എഐആർ അനുസരിച്ച് സർക്കാരിൽ റിപ്പോർട്ട് ചെയ്യേണ്ട ഇടപാടുകൾ
കള്ളപ്പണം നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് കേന്ദ്രഗവൺമെന്റ് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും കറൻസികൾ റദ്ദാക്കിയത്. ഇതുവഴി ബാങ്കുകളിൽ നിക്ഷേപങ്ങൾ ധാരാളം വർധിച്ചു. കൃത്യമായ കണക്ക് റിസർവ് ബാങ്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും അനൗദ്യോഗിക കണക്കുകൾ പറയുന്നത് 15 ലക്ഷം കോടി രൂപയോളം ബാങ്കുകളിൽ എത്തിയിട്ടുണ്ടെന്നാണ്.
കള്ളപ്പണം ബാങ്കിലേക്ക് വരില്ല എന്നുള്ളതായിരുന്നു ഗവൺമെൻറിൻറെ ധാരണ. എന്നാൽ, ഇങ്ങനെ വന്ന നിക്ഷേപങ്ങളിൽ കള്ളപ്പണവും ഉൾപ്പെടുന്നുണ്ട് എന്നാണ് ഇപ്പോൾ ഗവൺമെൻറ് വിശ്വസിക്കുന്നത്. അതിനാൽ പ്രസ്തുത കള്ളപ്പണം കണ്ടുപിടിക്കുന്നതിനുവേണ്ടി പല നടപടികളും സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്. തുടർ നടപടികളായി ഗവൺമെൻറ് രണ്ടു വിജ്‌ഞാപനങ്ങൾ (104/2016 തീയതി 15–11–2016ലും 2/2017 തീയതി 6–1–2017ലും) ഇറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ആദായനികുതി റൂൾസിലെ 114 ഇ യിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പ്രസ്തുത വിജ്‌ഞാപനങ്ങൾ അനുസരിച്ച് 2016 നവംബർ ഒൻപതു മുതൽ ഡിസംബർ 30 വരെയുള്ള കാലയളവിൽ വ്യക്‌തികളും സ്‌ഥാപനങ്ങളും അവരുടെ ഒന്നോ അതിലധികമോ കറൻറ് അക്കൗണ്ടുകളിലായി പന്ത്രണ്ടര ലക്ഷം രൂപയിൽ കൂടുതൽ തുക പണമായി നിക്ഷേപിച്ചിട്ടുണ്ടെ ങ്കിൽ ചെയ്തിട്ടുണ്ടെങ്കിൽ അത് ആദായനികുതി നിയമം 285 ബിഎ വകുപ്പനുസരിച്ച് സർക്കാരി ൽ റിപ്പോർട്ട് ചെയ്യണം. കറൻറ് അക്കൗണ്ട് അല്ലാത്ത ഏത് അക്കൗണ്ടിലും പ്രസ്തുത കാലയളവിൽ (ഒന്നോ അതിലധികമോ അക്കൗണ്ടുകളിലിൽ) രണ്ടര ലക്ഷം രൂപയിൽ കൂടുതൽ പണമായി നിക്ഷേപിച്ചിട്ടുണ്ടെങ്കിലും അവയും പ്രസ്തുത നിയമം അനുസരിച്ച് കേന്ദ്ര സർക്കാരിൽ റിപ്പോർട്ട് ചെയ്യപ്പെടേണ്ടതാണ്. ഇതു കൂടാതെ വിജ്‌ഞാപനം 2/2017 അനുസരിച്ച് മുകളിൽ സൂചിപ്പിച്ചിരിക്കുന്ന അക്കൗണ്ടുകളിൽ 2016 ഏപ്രിൽ ഒന്നു മുതൽ 2016 നവംബർ എട്ടു വരെ നിക്ഷേപിക്കപ്പെട്ട തുകകളുടെ വിവരങ്ങളും ബന്ധപ്പെട്ട സ്‌ഥാപനങ്ങൾ സർക്കാരില് സമർപ്പിക്കണം. കോ–ഓപ്പറേറ്റീവ് ബാങ്ക് ഉൾപ്പെടെയുള്ള എല്ലാ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും പ്രസ്തുത നിക്ഷേപങ്ങളുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ മുമ്പാകെ ഈ മാസം 31നു മുമ്പ് 61 എ എന്ന ഫോമിൽ സമർപ്പിക്കണം.
മുകളിൽ സൂചിപ്പിച്ച ഇടപാടുകൾ അല്ലാതെ കേന്ദ്ര സർക്കാർ മുമ്പാകെ 2016 ഏപ്രിൽ ഒന്നിനു ശേഷം 31–03–2017 വരെ നടന്ന/നടക്കുന്ന താഴെപ്പറയുന്ന സാന്പത്തിക ഇടപാടുകൾ താഴെപ്പറയുന്ന സ്‌ഥാപനങ്ങൾ ആദായനികുതി നിയമത്തിലെ വകുപ്പ് 285 ബി.എ. അനുസരിച്ച് 2017 മെയ് 31നു മുമ്പായി സമർപ്പിക്കേണ്ടതുണ്ട്. പ്രസ്തുത ഇടപാടുകൾ താഴെ സൂചിപ്പിക്കുന്നു.
I. കോ–ഓപ്പറേറ്റീവ് ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കിംഗ് കമ്പനികൾ
1) ഒരേ സാമ്പത്തികവർഷത്തിൽ ബാങ്കിൽ പണമായി അടച്ച് ആകെ 10 ലക്ഷം രൂപയ്ക്കോ അതിൽ കൂടുതലുള്ള തുകയ്ക്കോ ബാങ്ക് ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക്, പേ ഓർഡർ ഇവ ഏതെങ്കിലും എടുത്തിട്ടുള്ള വ്യക്‌തികളുടെയും സ്‌ഥാപനങ്ങളുടെയും വിവരങ്ങൾ
2) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ കോ–ഓപ്പറേറ്റീവ് ബാങ്കുകളും മറ്റു ബാങ്കുകളും ഇറക്കിയിട്ടുള്ള പ്രീപെയ്ഡ് ഇൻസ്ട്രുമെൻറ്സ്, ഒരു വർഷത്തിൽ ആകെ 10 ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ, പണം കാഷായി നല്കി വാങ്ങുന്നവരുടെ വിവരങ്ങൾ
3) ഒരു വർഷത്തിൽ ആകെ ഒന്നോ അതിൽ കൂടുതലോ കറൻറ് അക്കൗണ്ടുകളിൽനിന്നും 50 ലക്ഷമോ അതിൽ കൂടുതലോ പണം ക്യാഷായി ഡെപ്പോസിറ്റ് ഇടുകയോ പിൻവലിക്കുകയോ ചെയ്യുന്നവരുടെ വിവരങ്ങൾ. ഡെപ്പോസിറ്റും പിൻവലിക്കലും പ്രത്യേകമായി കണക്കുകൂട്ടണം.
II. ബാങ്കുകളും പ്രധാന പോസ്റ്റ് ഓഫീസുകളും
1) ഒരു വർഷത്തിൽ ആകെ 10 ലക്ഷം രൂപയോ അതിനു മുകളിലോ ഉള്ള പണം ക്യാഷായി, കറൻറ് അക്കൗണ്ടും ടൈം ഡെപ്പോസിറ്റും ഒഴികെ, ഒരു അക്കൗണ്ടിലോ വിവിധ അക്കൗണ്ടുകളിലോ നിക്ഷേപിച്ചിരിക്കുന്നവരുടെ വിവരങ്ങൾ.
2). കോ–ഓപ്പറേറ്റീവ് ബാങ്കുൾപ്പെടെയുള്ള ബാങ്കുകൾ, പ്രധാന പോസ്റ്റ് ഓഫീസുകൾ നിധികമ്പനികൾ, നോൺ ബാങ്കിംഗ് ഫിനാൻഷൽ കമ്പനികൾ
ഈ സ്‌ഥാപനങ്ങളിൽ ഒന്നോ അതിൽ കൂടുതലോ ടൈം ഡെപ്പോസിറ്റുകളായി ആകെ 10 ലക്ഷം രൂപയ്ക്കോ അതിൽ കൂടുതലുള്ള തുകയ്ക്കോ ഉള്ള ഡെപ്പോസിറ്റുകൾ ഒരു സാമ്പത്തിക വർഷം നിക്ഷേപിക്കുന്നവരുടെ വിവരങ്ങൾ സമർപ്പിക്കണം. പുതുക്കിയ ഡെപ്പോസിറ്റുകൾ ഇതിൽ ഉൾപ്പെടുത്തേണ്ട.
III. ബാങ്കുകളും മറ്റ് ക്രെഡിറ്റ് കാർഡ് സ്‌ഥാപനങ്ങളും
ഒരു വർഷം ഒന്നോ അതിലധികമോ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിയ സാധനങ്ങളുടെ ബില്ലുകൾ ഒരു ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ പണമായി അടച്ചാലും 10 ലക്ഷം രൂപയോ അതിനു മുകളിലോ ചെക്കായോ ഡ്രാഫ്റ്റായോ ആണ് അടയ്ക്കുന്നത് എങ്കിലും പ്രസ്തുത ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ നൽകണം.
IV. ബോണ്ടും കടപ്പത്രങ്ങളും ഇറക്കുന്ന കമ്പനികളും സ്‌ഥാപനങ്ങളും
ഒരു വർഷത്തിൽ 10 ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ ഉള്ള തുകയ്ക്ക് ബോണ്ടും കടപ്പത്രങ്ങളും വാങ്ങുന്നവരുടെ വിവരങ്ങൾ പ്രസ്തുത കമ്പനികളും സ്‌ഥാപനങ്ങളും നൽകണം. എന്നാൽ, ബോണ്ടോ കടപ്പത്രങ്ങളോ പുതുക്കി നല്കുന്നത് പ്രസ്തുത തുക കൂട്ടുമ്പോൾ കണക്കാക്കരുത്.
V. ഓഹരികൾ ഇറക്കുന്ന കമ്പനികൾ
ഒരു വർഷം 10 ലക്ഷത്തിനോ അതിനു മുകളിലുള്ള തുകയ്ക്കോ കമ്പനികളിൽനിന്നും ഓഹരികൾ വാങ്ങുന്നവരുടെ വിവരങ്ങൾ കമ്പനി നല്കണം. കമ്പനികൾ തങ്ങളുടെ തന്നെ ഓഹരികൾ നിക്ഷേപകരിൽ നിന്നും തിരിച്ചു വാങ്ങുകയും അത് 10 ലക്ഷം രൂപയ്ക്കോ അതിന് മുകളിലോ വരുന്നുണ്ടെങ്കിലും ആ നിക്ഷേപകരുടെ വിവരങ്ങൾ കമ്പനികൾ റിട്ടേണിൽ നൽകണം.
VI. മൂച്വൽ ഫണ്ട് സ്‌ഥാപനങ്ങൾ
ഒരു വർഷം 10 ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ ഉള്ള തുകകൾ ഒന്നോ അതിലധികമോ മ്യൂച്വൽ ഫണ്ടുകളിലായി നിക്ഷേപിച്ചിരിക്കുന്നവരുടെ വിവരങ്ങൾ മ്യൂച്വൽ ഫണ്ട് സ്‌ഥാപനങ്ങൾ നൽകണം. (ഒരു സ്കീമിൽനിന്നും ട്രാൻസ്ഫർ ചെയ്തു വരുന്ന തുക ഉൾപ്പെടുത്തരുത്.)
VII. വിദേശ കറൻസി ഇടപാടുകൾക്ക് അംഗീകാരം ലഭിച്ച ഡീലർമാർ
ഒരു വർഷം 10 ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ ഉള്ള തുകയ്ക്ക് വിദേശകറൻസി വാങ്ങുന്നവരുടെയും വിദേശ കറൻസിയിൽ ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / ട്രാവലേഴ്സ് ചെക്ക് / ഡ്രാഫ്റ്റ് വഴി 10 ലക്ഷം രൂപയിൽ കൂടുതൽ പണം ചെലവാ ക്കുകയും ചെയ്തിരിക്കുന്നവരുടെ വിവരങ്ങൾ ഉത്തരവാദപ്പെട്ട വിദേശ കറൻസി ഇടപാടുകാർ റിട്ടേൺ മുഖാന്തിരം സമർപ്പിക്കണം.
VIII. രജിസ്ട്രേഷൻ ചുമതലയുള്ള സബ് രജിസ്ട്രാർ /രജിസ്ട്രാർ / ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ
30 ലക്ഷം രൂപയ്ക്കോ അതിൽ കൂടുതലോ ആധാരവിലയുള്ള സ്‌ഥാവര സ്വത്തുകളുടെ വില്പനയുടെയും വാങ്ങലുകളുടെയും വിശദ വിവരങ്ങൾ മുകളിൽ സൂചിപ്പിച്ച അധികാരികൾ ഗവൺമെൻറിൽ നൽകണം.
IX. ആദായനികുതി നിയമം 44 എബി പ്രകാരം നിർബന്ധിത ഓഡിറ്റ് ഉള്ള എല്ലാവരും
രണ്ടു ലക്ഷം രൂപയ്ക്കോ അതിൽ കൂടുതലോ തുകയ്ക്കുള്ള എല്ലാ ഇടപാടുകളും (സേവനങ്ങളുൾപ്പെടെ) പണമായിട്ടാണ് നടത്തുന്നതെങ്കിൽ അതിൻറെ വിവരങ്ങൾ ബന്ധപ്പെട്ടവർ സർക്കാരിൽ സമർപ്പിക്കണം.
മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വിവരങ്ങൾ ബാധകമാകുന്ന സ്‌ഥാപനങ്ങൾ ഫോം നമ്പർ 61 എയിൽ പ്രസ്തുത റിട്ടേൺ ഇൻകം ടാക്സ് ഡയറക്ടർ (ഇൻറലിജൻസ് * ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ) അല്ലെങ്കിൽ ജോയിൻറ് ഡയറക്ടർക്ക് ഓൺലൈൻ ആയി ഡിജിറ്റൽ സിഗ്നേച്ചറോടുകൂടി 2017 മെയ് 31ന് മുമ്പ് സമർപ്പിക്കണം.