പാൻ - ആധാർ ബന്ധനം; പ്രവാസികൾക്കും 80 വയസ് കഴിഞ്ഞവർക്കും ബാധകമല്ല
ആദായനികുതി നിയമം 137 എഎ വകുപ്പനുസരിച്ച് പാൻ (പെർമനന്റ് അക്കൗണ്ട് നന്പർ) ഉള്ള എല്ലാ വ്യക്തികളും പാൻ ആധാർ നന്പരുമായി ജൂലൈ ഒന്നിനു മുന്പ് ബന്ധിപ്പിച്ചിരിക്കണം. പ്രസ്തുത തീയതിക്കു മുന്പ് ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവായി കണക്കാക്കപ്പെടുന്നതായിരിക്കും. പ്രസ്തുത നിയമത്തിനെതിരേ പരമോന്നത നീതിപീഠത്തിനു മുന്പാകെ കേസ് ഫയൽ ചെയ്തിരുന്നെങ്കിലും ആധാർ നന്പരും പാൻകാർഡുമുള്ള വ്യക്തികൾക്ക് യാതൊരുവിധ പ്രയോജനവും ലഭിച്ചില്ല. ആധാർ നന്പരില്ലാത്തവർക്ക് താത്കാലികമായി തൽസ്ഥിതി തുടരാൻ സാധിക്കും.
നികുതിക്കു വിധേയമായ വരുമാനമില്ലാത്തവർക്ക് പാൻ കാർഡും ആധാർ കാർഡുമുണ്ടെങ്കിൽ അവ ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധുവാകുന്നതാണ്. ഈ നിയമം പാൻ കാർഡും ആധാർ കാർഡുമുള്ള സ്കൂൾ വിദ്യാർഥികളെയും വീട്ടമ്മമാരെയും ഒക്കെ പ്രതികൂലമായി ബാധിക്കും. ഇവരിൽ പലരും ആദായനികുതിക്കു വിധേയമായ വരുമാനമില്ലെങ്കിലും മറ്റാവശ്യങ്ങൾക്കായി പാൻ കൈവശമാക്കിയവരും ആധാറുള്ളവരുമാണ്. നിർദിഷ്ട തീയതിക്കു മുന്പ് പാനുമായി ബന്ധിപ്പിച്ചില്ലെങ്കിൽ വ്യക്തികളുടെ പാൻ അസാധുവാകും. അങ്ങനെ വന്നുകഴിഞ്ഞാൽ പാൻ ആവശ്യമുള്ള പലവിധ സാന്പത്തിക ഇടപാടുകളും ബുദ്ധിമുട്ടിലായിത്തീരും.
ജൂലൈ ഒന്നിനു ശേഷം പാൻ കാർഡിനുള്ള അപേക്ഷകർ ആധാർ കാർഡ് ലഭിക്കാൻ യോഗ്യതയുള്ളവരാണെങ്കിൽ ആധാർ നന്പർ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അങ്ങനെയുള്ള ആളുകൾ ആധാർ നന്പർ ലഭിച്ചിട്ടില്ലാത്തവരാണെങ്കിൽ ആധാർ എൻറോൾമെന്റ് ഐഡി പാൻകാർഡിനുള്ള അപേക്ഷയോടൊപ്പം സമർപ്പിച്ചിരിക്കണം.
നിലവിൽ ആധാർ നന്പർ ഇല്ലാത്ത വ്യക്തികളുടെ പാൻ അസാധുവാക്കുന്നതല്ല.
ബന്ധിപ്പിക്കൽ ഇങ്ങന
പാൻ ആധാർ നന്പരുമായി സ്വയം ബന്ധിപ്പിക്കാൻ സാധിക്കും. ആദായനികുതി വകുപ്പിന്റെ ഇലക്ട്രോണിക് ഫയലിംഗ് വെബ്സൈറ്റായ incometaxindia efiling.gov.inൽ ലോഗ് ചെയ്ത് ലിങ്ക് ആധാർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതിനുശേഷം പാൻ പൂരിപ്പിക്കുക. അതിനുശേഷം ആധാർ നന്പരും പിന്നീട് ആധാർ കാർഡിലെ പേര് യാതൊരു മാറ്റവുമില്ലാതെ പൂരിപ്പിക്കുക. അപ്പോൾ സ്ക്രീനിൽ കാണുന്ന ക്യാപ്ച കോഡ് എഴുതിയതിനു ശേഷം സബ്മിറ്റ് ചെയ്യുക. ആധാറിലുള്ള ഡേറ്റാബേസുമായി താരതമ്യം ചെയ്ത ശേഷം ആദായനികുതി വകുപ്പിൽനിന്ന് ബന്ധിപ്പിക്കൽ പൂർത്തിയായി എന്നതിനുള്ള മെസേജ് ലഭിക്കുന്നതാണ്. ആദായനികുതി ഡിപ്പാർട്ട്മെന്റ് ഇറക്കിയ സർക്കുലർ അനുസരിച്ച് ജനനത്തീയതിയിൽ വ്യത്യാസമുണ്ടെങ്കിലാണ് ബന്ധിപ്പിക്കൽ നടത്താൻ സാധിക്കാത്തത്. ആധാറിലെ പേരും പാൻ കാർഡിലെ പേരും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ ഒന്നുകിൽ ആധാർ തെറ്റു തിരുത്തി പാൻ കാർഡിലെ പേരാക്കുക. അല്ലെങ്കിൽ ആധാർ അനുസരിച്ച് പാൻ കാർഡിലെ പേര് തിരുത്താനുള്ള അപേക്ഷ നല്കുക.
