പ്രവാസികളുടെ ആദായനികുതി
ഇന്ത്യയിൽ ആദായനികുതി നിശ്ചയിക്കുന്നതിലെ പ്രധാനഘടകം നികുതിദായകന്റെ റെസിഡൻഷ്യൽ സ്റ്റാറ്റസ് ആണ്. നികുതിദായകൻ റസിഡന്റ് സ്റ്റാറ്റസിലുള്ള വ്യക്തിയാണെങ്കിൽ ലോകത്തിൽ എവിടെനിന്നു വരുമാനം ലഭിച്ചാലും അത് ഇന്ത്യയിൽ നികുതിക്കു വിധേയമാണ്. എന്നാൽ, നോണ്‍ റെസിഡന്റ് സ്റ്റാറ്റസിലുള്ള വ്യക്തിക്ക് ഇന്ത്യയിൽനിന്നു ലഭിക്കുന്ന വരുമാനത്തിനു മാത്രം നികുതി നല്കിയാൽ മതി.
റെസിഡൻഷ്യൽ സ്റ്റാറ്റസ്
തന്നാണ്ടിൽ ഇന്ത്യയിൽ 182 ദിവസത്തിൽ കൂടുതൽ താമസിക്കുകയോ തൊട്ടുമുന്‍പുള്ള നാലു വർഷങ്ങളിൽ 365 ദിവസങ്ങളിൽ കൂടുതൽ ഇന്ത്യയിൽ താമസിക്കുകയും തന്നാണ്ടിൽ 60 ദിവസത്തിൽ കൂടുതൽ ഇന്ത്യയിലുണ്ടാവുകയും ചെയ്താലാണ് റെസിഡന്റ് സ്റ്റാറ്റസ് ഉണ്ടാവുന്നത്. മുകളിൽപറഞ്ഞ വ്യവസ്ഥ പാലിച്ചില്ലെങ്കിൽ അദ്ദേഹം നോണ്‍ റെസിഡന്റ് പദവിക്കർഹനാണ്. എന്നാൽ ഇന്ത്യൻ പൗരൻ വിദേശത്തു ജോലിക്കു പോയിരിക്കുന്ന അവസരങ്ങളിലും കപ്പലിൽ ജോലി ചെയ്യുന്നവർക്കും ആദ്യത്തെ നിബന്ധന മാത്രമേ സ്റ്റാറ്റസ് തീരുമാനത്തിനു ബാധകമാകൂ.
പ്രവാസികൾ ആദായനികുതി റിട്ടേണ്‍ നൽകണമോ?
നടപ്പു സാന്പത്തികവർഷം 2.50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഇന്ത്യയിൽനിന്നു ലഭിച്ചാൽ തീർച്ചയായും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യണം. കൂടാതെ ചില നിക്ഷേപ പദ്ധതികളിൽനിന്നോ സ്വത്തുക്കളിൽനിന്നോ മൂലധനനേട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്മേൽ പ്രവാസികൾ നികുതി അടയ്ക്കേണ്ടതായിട്ടുണ്ട്. എന്നാൽ മുകളിൽപ്പറഞ്ഞ മൂലധനനേട്ടത്തിനും മറ്റും സ്രോതസിൽനിന്നു നികുതി പിടിച്ചിട്ടുണ്ടെങ്കിലും മറ്റുവരുമാനങ്ങളൊന്നും ഇന്ത്യയിൽനിന്നില്ലെങ്കിലും നികുതി റിട്ടേണ്‍ ഫയൽചെയ്യണമെന്ന് നിർബന്ധമില്ല. എന്നാൽ നികുതിദായകൻ ആദായനികുതി റീഫണ്ടിന് അർഹനാണെങ്കിൽ റിട്ടേണ്‍ഫയൽ ചെയ്താൽ മാത്രമേ റീഫണ്ട് ലഭ്യമാകൂ. ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്കു ലഭിക്കുന്ന മൂന്നു ലക്ഷം/ അഞ്ചു ലക്ഷം രൂപ വരെയുള്ള അടിസ്ഥാന കിഴിവ് പ്രവാസികൾക്ക് 2,50,000 രൂപ മാത്രമാണ്.
പ്രവാസികൾ മുൻകൂർ നികുതി അടയ്ക്കണമോ?
പ്രവാസികൾക്കായി മാത്രം മുൻകൂർ നികുതിയിൽ ഒരു പ്രത്യേക പരിഗണന ഇല്ല. സാധാരണഗതിയിൽ 10000/-രൂപയിൽ കൂടുതൽ നികുതി ബാധ്യതയുണ്ടെങ്കിൽ മുൻകൂർനികുതിഅടയ്ക്കുവാൻ ബാധ്യതയുണ്ട്. പ്രവാസികൾക്കും ഇതുബാധകമാണ്.
ആദായനികുതി റിട്ടേണ്‍ സമർപ്പണത്തിനുള്ള തീയതി
സാധാരണ നികുതിദായകർക്കു ബാധകമാകുന്ന തീയതികൾ തന്നെയാണ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനു പ്രവാസികൾക്കും ബാധകം. 2018-19 സാന്പത്തികവർഷത്തിൽ ഇത് ഓഗസ്റ്റ് 31 വരെ ദീർഘിപ്പിച്ച് നൽകിയിരുന്നു. അതിനുശേഷം ഫയൽ ചെയ്യുകയാണെങ്കിൽ നിർദിഷ്ട നിരക്കിലുള്ള പിഴ അടയ്ക്കേണ്ടതായിട്ടുണ്ട്.
