മാൽക്കം മഗ്ഗറിഡ്ജ്. പ്രസിദ്ധനായ ജേർണലിസ്റ്റും ബി.ബി.സി. കമന്േററ്ററുമാണദ്ദേഹം. മദർ തെരേസയും അദ്ദേഹവും ആത്മമിത്രങ്ങളായിരുന്നു. മദർ തെരേസയുടെ ജീവിതകഥ ആദ്യമായി ടെലിവിഷനുവേണ്ടി തയാറാക്കിയവരുടെ ഗണത്തിൽ മഗ്ഗറിഡ്ജും ഉൾപ്പെടുന്നു.
അമേരിക്കൻ എഴുത്തുകാരായ ഷെറിൽ ദന്പതികൾ ഒരിക്കൽ ലണ്ടൻ സന്ദർശിക്കാനിടയായി. ആ സന്ദർശനത്തിനിടയിൽ മഗ്ഗറിഡ്ജ് അവരെ തന്റെ ഭവനത്തിലേക്ക് ഉച്ചഭക്ഷണത്തിനു ക്ഷണിച്ചു.
ഒട്ടേറെ ബെസ്റ്റ്സെല്ലറുകളുടെ കർത്താവായ മഗ്ഗറിഡ്ജ് വലിയൊരു പണക്കാരനാണെന്നായിരുന്നു ഷെറിൽ ദന്പതികളുടെ ധാരണ. പോരെങ്കിൽ അദ്ദേഹം താമസിച്ചിരുന്ന കൊട്ടാരസമാനമായ വീടിനെക്കുറിച്ച് അവർ മുന്പു കേട്ടിട്ടുമുണ്ടായിരുന്നു.
മഗ്ഗറിഡ്ജ് താമസിച്ചിരുന്ന റോബർട്ട്സ് ബ്രിഡ്ജ് എന്ന കൊച്ചുപട്ടണത്തിലൂടെ അദ്ദേഹത്തിന്റെ കൊട്ടാരതുല്യമായ വീട് അന്വേഷിച്ച് പലതവണ അവർ കാറിൽ ചുറ്റിക്കറങ്ങി. അവസാനം ഒരു പോസ്റ്റ്മാനോട് അഡ്രസ് തിരക്കിയാണ് അവർ വീടു കണ്ടുപിടിച്ചത്.
അവർ ചെന്നെത്തിയ വീടാകട്ടെ വളരെ ചെറുതായിരുന്നു. വീടിന്റെ മുറ്റത്തേക്കു ഷെറിൽ ദന്പതിമാർ കാലെടുത്തു കുത്തിയപ്പോൾ മഗ്ഗറിഡ്ജ് തോട്ടത്തിൽ എന്തോ ജോലി ചെയ്യുകയായിരുന്നു.
മഗ്ഗറിഡ്ജ് സന്തോഷപൂർവം അവരെ തന്റെ ഭവനത്തിലേക്കു സ്വീകരിച്ചു. അപ്പോഴേക്കും അദ്ദേഹത്തിന്റെ ഭാര്യ കിറ്റിയും അതിഥികളെ സ്വീകരിക്കാൻ ഓടിയെത്തി.
വീടും പരിസരവും കണ്ടിട്ട് ഷെറിൽ ദന്പതികൾക്ക് ആകെ അദ്ഭുതം. കോടീശ്വരനായി അറിയപ്പെടുന്ന മഗ്ഗറിഡ്ജ് എന്തുകൊണ്ടാണാവോ ഇത്രയും ചെറിയൊരു വീട്ടിൽ താമസിക്കുന്നത്?
വളരെ ലഘുവായിരുന്നു മഗ്ഗറിഡ്ജിന്റെ ഭാര്യ വിളന്പിയ ഉച്ചഭക്ഷണം. ഭക്ഷണം കഴിക്കുന്നതിനിടയിൽ പല കാര്യങ്ങളും ചർച്ച ചെയ്യപ്പെട്ടു. അതിനിടയിൽ മഗ്ഗറിഡ്ജ് ദന്പതിമാരുടെ ജീവിതശൈലിയും പരാമർശനവിഷയമായി.
ഒരുകാലത്തു കൊട്ടാരസദൃശമായ ഒരു വീട്ടിലായിരുന്നു അവർ താമസിച്ചിരുന്നത്. എന്നാൽ പണം ലാഭിക്കാൻവേണ്ടി അവർ അതു വിറ്റു ചെറിയൊരു വീടുവാങ്ങി.
പെണ്മക്കളെ കെട്ടിച്ചയയ്ക്കാനാണോ അവർ വലിയ വീടു വിറ്റത്? അല്ല, പാവങ്ങളെ സഹായിക്കാൻ വേണ്ടി.
പാവങ്ങളെ സഹായിക്കുന്നതിനു കാശുണ്ടാക്കാൻവേണ്ടി അവർ വലിയ കാർ വിറ്റ് ചെറിയ കാർവാങ്ങി. അതുപോലെ അത്യാവശ്യമില്ലാത്ത വസ്തുവകകളെല്ലാം അവർ വിറ്റു. വസ്ത്രംപോലും അത്യാവശ്യത്തിനുള്ളവ മാത്രമെടുത്തിട്ടു മറ്റുള്ളവർക്കു നൽകി.
സ്വന്തം അധ്വാനംകൊണ്ടുമാത്രം ആഡംബരപൂർവം ജീവിക്കാനുള്ള വകയുണ്ടാക്കിയവരാണു മഗ്ഗറിഡ്ജ് ദന്പതിമാർ. അവർ ആഡംബരപൂർവം ജീവിച്ചാൽ ആരും അതെക്കുറിച്ച് അവരെ കുറ്റപ്പെടുത്തുകയുമില്ലായിരുന്നു.
എന്നാൽ, തങ്ങൾക്കുള്ളവകൊണ്ടു മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടട്ടെ എന്നു കരുതി തങ്ങൾക്കുള്ളവയിലേറിയപങ്കും അവർ പാവങ്ങൾക്കു നൽകി. അതുവഴി മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷമുണ്ടായതിലേറെ തങ്ങളുടെ ജീവിതത്തിൽ സന്തോഷമുണ്ടായതായി മഗ്ഗറിഡ്ജ് ദന്പതിമാർ ഷെറിൽ ദന്പതിമാരോടു പറഞ്ഞു.
കൽക്കട്ടയിലും മറ്റു വൻനഗരങ്ങളിലും കണ്ട കടുത്ത ദാരിദ്യ്രമാണു തങ്ങൾക്കുള്ളവ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ മഗ്ഗറിഡ്ജിനെയും കിറ്റിയെയും പ്രേരിപ്പിച്ചത്.
ദാരിദ്യ്രദുഃഖം അനുഭവിക്കുന്ന എത്രയോ ആളുകളെ ദിവസവും നാം കാണുന്നു! എത്രയോ പേർ ഒരു ചില്ലിക്കാശിനായി നമ്മുടെ മുന്നിൽ കൈനീട്ടുന്നു! എന്നാൽ, നമ്മിലെത്രപേർ മഗ്ഗറിഡ്ജിനെപ്പോലെ അവരുടെ ദുഃഖം കാണുന്നവരായി ഉണ്ടായിരിക്കും?
നമുക്ക് ആവശ്യത്തിലധികം ഉണ്ടെങ്കിൽ അതിൽനിന്ന് അല്പമെടുത്ത് നാം ദരിദ്രർക്കു കൊടുത്തെന്നിരിക്കും. എന്നാൽ അത്യാവശ്യമുള്ളതു പലതും വേണ്ടെന്നുവച്ചിട്ട് അതിൽനിന്നു ലാഭിക്കുന്ന തുക മറ്റുള്ളവരുടെ ഉന്നമനത്തിനായി നാം ചെലവിടുമോ?
നാം എത്രയേറെ സന്പാദിച്ചാലും നമുക്കു മതിവരാറില്ല എന്നതല്ലേ യാഥാർഥ്യം? അപ്പോൾപ്പിന്നെ എങ്ങനെയാണു കൈയയച്ചു നമുക്കു കൊടുക്കാൻ സാധിക്കുക?
എന്നാൽ, നാം കൂടുതൽ സന്പാദിക്കുന്തോറും നമ്മുടെ സന്തോഷം വർധിക്കുന്നുണ്ടോ? ഒരുപക്ഷേ, നാം കൂടുതൽ സന്പാദിക്കുന്തോറും സന്തോഷം കുറയുകയല്ലേ ചെയ്യുന്നത്?
