കരാർ അടിസ്ഥാനത്തിൽ ജോലി: സ്രോതസിൽ നികുതി 10%
അനവധി കന്പനികളും സ്ഥാപനങ്ങളും ജോലിക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമിക്കാറുണ്ട്. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം എങ്കിലും സ്ഥാപനത്തിലെ മറ്റു ജോലിക്കാർ ചെയ്യുന്നതുപോലെ എല്ലാത്തരം ജോലികളും അവർക്കും ചെയ്യേണ്ടതായുണ്ട്. മറ്റു ജോലിക്കാരുടെ ഒപ്പമാണ് ജോലിയെങ്കിലും അവർ നിയമപരമായി സ്ഥാപനത്തിന്റെ എംപ്ലോയിയല്ല.
സ്ഥാപനത്തിലെ എംപ്ലോയിയായിട്ടുള്ളവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഒന്നും കരാർ അടിസ്ഥാനത്തിൽ നിയമിതരായവർക്ക് ലഭിക്കുവാൻ അർഹതയില്ല. കരാർ അടിസ്ഥാനത്തിൽ നിയമിതനായ ജോലിക്കാരനും സ്ഥാപനവും തമ്മിൽ എംപ്ലോയർ - എംപ്ലോയി (തൊഴിലുടമ-തൊഴിലാളി) ബന്ധമില്ല.
കരാർ അടിസ്ഥാനത്തിൽ നിയമിതരായവർക്ക് വീട്ടുവാടകയുടെ അലവൻസുകളോ ലീവ് എൻക്യാഷ്മെന്റോ പെൻഷനോ ഉള്ള അവകാശം ഇല്ല. അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്നതിനുള്ള അവകാശവും അവർക്കില്ല. സാധാരണയായി സ്ഥാപനത്തിന്റെ ശന്പള രജിസ്റ്ററിൽ അവരുടെ പേരുകൾ ഉണ്ടാവില്ല.
കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജോലിക്കാരെ മറ്റു ജോലിക്കാരെ പോലെ കരുതാനാവില്ല. അവർക്ക് ലഭിക്കുന്ന വരുമാനവും ശന്പളം എന്ന ഹെഡിൽ അല്ല ചേർക്കേണ്ടത്. അവരുടെ വരുമാനം ബിസിനസിൽ നിന്നോ പ്രൊഫഷനിൽ നിന്നോ ഉള്ളത് എന്ന ഹെഡിലാണ് വരുന്നത്. അങ്ങനെ വരുന്ന സ്ഥിതിക്ക് അവർക്ക് കണക്കുകൾ സൂക്ഷിക്കുന്നതിനും ബാധ്യത ഉണ്ടാവുന്നതായി കാണാം.
എന്നാൽ അവർക്ക് ആദായനികുതി നിയമം 44 എഡിഎ അനുസരിച്ച് ആകെ വരവ് 50 ലക്ഷം രൂപയിൽ താഴെ ആണെങ്കിൽ 50% തുക വരുമാനം ആയി കണക്കാക്കി നികുതി നിശ്ചയിച്ച് റിട്ടേണുകൾ ഫയൽ ചെയ്യാവുന്നതാണ്. ഈ വ്യവസ്ഥ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജോലിക്കാർക്ക് വളരെയധികം ലാഭകരവും പ്രയോജനപ്രദവുമാണ്.
ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നും വരുമാനമുള്ള മറ്റുള്ളവരെപ്പോലെ കണക്കു ബുക്കുകൾ സൂക്ഷിക്കേണ്ട ആവശ്യകത ഉണ്ടാവുന്നില്ല. എന്നു മാത്രമല്ല 50% തുക ചെലവായി കുറച്ചു ലഭിക്കും. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് 44 എഡിഎ അനുസരിച്ച് അനുമാന നികുതി തെരഞ്ഞെടുക്കണമെന്ന് ഒരു നിർബന്ധവുമില്ല.
കരാർ ജോലിക്കാരൻ തന്റെ വരുമാനം കാണിക്കേണ്ടത് ബിസിനസിൽ നിന്നോ/ പ്രൊഫഷനിൽ നിന്നോ ഉള്ള വരുമാനം എന്ന ഹെഡിലാണ്. അതുപോലെ തന്നെ ടി വ്യക്തിക്ക് പ്രസ്തുത തുക സന്പാദിക്കുന്നതിനു വേണ്ടി ചെലവായ തുക ലഭിച്ച തുകയിൽനിന്നും കുറയ്ക്കാവുന്നതാണ്.