പ്രവാസികൾക്ക് നികുതി ഒഴിവുള്ള വരുമാനങ്ങൾ
എൻആർഇ അക്കൗണ്ടിൽനിന്നും എഫ്സിഎൻആർ അക്കൗണ്ടുകളിൽനിന്നും ലഭിക്കുന്ന പലിശകൾ നികുതിയിൽനിന്നും ഒഴിവാണ്. കൂടാതെ കെട്ടിടവാടക ലഭിക്കുന്നുണ്ടെങ്കിൽ അതിൽനിന്നും പ്രോപ്പർട്ടി ടാക്സും 30ശതമാനം കിഴിവും സാധാരണ എല്ലാവർക്കും ലഭിക്കുന്നതുപോലെതന്നെ പ്രവാസികൾക്കും ലഭിക്കും. കെട്ടിടത്തിന്മേൽ ധനകാര്യസ്ഥാപനങ്ങളിൽ കടമുണ്ടെങ്കിൽ, പലിശയ്ക്കും ഒഴിവു ലഭിക്കും.
കൂടാതെ ഇൻഷ്വറൻസിൽ അടയ്ക്കുന്ന നിക്ഷേപങ്ങൾ, കുട്ടികളുടെ ട്യൂഷൻഫീസുകൾ, ഹൗസിംഗ് ലോണിലേക്കുള്ള തിരിച്ചടവ് മുതലായവയ്ക്ക് 1,50,000/- രൂപ വരെയുള്ള കിഴിവ് ലഭിക്കുന്നതാണ്. മെഡിക്ലെയിമിലേക്ക് കുടുംബാംഗങ്ങൾക്കും മാതാപിതാക്കൾക്കും വേണ്ടി അടയ്ക്കുന്ന തുകയ്ക്കും പരമാവധി 50,000/- രൂപയുടെ കിഴിവുകൾക്കു പ്രവാസികളും അർഹരാണ്.
റിട്ടേണുകൾ ഫയൽ ചെയ്യുന്നവിധം
ഇന്ത്യയിൽ നികുതിക്കു വിധേയമാകുന്ന വരുമാനമുണ്ടെങ്കിൽ ഇലക്ട്രോണിക് ആയി മാത്രമേ റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കൂ. ഈ നിയമം പ്രവാസികൾക്കും ബാധകമാണ്. നികുതിദായകനു ഡിജിറ്റൽ സിഗ്നേച്ചർ ഉണ്ടെങ്കിൽ ഐടിആർ പ്രോസസിംഗ് സെന്ററുകളിലേക്ക് പരിശോധനയ്ക്കായി അയയ്ക്കേണ്ടതില്ല.
പ്രവാസികൾക്ക് വിദേശപണം ഉപയോഗിച്ച് കൃഷിഭൂമിയോ തോട്ടങ്ങളോ വാങ്ങാൻ സാധിക്കുമോ?
പ്രവാസികൾക്ക് വിദേശപണം ഉപയോഗിച്ച് കൃഷിഭൂമിയോ, ഫാം ഹൗസോ വാങ്ങുവാനോ റിയൽഎസ്റ്റേറ്റ് ബിസിനസ് നടത്തുവാനോ ഉള്ള അവകാശം ഇല്ല.
പ്രവാസികളുടെ ഭൂസ്വത്തുക്കളുടെ വില്പന
രണ്ടു വർഷത്തിൽ കൂടുതൽ കൈവശമിരുന്ന ഭൂസ്വത്തുക്കൾ വില്ക്കുന്പോൾ ലഭിക്കുന്ന മൂലധനനേട്ടത്തിന് 20 ശതമാനം മൂലധനനേട്ട നികുതി അടയ്ക്കേണ്ടതുണ്ട്. എന്നാൽ നികുതി ഒഴിവാക്കാനുള്ള നിക്ഷേപപദ്ധതികൾ പ്രവാസികൾക്കും തെരെഞ്ഞെടുക്കാവുന്നതാണ്.
സ്വത്തുക്കൾ വില്ക്കുന്പോൾ ലഭിക്കുന്ന പണം വിദേശത്തേക്ക് കൊണ്ടുപോകുന്നതിന്
സ്വത്തുക്കൾ വിൽക്കുന്പോൾ ലഭിക്കുന്നപണം എൻആർഒ അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിക്കുക. പിന്നീട് നികുതി അടച്ച് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സർട്ടിഫിക്കറ്റോടുകൂടി എൻആർഇ അക്കൗണ്ടിലേക്ക് മാറ്റാവുന്നതാണ്.
വില്പനയുടെ സമയത്ത് 20ശതമാനം നിരക്കിൽ സ്രോതസിൽനിന്നും നികുതി പിടിക്കേണ്ടതായി വരുന്ന സാഹചര്യം ഒഴിവാക്കുവാൻ അർഹിക്കുന്ന അവസരങ്ങളിൽ, ആദായനികുതി ഓഫീസറുടെ പക്കൽനിന്നും സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാവും.