അഞ്ചു കൊച്ചുകുട്ടികൾ ഉൾപ്പെടുന്ന ഒരു കുടുംബം. ഒരിക്കൽ അവരുടെ അങ്കിൾ അവരെ കാണാൻ ചെന്നു. ആ അങ്കിളിനോടു വലിയ സ്നേഹമായിരുന്നു ആ കുട്ടികൾക്ക്.
കുട്ടികളോട് അവർക്ക് മനസിലാകുന്ന ഭാഷയിലും രീതിയിലും സംസാരിക്കാനറിയാമെന്നതായിരുന്നു അയാളുടെ പ്രത്യേകത. കുട്ടികളോടു സംസാരിച്ചുകൊണ്ടിരിക്കുന്പോൾ അവരിലൊരു പെണ്കുട്ടി അയാളെ തന്റെ പാവകൾ കാണാൻ ക്ഷണിച്ചു. സന്തോഷപൂർവം അയാൾ അവളുടെ മുറിയിലേക്കു ചെന്നു.
ആ മുറിയിൽ ഒട്ടേറെ പാവകൾ കിടപ്പുണ്ടായിരുന്നു. പല രൂപത്തിലും വലുപ്പത്തിലുമുള്ള ആ പാവകളെ കണ്ടപ്പോൾ അയാൾ അവളോടു ചോദിച്ചു: ന്ധന്ധഈ പാവകളിൽ മോൾക്ക് ഏറ്റവും ഇഷ്ടം ഏതിനോടാണ്?’’
അവൾ പറഞ്ഞു: ""ഞാൻ പറയാം. പക്ഷേ, ഞാൻ പറയുന്നതു കേൾക്കുന്പോൾ അങ്കിൾ ചിരിക്കുകയില്ലെന്ന് എനിക്ക് ഉറപ്പുതരണം.’’
അയാൾ സമ്മതിച്ചു. അപ്പോൾ, ഒരു കൈ നഷ്ടപ്പെട്ടുപോയിരുന്ന ഒരു പാവയെ എടുത്തു കാണിച്ചുകൊണ്ട് അവൾ പറഞ്ഞു: ""ഈ പാവയോടാണ് എനിക്ക് ഏറ്റവും ഇഷ്ടം.’’
അവളുടെ മറുപടി കേട്ടപ്പോൾ അയാൾക്ക് ഏറെ അദ്ഭുതം തോന്നി. എങ്കിലും അതു പ്രകടിപ്പിക്കാതെ തന്നെ അയാൾ ചോദിച്ചു: "എന്തുകൊണ്ടാണ് മോൾക്ക് ഈ പാവയോട് ഏറ്റവും കൂടുതൽ ഇഷ്ടം?’’
അവളുടെ മറുപടി പെട്ടെന്നായിരുന്നു. അവൾ പറഞ്ഞു: ""ഈ പാവയ്ക്കാണ് എന്റെ സ്നേഹം ഏറ്റവും കൂടുതൽ വേണ്ടത്. കാരണം, ഞാൻ ഈ പാവയെ സ്നേഹിക്കുന്നില്ലെങ്കിൽ വേറെ ആരും ഇതിനെ സ്നേഹിക്കാനുണ്ടാവില്ല.’’
കൈപോയ പാവയെ മറ്റു കുട്ടികൾ സ്നേഹിക്കുകയില്ലെന്ന് ഈ കൊച്ചു പെണ്കുട്ടിക്കറിയാമായിരുന്നു. അതുകൊണ്ടാണ് അവൾ ആ പാവയെ അധികമായി സ്നേഹിച്ചത്.
നമ്മെ സ്നേഹിക്കുന്ന ദൈവം ഈ കൊച്ചുപെണ്കുട്ടിയെപ്പോലെയാണെന്നു പറഞ്ഞാൽ അതിലതിശയോക്തിയില്ല. ദൈവം ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അവിടുത്തെ സ്നേഹം ഏറ്റവും കൂടുതൽ ആവശ്യമുള്ളവരെയാണ്. അതുപോലെ, ദൈവം ഏറ്റവും കൂടുതൽ നമ്മെ സ്നേഹിക്കുന്നത് അവിടുത്തെ സ്നേഹം ഏറ്റവും കൂടുതൽ നമുക്ക് ആവശ്യമുള്ളപ്പോഴാണ്.
നമ്മെ ആരും സ്നേഹിക്കാനും സഹായിക്കാനും ഇല്ലാത്ത അവസരങ്ങളിൽ ദൈവം നമ്മുടെകൂടെയില്ലെന്നു നമുക്കു തോന്നിയേക്കാം. അതുപോലെ നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ടാകുന്പോൾ ദൈവം നമ്മെ കൈവിട്ടു എന്നും നമുക്കു തോന്നിയേക്കാം.
എന്നാൽ, യാഥാർഥ്യം മറിച്ചാണ്. നമ്മെ ആരും സഹായിക്കാനും സ്നേഹിക്കാനും ഇല്ലാത്തപ്പോഴാണ് അവിടുന്ന് ഏറ്റവും കൂടുതൽ നമ്മുടെ തുണയ്ക്ക് എത്തുന്നത്. അതുപോലെതന്നെ നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ടാകുന്പോഴാണ് അവിടുന്ന് ഏറ്റവും കൂടുതലായി നമ്മെ സഹായിക്കുന്നത്.
