരുടെ തെറ്റുകൾ അവരോടു ക്ഷമിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്നതും ഇതുതന്നെയാണ്. ആ തെറ്റുകളൊക്കെ ക്ഷമിക്കുന്നവരുടെ നന്മയ്ക്കായി ദൈവം മാറ്റും.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മറ്റുള്ളവരോടുള്ള വാശിയും വൈരാഗ്യവും ഉപേക്ഷിക്കാൻ പലപ്പോഴും നമുക്കു വലിയ വൈമനസ്യമാണ്. അതിനു കാരണം, അവരോടു ക്ഷമിക്കാൻ നമുക്കു സാധിക്കുന്നില്ല എന്നതുതന്നെ. അപ്പോൾ നാം ഓർമിക്കേണ്ട ഒരു കാര്യമുണ്ട്. ക്ഷമിക്കുക എന്നു പറയുന്നതു നമ്മുടെ വികാരങ്ങൾക്കു വിട്ടുകൊടുക്കേണ്ട ഒരു കാര്യമല്ല. അതു നമ്മുടെ ബുദ്ധി ഉപയോഗിച്ച് എടുക്കേണ്ട ഉറച്ച ഒരു തീരുമാനമാണ്.
അങ്ങനെ ഉറച്ച തീരുമാനമെടുക്കാൻ തയാറായാൽ ദൈവാനുഗ്രഹത്തോടെ നമ്മുടെ വാശിയും വൈരാഗ്യവും അപ്രത്യക്ഷമാവുകതന്നെ ചെയ്യും. അപ്പോൾ ദൈവവചനം അനുസ്മരിപ്പിക്കുന്നതുപോലെ, നമ്മുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നമ്മുടെ ഹൃദയങ്ങളിൽ നിറയും (ഫിലിപ്പി 4: 7). നമ്മെയും മറ്റുള്ളവരെയും നശിപ്പിക്കുന്ന വാശിയും വൈരാഗ്യവും നമുക്ക് വെടിയാം. അതു നമ്മുടെയും മറ്റുള്ളവരുടെയും നന്മയ്ക്കു വഴിതെളിക്കും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