സാഹസികമായ വ്യവസായ യാത്ര
റ്റി.സി. മാത്യു
Friday, October 11, 2024 2:23 AM IST
രത്തൻ നവൽ ടാറ്റ. ഇന്ത്യൻ വ്യവസായ മേഖലയുടെ രത്നം. പക്ഷേ തൊട്ടതൊക്കെ പൊന്നാക്കിയ ആളല്ല അദ്ദേഹം. തുടക്കംതന്നെ പരാജയത്തോടെ എന്നു വേണമെങ്കിൽ പറയാം. പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടിയാക്കി കുതിച്ചുയരാൻ ഒരു വല്ലാത്ത ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. അതാണു രത്തനെ ശരിക്കും രത്നമാക്കുന്നത്.
ടാറ്റാ ഗ്രൂപ്പിലെ നെൽകോയുടെ ചുമതലയുമായാണ് 1971ൽ രത്തൻ ടാറ്റാ കമ്പനി സാരഥ്യത്തിലേക്കു വന്നത്. അതിനു മുൻപു 10 വർഷം വിവിധ ടാറ്റാ കമ്പനികളിൽ പരിശീലനം നേടിയിരുന്നു. റേഡിയോ, ടേപ് റിക്കാർഡർ/പ്ലെയർ തുടങ്ങിയവ നിർമിച്ച നെൽകോയെ പുതിയ മത്സര മേഖലകളിൽ വിജയിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. (ഇപ്പോൾ സാറ്റലൈറ്റ് കമ്യൂണിക്കേഷൻസിലും മറ്റുമാണു നെൽകോയുടെ പ്രവർത്തനം). അവിടെനിന്ന് ഉദാരവത്കരണ, ആഗാോളീകരണ കാലഘട്ടത്തിൽ ടാറ്റാ ഗ്രൂപ്പിനെ മത്സരക്ഷമമാക്കി ആഗോള തലത്തിൽ ശ്രദ്ധേയ സാന്നിധ്യമാക്കി മാറ്റാനുള്ള നിയാോഗം രത്തനു ലഭിച്ചു. അതിങ്ങനെ:
വളർച്ചയുടെ ചിത്രം
ആദ്യദൗത്യം വിജയമായില്ലെങ്കിലും ജെ.ആർ.ഡി. ടാറ്റാ തന്റെ പിൻഗാമിയായി രത്തനെ വളർത്തിയെടുത്തു. 1981ൽ ജെആർഡിക്കു പകരം ടാറ്റാ ഇൻഡസ്ട്രീസിന്റെ ചെയർമാനാക്കി. 1991 മാർച്ചിൽ ഗ്രൂപ്പിന്റെ സമ്പൂർണ അധികാരം കൈയാളുന്ന ടാറ്റാ സൺസ് എന്ന മാതൃകമ്പനിയുടെ ചെയർമാനുമാക്കി. അന്നു ടാറ്റാ വ്യവസായ ഗ്രൂപ്പിന്റെ വാർഷിക വരുമാനം 400 കോടി ഡോളർ. 21 വർഷത്തിനു ശേഷം 2012ൽ അദ്ദേഹം സ്ഥാനംവിടുമ്പോൾ വരുമാനം 10,000 കോടി ഡോളർ. 25 ഇരട്ടി.
2024ൽ 16,500 കോടി.1990ലേതിന്റെ 41 ഇരട്ടി. ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം 1991ലെ 8000 കോടി രൂപയിൽനിന്ന് ഇപ്പോൾ 35 ലക്ഷം കോടി രൂപയിൽ എത്തി. ഈ യാത്രയിൽ നിരവധി വെല്ലുവിളികൾ മറികടന്നു. പല പരാജയങ്ങൾ നേരിട്ടു. ഗ്രൂപ്പിലും പുറത്തും പല എതിർപ്പുകളെ പരാജയപ്പെടുത്തി. എല്ലാം കഴിഞ്ഞപ്പോൾ ഏറ്റവും ആദരിക്കപ്പെടുന്ന ആഗാോള ബ്രാൻഡുകളുടെ മുൻനിരയിൽ ടാറ്റാ സ്ഥാനം പിടിച്ചു.
