അപ്ഡേറ്റഡ് റിട്ടേണുകളുടെ ഫയലിംഗിന് അവസരം
2022 ലെ ഫിനാൻസ് ആക്ടിൽ ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് അവസരമൊരുക്കിയിട്ടുണ്ട്. അതിനുവേണ്ടി നികുതിനിയമത്തിൽ 139(8എ) എന്ന വകുപ്പ് കൂട്ടിച്ചേർത്തു.
പുതിയ നിയമം അനുസരിച്ച് നികുതിദായകർക്ക് അസസ്മെന്റ് വർഷം കഴിഞ്ഞ് 24 മാസത്തിനകം അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കും. ഫയൽ ചെയ്ത റിട്ടേണിൽ എന്തെങ്കിലും കുറ്റങ്ങളോ കുറവുകളോ ഉണ്ടെങ്കിൽ അധികനികുതി അടച്ച് അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യാവുന്നതാണ്.
ഫയൽ ചെയ്യാൻ
സാന്പത്തികവർഷം 20-21 ലെ റിട്ടേണ്‍ ആണ് അപ്ഡേറ്റഡ് ചെയ്യേണ്ടത് എന്നു കരുതുക. 20-21 സാന്പത്തികവർഷത്തിന്റെ അസസ്മെന്റ് വർഷം കഴിയുന്നത് 2022 മാർച്ച് 31 നാണ്. ആ ദിവസം കഴിഞ്ഞ് 24 മാസത്തേക്ക് 20-21 ലെ റിട്ടേണുകൾ അപ്ഡേറ്റ് ചെയ്ത് ഫയൽ ചെയ്യാൻ അവസരമുണ്ട്.
അതായത് 2024 മാർച്ച് 31 വരെ പ്രസ്തുത അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കും. പക്ഷേ, ഒരു നിബന്ധന ഉണ്ട്. അസസ്മെന്റ് വർഷം കഴിഞ്ഞ് 12 മാസത്തിനകം അപ്ഡേറ്റഡ് റിട്ടേണ്‍ ഫയൽ ചെയ്യുകയാണെങ്കിൽ അടക്കുന്ന നികുതിയുടെയും പലിശയുടെയും ഫീസിന്റെയും സർചാർജിന്റെയും 25% അധികനികുതി അടക്കണം.
12 മാസം കഴിഞ്ഞ് 24 മാസത്തിനകമാണ് അപ്ഡേറ്റ് ചെയ്യുന്നതെങ്കിൽ പ്രസ്തുത നികുതിയുടെയും പലിശയുടെയും ഫീസിന്റെയും 50% വരുന്ന തുക അധികനികുതി ആയി അടയ്ക്കണം. ഒരു നികുതിദായകന് ഒരു വർഷത്തേക്ക് ഒരു അപ്ഡേറ്റ് റിട്ടേണ്‍ മാത്രമേ ഫയൽ ചെയ്യാൻ സാധിക്കൂ. യഥാർഥ നികുതി കണക്കാക്കുന്പോൾ ടിഡിഎസ് പിടിച്ചതും മുൻകൂർ നികുതി അടച്ചതും ഒക്കെ പരിഗണിക്കണം.
ഫയൽ ചെയ്യുന്പോൾ
ഐടിആർ-യു ഫയൽ ചെയ്യുന്പോൾ നികുതിദായകൻ ഓരോ ഹെഡിലും ഉണ്ടായ അധികവരുമാനം മാത്രം സൂചിപ്പിച്ച് നികുതി അടച്ചാൽ മതി. സാധാരണ ടാക്സ് റിട്ടേണ്‍ ഫയൽ ചെയ്യുന്ന സമയത്ത് കാണിക്കുന്നതുപോലെ വിശദീകരണങ്ങൾ ആവശ്യമില്ല.
കൂടാതെ അപ്ഡേറ്റഡ് റിട്ടേണ്‍ ഫയൽ ചെയ്യേണ്ടിവന്ന ആവശ്യകതയെപ്പറ്റിയും സൂചിപ്പിക്കണം. നികുതി അടച്ച ചെലാന്റെ ഡീറ്റെയിൽസും റിട്ടേണിനൊപ്പം സൂചിപ്പിക്കണം.
വെരിഫിക്കേഷൻ
ടാക്സ് ഓഡിറ്റ് ഉള്ള കേസുകളിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ചുവേണം അപ്ഡേറ്റഡ് റിട്ടേണുകൾ വെരിഫൈ ചെയ്യേണ്ടത്. ടാക്സ് ഓഡിറ്റ് ഇല്ലാത്ത കേസുകളിൽ ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ച് വെരിഫൈ ചെയ്യാവന്നതാണ്.
എന്നാൽ അക്നോളജ്മെന്റ് ബംഗളൂരുവിൽ അയച്ചുകൊടുത്ത് വെരിഫൈ ചെയ്യുന്ന രീതി അപ്ഡേറ്റഡ് റിട്ടേണുകൾക്ക് ബാധകമല്ല. സാധാരണ റിട്ടേണുകൾ കൂടാതെ ആണ് അപ്ഡേറ്റഡ് റിട്ടേണുകൾ.
നിലവിൽ നിർദിഷ്ട സമയത്ത് ഫയൽ ചെയ്യുന്ന 139(1) വകുപ്പനുസരിച്ചുള്ള ഒറിജിനൽ റിട്ടേണുകൾ, 139(4) അനുസരിച്ച് താമസിച്ചു ഫയൽ ചെയ്യുന്ന ബിലേറ്റഡ് റിട്ടേണുകൾ 139(5) അനുസരിച്ച് ഫയൽ ചെയ്യുന്ന റിവൈസ്ഡ് റിട്ടേണുകൾ എന്നിവ കൂടാതെ അതിനു ശേഷം 139(8എ) അനുസരിച്ച് അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യാവുന്നത്.
ആദ്യത്തെ മൂന്നു റിട്ടേണുകൾ ഫയൽ ചെയ്യാവുന്ന സമയത്ത് അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധ്യമല്ല. അപ്ഡേറ്റഡ് റിട്ടേണ്‍ ഫയൽ ചെയ്യാൻ സാധിക്കുന്ന പീരിയഡിൽ ആദ്യത്തെ മൂന്നു റിട്ടേണുകളും ഫയൽ ചെയ്യുവാൻ സാധിക്കില്ല.
റീഫണ്ടില്ല
നികുതി ബാധ്യത കുറയ്ക്കാനോ റീഫണ്ട് തുക വർധിപ്പിക്കാനോ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യാൻ കഴിയില്ല. ചുരുക്കിപ്പറഞ്ഞാൽ ഡിപ്പാർട്ട്മെന്റിന് ബെനിഫിറ്റ് കിട്ടുന്ന കാര്യമാണെങ്കിൽ മാത്രമേ അപ്ഡേറ്റഡ് റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളൂ.
നികുതിദായകർക്ക് എന്തെങ്കിലും വരുമാനം നികുതി അടക്കുന്നതിൽനിന്ന് വിട്ടുപോയി എന്ന് പിന്നീട് മനസിലായാലും, അല്ലെങ്കിൽ അർഹത ഇല്ലാത്ത ക്യാരിഫോർവേർഡ് ക്ലെയിം ചെയ്തിട്ടുണ്ടെങ്കിൽ തിരുത്തുന്നതിനുള്ള അവസരമായും അപ്ഡേറ്റഡ് റിട്ടേണ്‍ ഫയലിംഗിനെ കാണാവുന്നതാണ്.