പക്ഷേ, നമ്മുടെ ഏകാന്തതയിലും ദുഃഖത്തിലും നമ്മെ സഹായിക്കുവാനെത്തുന്ന ദൈവത്തെ നാം കാണാതെപോകുന്നു എന്നതാണ് നമ്മുടെ ഏറ്റവും വലിയ ന്യൂനത. നമ്മുടെ മുറിപ്പാടുകളിൽ തൈലംപൂശാൻ അവിടുന്ന് എത്തുന്പോൾ നാം അവിടുത്തെ സാന്നിധ്യംപോലും അറിയാതെ പോകുന്നു എന്നതാണു നമ്മുടെ വലിയ പോരായ്മ.
എന്നാൽ, നമ്മുടെ ദുഃഖത്തിലും ഏകാന്തതയിലുമൊക്കെ അവിടുന്നു കൂടുതലായി നമ്മോടുകൂടെയുണ്ട് എന്നു വിശ്വസിക്കുവാൻ നമുക്കു സാധിച്ചാൽ അവിടുത്തെ കരസ്പർശം തീർച്ചയായും നമുക്കനുഭവേദ്യമാകും.
ജീവിതത്തിൽ നമുക്കു വിഷമങ്ങളുണ്ടാകുന്പോൾ നാം സ്വാഭാവികമായും ഭയപ്പെട്ടെന്നിരിക്കും. എന്നാൽ, ദൈവപുത്രനായ യേശു പഠിപ്പിച്ചതുപോലെ, നമുക്കു വേണ്ടതു ഭയമല്ല, പ്രത്യുത ദൈവത്തിലുള്ള പരിപൂർണ ആശ്രയമാണ് (മർക്കോസ്: 5, 36). നാം ദൈവത്തിൽ പരിപൂർണമായി ആശ്രയിക്കുന്ന നിമിഷം നാം അവിടുന്നിൽനിന്നു ശക്തിപ്രാപിക്കും. അവിടുത്തെ ശക്തി ലഭിച്ചാൽ പിന്നെ നമുക്കെന്താണു ഭയപ്പെടാനുള്ളത്?
ജീവിതത്തിലെ വിവിധ പ്രതിസന്ധികളിൽപ്പെട്ടു നാം അറിയാതെതന്നെ നമ്മുടെ ജീവിതത്തെ ഇടിച്ചുതകർക്കുന്നു. എന്നാൽ, നാം നമ്മുടെ ജീവിതത്തെ ഇടിച്ചുതകർക്കുന്പോൾ ദൈവം നമ്മുടെ ജീവിതത്തെ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നു എന്നതു മറന്നുപോകരുത്.
നമ്മുടെ കുറ്റങ്ങളും കുറവുകളുംകൊണ്ടു ജീവിതത്തിന്റെ കണ്ണികൾ അറ്റുപോകുന്പോൾ നമ്മുടെ പിന്നാലെവന്ന് ആ കണ്ണികളെ അവിടുന്നു വിളക്കിച്ചേർത്തു തരുന്നുണ്ട്. പക്ഷേ, അപ്പോൾപ്പോലും ദൈവത്തിന്റെ സജീവസാന്നിധ്യം നാം അറിയാതെ പോകുന്നു എന്നതാണു നമ്മുടെ പ്രത്യേകത.
ജീവിതംകൊണ്ടു നമുക്കൊന്നും നേടാൻ സാധിക്കില്ലെന്നു നാം പലപ്പോഴും വിചാരിക്കാറില്ലേ? എന്നാൽ, നമ്മുടെ ജീവിതം വഴിയായി ഒട്ടേറെ വിജയങ്ങൾ നാം നേടണമെന്നാണ് അവിടുത്തെ ആഗ്രഹവും പ്ലാനും എന്നു നാം അറിഞ്ഞാലോ?
നമ്മെ എല്ലാവരെയുംകുറിച്ച് ദൈവത്തിന് ഒട്ടേറെ പ്ലാനും പദ്ധതിയുമുണ്ട്. അവയെല്ലാം പരിപൂർണമായി വിജയിക്കണമെന്ന് അവിടുത്തേക്ക് ആഗ്രഹവുമുണ്ട്. അതുകൊണ്ടാണ് നമുക്കു വീഴ്ചയുണ്ടാകുന്പോൾ അവിടുന്ന് ഓടിയെത്തി നമ്മെ താങ്ങി എഴുന്നേൽപ്പിച്ചു മുന്നോട്ടുനയിക്കുന്നത്.
എന്നാൽ, ദൈവത്തിനു നമ്മോടുള്ള ഈ സ്നേഹവും താൽപര്യവും നാം മനസിലാക്കാതെ പോകുന്നതുകൊണ്ട് നമ്മുടെ ജീവിതത്തിലുള്ള അവിടുത്തെ സാന്നിധ്യംപോലും നാം വിസ്മരിച്ചുപോകുന്നു.
ദൈവം എപ്പോഴും നമ്മോടുകൂടിയുണ്ടെന്നത് അനുനിമിഷം നമുക്കോർമിക്കാം. അതുപോലെ, നാം ഏറ്റവും നിസ്സഹായരായിരിക്കുന്പോഴാണ് അവിടുന്ന് ഏറ്റവും കൂടുതൽ നമ്മെ സഹായിക്കുന്നതെന്നും നമുക്കു മറക്കാതിരിക്കാം.
നമ്മെ എപ്പോഴും ശക്തിപ്പെടുത്തുന്നതാണ് അവിടുത്തെ സാന്നിധ്യം. ആ സാന്നിധ്യത്തിന്റെ ശക്തിയിൽ ധൈര്യപൂർവം നമുക്കു മുന്നോട്ടുപോകാം. അപ്പോൾ ജീവിതത്തിലെ പ്രതിസന്ധികളും പരാജയങ്ങളുമൊന്നും നമ്മെ നിരാശരാക്കില്ല.