പൊളിച്ചടുക്കി തുടക്കം
വിശ്വസ്ത സഹപ്രവർത്തകർക്ക് ഏതാണ്ടു സമ്പൂർണ സ്വയംഭരണാധികാരം നൽകിയാണു ജെആർഡി ഗ്രൂപ്പിനെ നയിച്ചത്. അതു മാറ്റി ഗ്രൂപ്പ് കമ്പനികളെ ബോംബെ ഹൗസിന്റെ (ടാറ്റാ സൺസിന്റെ ആസ്ഥാനം) വരുതിയിലാക്കുകയാണു ചെയർമാൻപദവിയിൽ രത്തൻ ടാറ്റ ആദ്യം ചെയ്തത്. ഇതിനായി കമ്പനി മേധാവികൾക്ക് 75 വയസ് റിട്ടയർമെന്റ് പ്രായമായി നിശ്ചയിച്ചു. റൂസി മോഡി (ടാറ്റാ സ്റ്റീൽ), ദർബാരി സേഠ് (ടാറ്റാ കെമിക്കൽസ് ), അജിത് കേർകർ (ഇന്ത്യൻ ഹോട്ടൽസ്) തുടങ്ങിയ പ്രഗല്ഭരെ നീക്കുകയായിരുന്നു ലക്ഷ്യം. മൂവരും ചെറുത്തു. മോഡി തന്റെ ദത്തുപുത്രനെ കമ്പനി ബോർഡ് അറിയാതെ ജോയിന്റ് എംഡി ആക്കുന്ന സാഹസവും കാണിച്ചു. സേഠ് തന്റെ മകനെ എംഡി ആക്കിക്കൊണ്ടു വിരമിച്ചു. രണ്ടു പേരും നീക്കപ്പെട്ടു, പിന്നാലെ മക്കളും. താജ് ബ്രാൻഡിനെ വളർത്തിയെടുത്ത കേർകർക്ക് ഒരു വിദേശനാണ്യ വിനിമയ കേസിനെത്തുടർന്നു പിരിയേണ്ടിവന്നു.
വിറ്റും വാങ്ങിയും മുന്നേറ്റം
പ്രമുഖ ഗ്രൂപ്പ് കമ്പനികളെ തന്റെ വരുതിയിലാക്കിയ രത്തൻ ടാറ്റ പിന്നീട് ഏറ്റെടുക്കലുകളിലൂടെ തന്റെ ഗ്രൂപ്പിനെ വളർത്തി. ഒപ്പം ഗ്രൂപ്പിനു നന്നായി നടത്താൻ കഴിയില്ലെന്നു ബോധ്യം വന്ന കമ്പനികളെ വിറ്റൊഴിച്ചു. സോപ്പ്, അലക്കുപൊടി ബിസിനസിൽ ഉണ്ടായിരുന്ന ടോംകാേ (ടാറ്റാ ഓയിൽ മിൽസ് കമ്പനി) അങ്ങനെ ഒഴിവാക്കപ്പെട്ടവയിൽ പെടുന്നു. പല കമ്പനികളുടെയും പേര് പരിഷ്കരിച്ചു. ടെൽകോ ടാറ്റാ മോട്ടോഴ്സും ടിസ്കോ ടാറ്റാ സ്റ്റീലും ആയി.
ടീ ബാഗുകൾ ആവിഷ്കരിച്ച് പ്രശസ്തമായ ബ്രിട്ടീഷ് കമ്പനി ടെട്ലിയെ ഏറ്റെടുക്കാനാണ് രത്തൻ ടാറ്റ ആദ്യം ശ്രമിച്ചത്. 1994ൽ നടത്തിയ ശ്രമം വിജയിച്ചില്ല. പിന്നീട് 2000ൽ അവസരം കിട്ടി. 44 കോടി ഡോളറിന് അതു ടാറ്റായുടേതാക്കി. 2007ൽ 1300 കോടി ഡോളറിന് ബ്രിട്ടനിലെ കോറസ് വാങ്ങി. യൂറോപ്പിലെ രണ്ടാമത്തെ വലിയ ഈ സ്റ്റീൽ കമ്പനി ബ്രിട്ടീഷ് ഘനവ്യവസായ മേഖലയിലെ തിളങ്ങും താരമായിരുന്നു.
