നോണ്‍ റെസിഡന്റിന് ആദായനികുതി ഉണ്ടോ?
ആദായനികുതി നിർണയത്തിൽ ഒരു വ്യക്തിയുടെ റെസിഡൻഷ്യൽ സ്റ്റാറ്റസ് വളരെ പ്രധാനപ്പെട്ടതാണ്. റെസിഡൻഷ്യൽ സ്റ്റാറ്റസിനെ അടിസ്ഥാനപ്പെടുത്തിയാണ് ആദായനികുതി നിശ്ചയിക്കുന്നത്. റെസിഡൻഷ്യൽ സ്റ്റാറ്റസ് കണക്കാക്കുന്നത് പ്രസ്തുത വർഷം ഇന്ത്യയിൽ താമസിച്ച ദിവസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.
ആരാണ് നോണ്‍ റെസിഡന്റ് എന്നു ചോദിച്ചാൽ റെസിഡന്റ് അല്ലാത്തയാൾ എന്നാണ് ഉത്തരം. അതിനാൽ ആരാണ് റെസിഡന്റ് എന്നു പരിശോധിക്കാം. ഇന്ത്യയിൽ റെസിഡന്റ് ആവാൻ രണ്ടു വ്യവസ്ഥകളാണ് ഉള്ളത്. 1. ഇന്ത്യയിൽ പ്രസ്തുത വർഷം 182 ദിവസങ്ങളിൽ കൂടുതൽ താമസിക്കണം. 2. തന്നാണ്ടിൽ 60 ദിവസത്തിൽ കൂടുതലും കഴിഞ്ഞ നാലു വർഷങ്ങളിൽ മൊത്തം 365 ദിവസത്തിൽ കൂടുതലും ഇന്ത്യയിൽ ഉണ്ടാവുകയും ചെയ്താൽ അദ്ദേഹം ഇന്ത്യൻ റെസിഡന്റ് ആകും. എന്നാൽ വിദേശങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യയിൽ കപ്പലുകളിൽ ജോലിചെയ്യുന്നവർക്കും പേഴ്സണ്‍സ് ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ)ആയിട്ടുള്ളവർക്കും ആദ്യത്തെ വ്യവസ്ഥ മാത്രം നോക്കിയാൽ മതി.
മുകളിൽ പറഞ്ഞ വ്യവസ്ഥകൾ അനുസരിച്ച് ഒരാൾ റെസിഡന്റ് അല്ലെങ്കിൽ അയാൾ നോണ്‍ റെസിഡന്റ് ആണ്. പേർസണ്സ് ഓഫ് ഇന്ത്യൻ ഒറിജിൻ എന്നുപറയുന്നത് പ്രസ്തുത വ്യക്തിയുടെ മാതാപിതാക്കളോ ഗ്രാൻഡ് പേരന്റ്സിൽ ആരെങ്കിലുമോ ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ ആണ്.
നോണ്‍ റെസിഡന്റിന്റെ വിദേശ വരുമാനം ഇന്ത്യയിൽ നികുതി ബാധകമല്ല
നിങ്ങൾ ഇന്ത്യയിൽ റെസിഡന്റ് സ്റ്റാറ്റസുള്ള വ്യക്തിയാണെങ്കിൽ ലോകത്തിലെവിടെയും ഉള്ള നിങ്ങളുടെ സന്പാദ്യങ്ങൾക്ക് ഇന്ത്യയിൽ നികുതി കൊടുക്കണം. എന്നാൽ,നോണ്‍റെസിഡന്റ് സ്റ്റാറ്റസുണ്ടെങ്കിൽ നിങ്ങൾക്ക് ഇന്ത്യയിൽ സന്പാദിച്ച വരുമാനങ്ങൾക്ക് മാത്രം ഇന്ത്യയിൽ നികുതി കൊടുത്താൽ മതി. വിദേശത്താണ് ജോലിചെയ്യുന്നത് എങ്കിലും ശന്പളം ഇന്ത്യയിലാണു ലഭിക്കുന്നത് എങ്കിൽ ഇന്ത്യയിൽ നികുതി കൊടുക്കണം. ഇന്ത്യയിൽ നിങ്ങളുടെ പേരിൽ ലഭിക്കുന്ന വാടകയ്ക്കും മൂലധന നേട്ടങ്ങൾക്കും ഒക്കെ നിങ്ങൾ ഇന്ത്യയിൽ നികുതി കൊടുക്കേണ്ടതുണ്ട്. എന്നാൽ, ഇന്ത്യക്കു വെളിയിൽ സന്പാദിക്കുന്ന നേട്ടങ്ങൾക്ക് ഇവിടെ നികുതി കൊടുക്കേണ്ട. എൻആർഇ അക്കൗണ്ടിൽനിന്നും എഫ്സിഎൻആർ അക്കൗണ്ടുകളിൽനിന്നും ലഭിക്കുന്ന പലിശയ്ക്ക് ഇന്ത്യയിൽ നികുതി ഇല്ല. എന്നാൽ എൻആർഒ അക്കൗണ്ടിൽനിന്നും ലഭിക്കുന്ന പലിശയ്ക്ക് ഇന്ത്യയിൽ നികുതി നൽകേണ്ടതുണ്ട്.
