മനുഷ്യജീവിതം നശ്വരമാണ്. അതുകൊണ്ടുതന്നെ മനുഷ്യന്റെ സകല സന്പത്തുകളും നശ്വരമാണ്. എന്നാൽ, പണത്തോടുള്ള മനുഷ്യന്റെ അത്യാർത്തിയും അക്കാരണത്താലുള്ള വഞ്ചനയും ഒക്കെ കാണുന്പോൾ പണത്തിന്റെ മായികതയിൽ നാം വിഭ്രമിക്കാതിരുന്നെങ്കിലേ അദ്ഭുതമുള്ളു.
യഥാർഥത്തിൽ പണമെന്നു പറയുന്നത് എന്താണ്? പണത്തിന് ഉചിതമായ ഒരു നിർവചനം കണ്ടുപിടിക്കാൻ ഒരിക്കലൊരു ബ്രിട്ടീഷ് ദിനപത്രം മത്സരം നടത്തി. ആ മത്സരത്തിൽ ഒന്നാംസമ്മാനാർഹമായ ഉത്തരം ഇതായിരുന്നു: ന്ധന്ധസന്തോഷമൊഴികെ മറ്റെന്തും വാങ്ങിത്തരാൻ കെല്പുള്ള വസ്തുവാണ് പണം. സ്വർഗത്തിലേക്കൊഴികെ മറ്റെങ്ങോട്ടുമുള്ള ടിക്കറ്റ് വാങ്ങാനും അതുപകരിക്കും.
പണം സംസാരിക്കുന്പോൾ സത്യം നിശ്ശബ്ദമാകുന്നു എന്നാണല്ലോ പഴഞ്ചൊല്ല്. പണത്തിന്റെ കാര്യം വരുന്പോൾ സത്യം മാത്രമല്ല ധർമവും നീതിയും സ്നേഹവുമൊക്കെ പുറത്താക്കപ്പെടുന്നു എന്നതാണ് യാഥാർഥ്യം.
പണം സന്പാദിക്കുന്നതു തെറ്റാണെന്നോ ധനസന്പാദനത്തിൽ ദൈവസഹായം തേടരുതെന്നോ ആരും പറയില്ല. ദൈവത്തെ പങ്കാളിയാക്കിയെങ്കിൽ മാത്രമേ നീതിപൂർവകമായ രീതിയിൽ പണം സന്പാദിക്കാനും ചെലവഴിക്കാനും കഴിയൂ. സർവസന്പന്നനാണു ദൈവം.
ധനം സന്പാദിക്കുന്നവർ അവിടുത്തെ സന്പന്നതയിലാണ് പങ്കുപറ്റുന്നത്. പക്ഷേ, നമ്മുടെ ധനസന്പാദനം ഭൗതികതലത്തിൽ ഒതുങ്ങിനിൽക്കരുത്. അവിടുത്തെ ആധ്യാത്മികമായ സമൃദ്ധിയിലും നാം പങ്കുപറ്റിയേ മതിയാകൂ. അല്ലെങ്കിൽ നമ്മുടെ ജീവിതത്തിന്റെ താളം തെറ്റും. ആർഥികധാർമിക സമൃദ്ധിയിൽ ഒരുപോലെ പങ്കുപറ്റുകയും അവ നീതിപൂർവം വിനിയോഗിക്കുകയുമാണു നമ്മുടെ കടമ.
ദൈവം കനിഞ്ഞു നൽകുന്ന പണം അവിടുന്നാഗ്രഹിക്കുന്ന രീതിയിൽ നാം ചെലവഴിക്കുന്പോൾ നമുക്കു തീർച്ചയായും സന്തോഷമുണ്ടാകും. നമ്മുടെ സന്പത്തിന്റെ നീതിപൂർവകമായ വിനിയോഗം ഉറപ്പുവരുത്താനായാൽ സ്വർഗത്തിലേക്കു പിന്നെ വേറെ ടിക്കറ്റും വാങ്ങേണ്ട.
എന്നാൽ, സന്പത്തിന്റെ നീതിപൂർവകമായ ഉപയോഗം എങ്ങനെയാണ് ഉറപ്പുവരുത്തുക? ലോകവും അതിലെ സമസ്തസന്പത്തും എല്ലാ മനുഷ്യർക്കും അവകാശപ്പെട്ടതാണ്; കായബലംകൊണ്ടോ കപടതന്ത്രംകൊണ്ടോ സ്വരുക്കൂട്ടി വയ്ക്കേണ്ടതല്ല. ഇതു സത്യമാണ്. ഇത് എന്ന ചിന്ത നിസാരമനസുള്ളവരുടേതാണ്.
ഉദാരമനസ്കർക്കാകട്ടെ ഈ ഭൂമിതന്നെ കുടുംബമാകുന്നു എന്നാണ് ഹിതോപദേശത്തിൽ പറയുന്നത്. നമ്മോടു ചോദിക്കുന്നവർക്കും ഉപജീവനമാർഗം ഇല്ലാത്തവർക്കും നമ്മുടെ ധനത്തിൽ അവകാശമുണ്ടെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. നീ ഉപയോഗിക്കാത്ത അപ്പം വിശക്കുന്നവന്റെ അപ്പമാണ്. നീ ധരിക്കാതെ മാറ്റിവച്ചിരിക്കുന്ന വസ്ത്രം വസ്ത്രമില്ലാത്തവന് അവകാശപ്പെട്ടതാണ് എന്ന സെന്റ് ബേസിലിന്റെ വാക്കുകളിൽ സന്പത്തിന്റെ വിനിയോഗത്തെക്കുറിച്ചുള്ള ക്രൈസ്തവദർശനം അടങ്ങിയിരിക്കുന്നു.
പണം നീതിപൂർവകമായി ഉപയോഗിക്കുന്നവർക്കാണു യേശുക്രിസ്തു സ്വർഗത്തിലേക്കുള്ള ടിക്കറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പണത്തിന്റെ വിനിയോഗത്തിൽ കാരുണ്യത്തിന്റെ അംശംകൂടിയുണ്ടാകണം. ന്ധന്ധഎനിക്കു വിശന്നു, നിങ്ങളെനിക്കു ഭക്ഷണം തന്നു. എനിക്കു ദാഹിച്ചു, നിങ്ങളെനിക്കു കുടിക്കാൻ തന്നു. ഞാൻ നഗ്നനായിരുന്നു, നിങ്ങളെനിക്കു വസ്ത്രം തന്നു...ലോകാരംഭംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ (മത്തായി 25:3436).
ദൈവപിതാവിന്റെ മക്കളാണു നാമെല്ലാവരും. പിതാവു നമുക്കു കനിഞ്ഞു നൽകിയിരിക്കുന്ന സ്വത്തിന്റെ ന്യായമായ പങ്കു സഹോദരനു നൽകുകയാണു വേണ്ടത്. അപ്പോൾ പിതാവു നമ്മിൽ സംപ്രീതനാവും; നമ്മുടെ ജീവിതം ആനന്ദപൂർണമായി മാറും. ഭൗതികവും ആധ്യാത്മികവുമായ സന്പത്ത് നാം എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണു നമ്മുടെ ജീവിതത്തിളക്കം അടങ്ങിയിരിക്കുന്നത്.