ഫോഡിനെ രക്ഷിച്ചു, ടാറ്റാ നേട്ടം കൊയ്തു
2008-ൽ ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) 230 കോടി ഡോളറിനു വാങ്ങി ടാറ്റാ മോട്ടോഴ്സിനെ ആഗോള കമ്പനിയാക്കി. ഫോഡ് കമ്പനി പാപ്പർ ഭീഷണിയിലായപ്പോൾ ടാറ്റാ നടത്തിയ ഈ വാങ്ങൽ ഇരു കൂട്ടർക്കും വലിയ നേട്ടമായി. ഫോഡ് പാപ്പരത്തത്തിൽനിന്നു രക്ഷപ്പെട്ടു. ഇന്നു ടാറ്റാ മോട്ടോഴ്സിന്റെ വരുമാനത്തിന്റെ 65 ശതമാനം ജെഎൽആറിൽ നിന്നാണ്. ദക്ഷിണകൊറിയൻ കമ്പനി ദേവൂ മോട്ടോഴ്സിന്റെ വാണിജ്യവാഹന വിഭാഗവും ടാറ്റാ മോട്ടോഴ്സിന്റേതായി.
അമേരിക്കയിലെ സിറ്റി ഗ്രൂപ്പിൽനിന്ന് സിറ്റിഗ്രൂപ്പ് ഗ്ലോബൽ സർവീസസ് 51.2 കോടി ഡോളറിനാണു ടിസിഎസ് 2008ൽ വാങ്ങിയത്. അക്കൊല്ലം തന്നെ ടാറ്റാ കെമിക്കൽസ് 100 കോടി ഡോളറിന് അമേരിക്കയിലെ ജനറൽ കെമിക്കൽസിനെ വാങ്ങി.
രത്തൻ ടാറ്റാ ചെയർമാനായിരുന്ന കാലത്ത് അറുപതിലേറെ കമ്പനികളോ ബ്രാൻഡുകളോ ടാറ്റാ ഗ്രൂപ്പ് വാങ്ങി. നേരത്തേ പറഞ്ഞവയിൽ പെടാത്ത എയിറ്റ് ഒ ക്ലാേക്ക് കോഫീ, സെയിന്റ് ജെയിംസ് കോർട്ട് ഹോട്ടൽ, ബ്രിട്ടീഷ് സോൾട്ട്, നാറ്റ് സ്റ്റീൽ (ഇതു പിന്നീട് വിറ്റു) തുടങ്ങിയവയും ടാറ്റാ അക്കാലത്തു വാങ്ങി.
എല്ലാം വിജയിച്ചില്ല
എല്ലാ വാങ്ങലുകളും വിജയമായില്ല. കോറസിന് ഇപ്പോഴും മാതൃകമ്പനി ടാറ്റാ സ്റ്റീലിന്റെ സഹായം വേണം. സിംഗപ്പൂരിലെ നാറ്റ് സ്റ്റീൽ വാങ്ങി കുറേക്കാലം കഴിഞ്ഞു വിൽക്കേണ്ടിവന്നു. വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് (വിഎസ്എൻഎൽ) വാങ്ങിയതും ഉദ്ദേശിച്ച നേട്ടം നൽകിയില്ല. എല്ലാ വാങ്ങൽ ശ്രമങ്ങളും വിജയിച്ചില്ല. ലണ്ടനിലെ ഓറിയന്റ് എക്സ്പ്രസ് ഹോട്ടൽസ് വാങ്ങാൻ പലവട്ടം ശ്രമിച്ചിട്ടു നടന്നില്ല.
ജെആർഡി ടാറ്റാ 1932ൽ തുടങ്ങിയ എയർ ഇന്ത്യ സർക്കാരിൽനിന്നു തിരിച്ചു വാങ്ങുക രത്തന്റെ വലിയ സ്വപ്നമായിരുന്നു. 2021ലാണ് ദുർബല ബ്രാൻഡ് ആയി മാറിയ എയർ ഇന്ത്യയെ തിരിച്ചുപിടിക്കാനായത്.