നോണ്‍ റെസിഡന്റ് ആയിട്ടുള്ളവർ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കണമോ?
നിലവിലെ നിയമം അനുസരിച്ച് വാർഷിക വരുമാനം 2,50,000 രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ ഇന്ത്യയിൽ നികുതി കൊടുക്കണം. ഇന്ത്യയിൽ മുതിർന്നപൗരന്മാർക്ക് ലഭിക്കുന്ന അടിസ്ഥാനകിഴിവ് (60 വയസു മുതൽ 80 വയസുവരെയുള്ളവർക്ക് മൂന്ന് ലക്ഷം രൂപയും, 80 വയസിന് മുകളിലുള്ളവർക്ക് അഞ്ചു ലക്ഷം രൂപയും) നോണ്‍ റെസിഡന്റിന് ലഭിക്കില്ല. കൂടാതെ സ്രോതസിൽ നികുതി പിടിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് നികുതികൊടുക്കേണ്ടവരുമാനം ഇല്ലെങ്കിലും റിട്ടേണുകൾ ഫയൽ ചെയ്താൽ മാത്രമേ റീഫണ്ട് ലഭിക്കുകയുള്ളു.
റിട്ടേണുകൾ സമർപ്പിക്കേണ്ട തീയതികൾ
നോണ്‍ റെസിഡന്റ്സിന് റിട്ടേണ്സമർപ്പിക്കുവാനുള്ള തീയതി ജൂലൈ 31 ആണ്.
നോണ്‍ റെസിഡന്റിന് നികുതിക്കു വിധേയമായ വരുമാനങ്ങൾ
ശന്പളവരുമാനം
നിങ്ങൾ എൻആർഐ ആണെങ്കിലും ഇന്ത്യയിലാണ് ശന്പളം ലഭിക്കുന്നത് എങ്കിൽ അത് നികുതിക്ക് വിധേയമാണ്. സേവനം ചെയ്യുന്നത് ഇന്ത്യയിലാണെങ്കിലും അത് നികുതി വിധേയമാണ്. കൂടാതെ നിങ്ങൾ ഇന്ത്യ വെളിയിലാണ് സേവനം ചെയ്യുന്നത് എങ്കിലും ശന്പളം തരുന്നത് ഇന്ത്യാഗവണ്മെന്റ് ആണെങ്കിൽ അത് ഇന്ത്യയിൽ നികുതിക്കു വിധേയമായിരിക്കും.
ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വരുമാനം
ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഹൗസ് പ്രോപ്പർട്ടിയിൽനിന്നുള്ള വരുമാനത്തിന് ഇന്ത്യയിൽ നികുതി കൊടുക്കണം. നോണ്‍ റെസിഡന്റ് ആയിട്ടുള്ളവർക്കും റെസിഡന്റ് ആയിട്ടുള്ളവർക്കും ഹൗസ് പ്രോപർട്ടിയിൽനിന്നുള്ള വരുമാനത്തിന് കിഴിവ് ഒരുപോലെ ആണ്. ലോക്കൽ അഥോറിറ്റിക്കു കൊടുക്കുന്ന നികുതികൾ, 30% സ്റ്റാൻഡേർഡ് ഡിഡക്ഷൻ, വായ്പ എടുത്തിട്ടുണ്ടെങ്കിൽ അതിന്റെ പലിശ എന്നിവയുടെ കിഴിവുകൾ രണ്ടുകൂട്ടർക്കും ഒരുപോലെ തന്നെ ആണ്. അതുപോലെതന്നെ ഭവനവായ്പയുടെ മുതലിന്റെ തിരിച്ചടവിന് 80 സി പ്രകാരം ലഭിക്കുന്ന കിഴിവിന് നോണ്റെസിഡന്റിനും അർഹതയുണ്ട്.