ആഡംബരപൂർവം ജീവിച്ചിരുന്നകാലത്തു തങ്ങൾ സ്വത്തിന്റെ അടിമകളായിരുന്നു എന്നു മഗ്ഗറിഡ്ജ് ദന്പതിമാർ സാക്ഷിക്കുന്നു. എന്നാൽ, തങ്ങൾക്കുള്ളവ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ തുടങ്ങിയതുമുതൽ തങ്ങളുടെ ഭാരം ലഘൂകരിക്കപ്പെട്ടെന്നും ജീവിതം ഏറെ ലളിതവും സന്തുഷ്ടവും ആയെന്നും അവർ അവകാശപ്പെടുന്നു.
എന്നാൽ, നമുക്കു സമൃദ്ധമായി ഉള്ളവയിൽനിന്നു കുറെ ദരിദ്രർക്കു നൽകിയിട്ടു നമ്മുടെ ജീവിതം ലളിതവും കൂടുതൽ സന്തോഷപൂർണവുമാക്കാൻ നാം തയാറാകുമോ?
നമുക്കുള്ളവ മറ്റുള്ളവർക്കു വാരിക്കോരി കൊടുക്കാൻ നമുക്കെപ്പോഴും വൈമനസ്യമാണ്. എന്നാൽ മറ്റുള്ളവർക്കു ഹൃദയപൂർവം കൊടുക്കുന്നതുവഴി പരലോകത്തിലെന്നപോലെ ഇഹലോകത്തിലും നമ്മുടെ ജീവിതം സന്തുഷ്ടപൂർണമാകും എന്നതു നാം ഒരിക്കലും മറക്കരുത്.
വിശക്കുന്നവനു ഭക്ഷണം കൊടുക്കുന്നതും ദാഹിക്കുന്നവനു കുടിക്കാൻ കൊടുക്കുന്നതും വസ്ത്രമില്ലാത്തവനു വസ്ത്രം കൊടുക്കുന്നതുമൊക്കെ സ്വർഗഭാഗ്യം നമുക്ക് ഉറപ്പാക്കുമെന്ന് യേശുനാഥൻ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇവയൊക്കെ മറന്നു മറ്റുവഴികളിലൂടെ സ്വർഗരാജ്യത്തിലേക്കു കടക്കാമോ എന്നല്ലേ നാം പലപ്പോഴും നോക്കുന്നത്?
എന്നാൽ, സ്വർഗരാജ്യത്തിലേക്കു കടക്കാൻ മറ്റധികം വഴികളൊന്നുമില്ലെന്നതാണു വസ്തുത. നമുക്കുചുറ്റും കാണുന്ന ദരിദ്രരെയും നിരാലംബരെയും വിസ്മരിച്ചിട്ടാണ് നാം മുന്നോട്ടുപോകുന്നതെങ്കിൽ ആ വഴി സ്വർഗരാജ്യത്തിലേക്കുള്ളതല്ലെന്നു തീർച്ചയാണ്.
നാം പോകുന്നവഴി സ്വർഗരാജ്യത്തിലേക്കുള്ളതാണെന്ന് ഉറപ്പുവരുത്തണമെങ്കിൽ നമുക്കു ചുറ്റുമുള്ള പാവപ്പെട്ടവരെയും അശരണരെയും നാം ശ്രദ്ധിക്കുകയും സഹായിക്കുകയും ചെയ്തേ മതിയാകൂ. മഗ്ഗറിഡ്ജ് ദന്പതിമാർ ചെയ്തതുപോലെ തങ്ങൾക്കുള്ളവയുടെ സിംഹഭാഗവും പാവപ്പെട്ടവർക്കു നാം നൽകണമെന്നില്ല. എന്നാൽ, ദരിദ്രരെയും നിരാലംബരെയുമൊക്കെ നാം കൈയയച്ചു സഹായിക്കുന്നില്ലെങ്കിൽ സ്വർഗരാജ്യത്തിലേക്കുള്ള നമ്മുടെ പ്രവേശനം ഏറെ ക്ലേശകരമായിരിക്കും എന്നതിൽ സംശയം വേണ്ട.
അവർ ജീവിക്കുന്നതുവഴിയേ നാമും ജീവിക്കൂ. നമ്മൾവഴി അവരുടെ ജീവിതം മെച്ചപ്പെടുന്നതിലൂടെയേ നമ്മുടെയും ജീവിതം മെച്ചപ്പെടൂ; നാം സ്വർഗരാജ്യത്തിലെത്തൂ.