രത്തന്റെ എല്ലാ നല്ല ആശയങ്ങളും വലിയ വിജയം നേടിയില്ല. കാർ/എസ്യുവി വിപണിയിലെ പ്രവേശം ടാറ്റാ സുമോ, ഭാരമേറിയ ടാറ്റാ എസ്റ്റേറ്റ്, ടാറ്റാ സിയറ, ടാറ്റാ സഫാരി എന്നിവയിലൂടെ ആയിരുന്നു. എസ്റ്റേറ്റും സിയറയും വിപണിയിൽനിന്നു പോയി. സുമോയും കുറേക്കഴിഞ്ഞ് അസ്തമിച്ചു. പിന്നീട് അവതരിപ്പിച്ച ഇൻഡിക്കയും ഇൻഡിഗാോയും പ്രതീക്ഷിച്ച വിജയം നേടിയില്ല. സ്കൂട്ടറിൽ അപകടയാത്ര ചെയ്യുന്ന താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട നാനോയ്ക്കു ഫാക്ടറി കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടി. ഒടുവിൽ ഗുജറാത്തിൽ നരേന്ദ്ര മോദി സൗകര്യം നൽകിയപ്പോഴേക്ക് വിപണിതന്നെ മാറി. വർഷങ്ങൾക്കു ശേഷം നാനോ ഉത്പാദനം നിർത്തി. എന്നാൽ പിന്നീട് ഇലക്ട്രിക് കാറുകളുടെ വരവിൽ ടാറ്റാ വീണ്ടും ഒന്നാമതായി. വാണിജ്യവാഹന വിപണിയിൽ മത്സരം വർധിച്ചിട്ടും ടാറ്റാതന്നെ ഒന്നാമത്. കമ്മിൻസുമായി ചേർന്ന് എൻജിൻ നിർമാണത്തിലും ബിഎംഡബ്ല്യുവുമായി ചേർന്നു കാർ സോഫ്റ്റ്വേർ രംഗത്തും ഇന്നു ടാറ്റാ മുന്നിലുണ്ട്. മൊബൈൽ ടെലിഫോൺ സർവീസിലെ പ്രവേശവും വിജയമായില്ല. ഡിടിഎച്ച് (ഡയറക്ട് ടു ഹോം) സർവീസിലും തിരിച്ചടിയായി.
ടിസിഎസിലെ തിളങ്ങും നേട്ടം
എന്നാൽ ലൈഫ് സ്റ്റൈൽ റീട്ടെയിലിൽ ടാറ്റായുടെ വിവിധ ഫോർമാറ്റുകൾ വലിയ മുന്നേറ്റം നടത്തി. സുഡിയോയുടെ വിജയം ശ്രദ്ധേയമായി. വാച്ച് കമ്പനി മാത്രം ആയിരുന്ന ടൈറ്റനെ ഒരു ലൈഫ് സ്റ്റൈൽ കമ്പനിയാക്കി മാറ്റിയെടുത്തതും വലിയ വിജയമായി.
ടിസിഎസിനെ ടാറ്റാ സൺസിന്റെ ഉപകമ്പനിയിൽനിന്നു മാറ്റി പബ്ലിക് ഇഷ്യു നടത്തി ലിസ്റ്റ് ചെയ്തതു രത്തൻ ടാറ്റയുടെ വലിയ വിജയമായി. ഗ്രൂപ്പിന്റെ വിപണിമൂല്യത്തിന്റെ 60 ശതമാനത്തിലധികം ടിസിഎസിന്റേതാണ്. ടാറ്റാ സൺസ് വരുമാനത്തിന്റെ മുന്തിയ ഭാഗവും ടിസിഎസിൽനിന്നാണ്. രാജ്യത്ത് ഏറ്റവുമധികം പേർക്കു തൊഴിൽ നൽകുന്ന സ്വകാര്യ സ്ഥാപനവും അതു തന്നെ.
ഉപ്പുതൊട്ട് സോഫ്റ്റ്വേർ വരെ നൽകുന്ന ടാറ്റാ ഗ്രൂപ്പിനെ വിജയകരമായി നയിച്ച രത്തന് തന്റെ പിൻഗാമിയെ നിർണയിച്ചതിൽ പാളിച്ച പറ്റി. സഹ പാഴ്സി കുടുംബമായ ഷപ്പൂർജി പല്ലാേൺജിയിലെ സൈറസ് മിസ്ത്രിയെ 2012ൽ ടാറ്റാ സൺസ് ചെയർമാനാക്കിയെങ്കിലും നാലു വർഷത്തിനകം അദ്ദേഹത്തെ മാറ്റേണ്ടിവന്നു. കുറച്ചു കാലം ചെയർമാൻ സ്ഥാനത്തു തിരിച്ചു ചെന്ന രത്തൻ പിന്നീട് ടിസിഎസിലെ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കി.
ബിസിനസിൽ നൈതികതയും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച രത്തൻ ടാറ്റയുടേത് സാഹസികമായ ഒരു സംരംഭക യാത്രയായിരുന്നു. റിസ്ക് എടുക്കാതിരിക്കുന്നതാണ് വലിയ റിസ്ക് എന്നു പറഞ്ഞിരുന്ന അദ്ദേഹത്തിന്റെ മുന്നിൽ റിസ്കുകൾ അവസരങ്ങളായും പരാജയങ്ങൾ വിജയത്തിന്റെ പടികളായും മാറി.