നോണ്‍ റെസിഡന്റിന് നൽകുന്ന വാടകയിൽനിന്നും 30% നികുതി സ്രോതസിൽ പിടിച്ചതിനുശേഷം മാത്രം ബാക്കി വരുന്നതുകയാണ് അദ്ദേഹത്തിന്റെ എൻആർഒ അക്കൗണ്ടിൽ അടയ്ക്കേണ്ടത്. വാടകത്തുക എത്ര ചെറുതാണെങ്കിലും അതിന്റെ 30% ടിഡിഎസായി പിടിച്ചിരിക്കണം. നോണ്റെസിഡന്റിന് പണം അടയ്ക്കുന്നവർ ഫോം 15സിഎ ഓണ്‍ലൈനായി ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽ ഫയൽ ചെയ്യണം. അയയ്ക്കുന്ന തുക 50,000 രൂപയിൽ കൂടുതലാണെങ്കിൽ ഫോം 15 സിബി ചാർട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് ഒപ്പുവയ്പിച്ച് നൽകേണ്ടതുണ്ട്.
മൂലധന നേട്ടം
സ്വർണമോ ഓഹരികളോ ഭൂസ്വത്തുക്കളോ പോലുള്ള മൂലധന സ്വത്തുക്കൾ വിൽക്കുന്പോൾ ലഭിക്കുന്ന മൂലധനനേട്ടം നികുതിബാധകമാണ്. ഭൂസ്വത്തുക്കൾ വിൽക്കുന്പോൾ ലഭിക്കുന്ന ദീർഘകാല മൂലധനനേട്ടത്തിന് 20% നിരക്കിൽ സ്രോതസിൽനിന്നും നികുതി പിടിച്ചിട്ട് ബാക്കി തുക മാത്രമേ വാങ്ങുന്ന വ്യക്തികൾ നൽകാവൂ. രണ്ടു വർഷമോ അതിൽ കൂടുതലോ കാലത്തേക്ക് കൈവശം വച്ചിരുന്ന ഭൂസ്വത്തുക്കൾ വിൽക്കുന്പോൾ ആണ് ദീർഘകാലമ ൂലധനനേട്ടം ഉണ്ടാവുന്നത്. ഹ്രസ്വകാല മൂലധനനേട്ടത്തിന്റെ വരുമാനത്തിന് 30 ശതമാനം നിരക്കിൽ സ്രോതസിൽ നികുതി പിടിക്കണം.
നോണ്‍ റെസിഡന്റ്സ് മുൻകൂർ നികുതി അടയ്ക്കണമോ?
നികുതിബാധ്യത 10,000 രൂപയിൽ കൂടുതലാണെങ്കിൽ മൂൻകൂർ നികുതി അടയ്ക്കണം
മറ്റു വരുമാനങ്ങൾ
എൻആർഇ അക്കൗണ്ടിൽനിന്നും എഫ്സിഎൻആർ അക്കൗണ്ടിൽനിന്നും ലഭിക്കുന്ന പലിശയ്ക്ക് നോണ്‍ റെസിഡന്റിന് പൂർണമായും നികുതി ഒഴിവുള്ളതാണ്. എന്നാൽ എൻആർഒ അക്കൗണ്ടിൽനിന്നുള്ള പലിശയ്ക്ക് നികുതി നൽകണം എന്നുമാത്രമല്ല അതിന് 30 ശതമാനം നിരക്കിൽ സ്രോതസിൽനിന്നും നികുതിയും ബാധകമാകുന്ന സെസ്സും പിടിക്കേണ്ടതുണ്ട്. ബാങ്കുകളിൽനിന്നും ലഭിക്കുന്ന ഫിക്സഡ് ഡെപ്പോസിറ്റുകളുടെയും സേവിംഗ്സ് അക്കൗണ്ടിന്റെയും പലിശയ്ക്കും നികുതി നൽകേണ്ടതുണ്ട്.