യാത്രാ ചെലവുകളും വഹനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ദൈനംദിന ചെലവുകളും തേയ്മാന ചിലവും ലഭിച്ച തുകയിൽനിന്നും കിഴിവായി എടുക്കാവുന്നതാണ്. ചിലവുകൾ കഴിഞ്ഞുവരുന്ന തുകയും വേറെ വരുമാനം എന്തെങ്കിലും ഉണ്ടെങ്കിൽ അവയും കൂട്ടി, നിലവിലെ നിരക്ക് അനുസരിച്ച് നികുതി കണക്കാക്കാവുന്നതാണ്.
പ്രസ്തുത വ്യക്തികൾ ജോലിക്കാർ ആണെങ്കിലും നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ വരുമാനം ബിസിനസ് / പ്രൊഫഷൻ എന്ന ഹെഡിൽ കാണിക്കുകയും അവർ കണക്കുകൾ തയ്യാറാക്കുകയും ലാഭനഷ്ടകണക്കുകളും ബാലൻസ് ഷീറ്റും തയാറാക്കി വേണം റിട്ടേണുകൾ സമർപ്പിക്കുവാൻ.
സ്രോതസിൽ നികുതി
കരാർ അടിസ്ഥാനത്തിൽ നിയമിതനായ ജോലിക്കാരന് പ്രതിമാസ കരാർ തുക നൽകുന്പോൾ സ്രോതസിൽ നികുതി പിടിക്കേണ്ടതായിട്ടുണ്ട്. അവർക്ക് സ്ഥാപനത്തിലോ നേരിട്ടുള്ള ജോലിക്കാർക്ക് ലഭിക്കുന്ന വാർഷിക ശന്പളം രണ്ടരലക്ഷത്തിൽ കൂടുതലായാൽ നികുതി എന്ന നിയമം ബാധകമല്ല.
എത്ര ശതമാനം നിരക്കിലാണ് നികുതി എന്നത് അവരുടെ ജോലിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ജോലി സെക്യൂരിറ്റി സർവീസോ, പ്യൂണോ, ഡ്രൈവറോ ആണെങ്കിൽ (ബ്ലൂ കോളർ ജോലികൾ) വാർഷിക തുക 1 ലക്ഷം രൂപയിൽ കൂടുതൽ ആണെങ്കിൽ 1% നിരക്കിൽ (ആദായനികുതി നിയമത്തിലെ 194 സി വകുപ്പനുസരിച്ച്) നൽകുന്ന തുകയിൽനിന്നും സ്ത്രോതസിൽ നികുതിയായി പിടിക്കണം.
ഉയർന്ന പ്രതിഫലം പറ്റുന്ന പ്രൊഫഷണൽ ജോലി ആണെങ്കിൽ (വൈറ്റ് കോളർ ജോലികൾ) വാർഷിക തുക 30,000/- രൂപയിൽ കൂടുതലാണെങ്കിൽ അവയിൽനിന്നും സ്രോതസിൽ 10% നികുതി (ആദായനികുതിനിയമം 194 ജെ വകുപ്പനുസരിച്ച്്) ആണ് പിടിക്കേണ്ടത്.
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ കരാർ ജോലിക്കാർക്ക് ലഭിക്കാവുന്ന വേതനം ശന്പളത്തിൽനിന്നു ലഭിക്കുന്ന വരുമാനം (ഇൻകം ഫ്രം സാലറി) എന്ന ഹെഡിൽ അല്ല വരുന്നത്. ഇത് തൊഴിലുടമയും കരാർ ജോലിക്കാരനും തമ്മിൽ ഒരു എംപ്ലോയർ - എംപ്ലോയി ബന്ധം ഇല്ലാത്തതിനാലാണ്.
അതിനാൽ അവർക്ക് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ ശന്പളക്കാർ ഉപയോഗിക്കുന്ന ഫോം (ഐടിആർ - 1 ഉം ഐടിആർ 2ഉം) ഉപയോഗിക്കുവാൻ സാധിക്കില്ല. അതുപോലെതന്നെ തൊഴിലുടമ സ്രോതസിൽ നികുതി പിടിച്ച് ടിഡിഎസ് റിട്ടേണ് ഫയൽ ചെയ്യുന്പോൾ 192-ാം വകുപ്പിൽ നികുതി പിടിച്ചുവെന്നും എഴുതരുത്.
സ്രോതസിൽ പിടിച്ച നികുതിയുടെ സർട്ടിഫിക്കറ്റ് ഫോം നന്പർ 16 എയിലാണ് തൊഴിലുടമ കരാർ ജോലിക്കാരന് നൽകേണ്ടത്. ഫോം നന്പർ 16ൽ സ്രോതസിൽ പിടിച്ച നികുതിയുടെ സർട്ടിഫിക്കറ്റുകൾ നൽകുന്നത് സ്ഥാപനത്തിലെ നേരിട്ടുള്ള ജോലിക്കാർക്കാണ്.