ആക്ടീവ് ആക്കണം
ആധാർ കാർഡിലെ പേരും പാൻ കാർഡിലെ പേരും മറ്റു വിവരങ്ങളും എല്ലാം ഒന്നുതന്നെയാണെങ്കിലും ചില സാഹചര്യങ്ങളിൽ ആധാർ കാർഡ് ആക്ടീവ് അല്ലാത്തതായി കാണിക്കാറുണ്ട്. അങ്ങനെയുള്ള കേസുകളിൽ ഡാറ്റാ സെന്ററുകളിൽ സൂക്ഷിച്ചിരിക്കുന്ന വ്യക്തികളുടെ ബയോമെട്രിക് ഐഡിക്ക് എന്തെങ്കിലും തകരാർ സംഭവിച്ചിരിക്കും എന്നാണു മനസിലാകുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ആധാർ സെന്ററുകളുമായോ അക്ഷയ സേവനകേന്ദ്രങ്ങളുമായോ ബന്ധപ്പെട്ട് ആധാർ ആക്ടീവ് ആക്കിയതിനുശേഷം പാൻ കാർഡുമായി ബന്ധിപ്പിക്കുക.
എസ്എംഎസും
പാൻ ആധാർ നന്പറുമായി ബന്ധിപ്പിക്കുന്നതിന് എസ്എംഎസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുള്ളതായി ആദായനികുതി വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. 567678 അല്ലെങ്കിൽ 56161 നന്പരിൽ UIDPAN എന്ന് രേഖപ്പെടുത്തിയശേഷം ആധാർ നന്പരും പാനും രേഖപ്പെടുത്തി മെസേജ് അയച്ചാൽ മതി എന്നാണ് പറഞ്ഞിരിക്കുന്നത് (ഉദാ: UIDPAN< space>ആധാർ നന്പർപാൻ നന്പർ). പാനും ആധാറും തമ്മിൽ ബന്ധപ്പെടുത്തൽ വിജയകരമായെങ്കിലും ഇല്ലെങ്കിലും മറുപടി എസ്എംഎസായി ലഭിക്കും. പക്ഷേ, ഈ സംവിധാനം കുറ്റമറ്റതാണെന്ന് പറയാൻ സാധിക്കില്ല.
ആദായനികുതി റിട്ടേണുകൾ ജൂലൈ ഒന്നിനു ശേഷം ഫയൽ ചെയ്യുന്നതിനാണ് ആധാർ നന്പർ പാനുമായി ബന്ധിപ്പിക്കേണ്ടത്. അതിനാൽ ജൂണ് 30 വരെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ആധാർ നന്പറിന്റെ ആവശ്യം വരുന്നില്ല. പാൻ ഡാറ്റായിൽ കാര്യമായ വ്യത്യാസമുള്ളതിനാൽ പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാൻ സാധിക്കാതെ വരുന്നവർ ജൂണ് 30നു മുന്പ് റിട്ടേണുകൾ ഫയൽ ചെയ്തതിനുശേഷം പാൻ കാർഡിന്റെ ഡാറ്റായിലുള്ള തിരുത്തലിന് അപേക്ഷിക്കുന്നത് ഉത്തമമായിരിക്കും.
ഒഴിവുകൾ
പ്രവാസികൾക്കും ആസാം, ജമ്മു കാഷ്മീർ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്കും 80 വയസ് കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്കും പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിൽനിന്ന് ഒഴിവു നല്കിയിട്ടുണ്ട്. പാൻ അസാധുവായാൽ സ്രോതസിൽ പിടിക്കുന്ന നികുതിയുടെ നിരക്ക് വർധിക്കുന്നതാണ്. പാൻ അസാധുവായാൽ മോട്ടോർ വാഹനങ്ങളുടെ ഇടപാടുകൾ, ബാങ്കിടപാടുകൾ, ഓഹരി-മ്യൂച്വൽ ഫണ്ട് ഇടപാടുകൾ തുടങ്ങിയ ഒട്ടുമിക്ക സാന്പത്തിക ഇടപാടുകൾക്കും ബുദ്ധിമുട്ടുണ്ടാകും.