ആദായനികുതി റിട്ടേണ്‍ മുടക്കുന്നവർക്ക് സ്രോതസിൽ ഇരട്ടി നികുതി
നിങ്ങൾ കഴിഞ്ഞ രണ്ട് സാന്പത്തികവർഷങ്ങളിൽ ഫയൽ ചെയ്യേണ്ടതിന് നിർദേശിക്കപ്പെട്ടിരുന്ന തീയതികളിൽ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് പ്രസ്തുത രണ്ട് വർഷം 50,000 രൂപയോ അതിൽ കൂടുതലോ ഉള്ള തുക നികുതിയായി സ്രോതസിൽ പിടിക്കുകയോ കളക്ട് ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ 2021 ജൂലൈ ഒന്നു മുതൽ ഇരട്ടി നിരക്കിൽ അല്ലെങ്കിൽ 5% ഏതാണോ കൂടുതൽ, സ്രോതസിൽനിന്നും പിടിക്കുന്നതായിരിക്കും.
2022-23 സാന്പത്തികവർഷത്തിലേക്ക് 2020-21ലേയും 2021-22ലേയും (സാന്പത്തികവർഷങ്ങൾ) റിട്ടേണുകൾ ആണ് ഉദ്ദേശിച്ചിരിക്കുന്നത്. 2020-21, 2020-22 സാന്പത്തികവർഷങ്ങളിലെ റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പോരാ, അവ റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് നിർദേശിക്കപ്പെട്ടിരുന്ന സമയത്തിനുള്ളിലും സമർപ്പിച്ചിരിക്കണം.
2021ലെ ഫിനാൻസ് ആക്ടിൽ കൊണ്ടുവന്ന പരിഷ്ക്കാരങ്ങളെ തുടർന്നാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. എല്ലാ നികുതിദായകരും റിട്ടേണുകൾ സമർപ്പിക്കുന്നതിനു വേണ്ടിയാണ് പ്രസ്തുത മാറ്റങ്ങൾ ഫിനാൻസ് ആക്ടിൽ വരുത്തിയിരിക്കുന്നത്. മുകളിൽ സൂചിപ്പിച്ചിരിക്കുന്ന രണ്ട് നിബന്ധനകളും ബാധകമായാൽ മാത്രമേ ഇരട്ടി നികുതി സ്രോതസിൽ പിടിക്കുവാൻ സാധിക്കുകയുള്ളൂ.
അതായത് കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നികുതി റിട്ടേണുകൾ നിർദ്ദിഷ്ട തീയതിക്ക് മുന്‍പ് ഫയൽ ചെയ്യാതിരിക്കുകയും അതോടൊപ്പം രണ്ടു വർഷങ്ങളിലും 50,000 രൂപയിൽ കൂടുതലുള്ള തുക സ്രോതസിൽനിന്നു നികുതിയായി പിടിക്കുക അല്ലെങ്കിൽ കളക്ട് ചെയ്തിരിക്കുകയും ചെയ്യണം.
രണ്ടു വർഷങ്ങളിൽ റിട്ടേണുകൾ ഫയൽ ചെയ്തില്ല, പക്ഷേ ടി.ഡി.എസ്. തുക 50,000 രൂപയിൽ താഴെ മാത്രമാണ് വരുന്നതെങ്കിൽ ഇരട്ടി തുക പിടിക്കുന്നതിന് സാധിക്കില്ല. അതുപോലെ തന്നെ 50,000 രൂപയിൽ കൂടുതലുള്ള തുക ടി.ഡി.എസായി ഉണ്ട്.
പക്ഷേ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന രണ്ട് വർഷങ്ങളിൽ ഒന്നിൽ മാത്രമേ റിട്ടേണ്‍ സമയത്ത് ഫയൽ ചെയ്യുന്നതിന് മുടക്ക് വന്നിട്ടുള്ളൂ. ആ സാഹചര്യത്തിലും ഉയർന്ന നിരക്കിൽ നികുതി സ്രോതസിൽനിന്നു പിടിക്കുവാൻ സാധിക്കില്ല.
പുതിയ നിയമം ബാധകമല്ലാത്ത സാഹചര്യങ്ങൾ
താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഈ നിയമം ബാധകമല്ല.
1) ആദായനികുതി നിയമം 192 വകുപ്പനുസരിച്ച് തൊഴിലുടമ ശന്പളത്തിൽനിന്നു പിടിക്കുന്ന ടി.ഡി.എസ്.
2) 192 എ വകുപ്പനുസരിച്ച് 30,000 രൂപയിൽ കൂടുതലുള്ള തുക അഞ്ചു വർഷം പൂർത്തിയാകാത്ത ജോലിക്കാരൻ പ്രോവിഡന്റ് ഫണ്ടിന്റെ അക്യുമിലേറ്റഡ് ബാലൻസിൽനിന്നു പിൻവലിക്കുന്പോൾ പിടിക്കുന്ന ടി.ഡി.എസ്.
3) 194 ബി വകുപ്പനുസരിച്ച് ലോട്ടറി അടിക്കുന്പോൾ നല്കുന്ന തുകയിൽനിന്നും പിടിക്കുന്ന ടി.ഡി.എസ്.
4) 194 ബി.ബി. വകുപ്പനുസരിച്ച് കുതിരപ്പന്തയത്തിൽനിന്നും ലഭിക്കുന്ന പണത്തിന്റെ സ്രോതസിൽ പിടിക്കുന്ന നികുതി.
5) 194 എൽ.ബി.സി. വകുപ്പനുസരിച്ച് സെക്യൂരിറ്റൈസേഷൻ ട്രസ്റ്റിൽ ഇൻവെസ്റ്റ് ചെയ്ത പണത്തിൽനിന്നും ലഭിക്കുന്ന വരുമാനത്തിൽനിന്നു സ്രോതസിൽ പിടിക്കുന്ന നികുതി.
6) 194 എൻ വകുപ്പനുസരിച്ച് ബാങ്കിൽനിന്നും പണം പിൻവലിക്കുന്പോൾ സ്രോതസിൽ പിടിക്കുന്ന നികുതി.
കൂടാതെ ഇന്ത്യയിൽ സ്ഥിരമായി ഒരു എസ്റ്റാബ്ലിഷ്മെന്റ് ഇല്ലാത്ത നോണ്‍ റെസിഡന്റ്സിന് നല്കുന്ന തുകയിൽനിന്നും പിടിക്കുന്ന ടി.ഡി.എസിന് ഈ നിയമം ബാധകമല്ല.
206 എഎ വകുപ്പനുസരിച്ച് പാൻ നന്പർ ഇല്ലാതെ സ്രോതസിൽ ഉയർന്ന നിരക്കിൽ നികുതി പിടിക്കേണ്ടി വരുന്ന സാഹചര്യങ്ങളും 206 എ.ബി. അനുസരിച്ച് ഉയർന്ന നിരക്കിൽ ടിഡിഎസ്.
പിടിക്കേണ്ടുന്ന സാഹചര്യവും ഒരുമിച്ച് വന്നാൽ കൂടുതൽ നിരക്ക് ബാധകമായ വകുപ്പ് അനുസരിച്ച് സ്രോതസിൽ നികുതി പിടിക്കേണ്ടതാണ്.
ടാക്സബിൾ ഇൻകം ഇല്ലാത്തതുകൊണ്ട് റിട്ടേണുകൾ ഫയൽ ചെയ്യാത്ത സാഹചര്യങ്ങളിൽ
ടാക്സബിൾ ഇൻകം ഇല്ല എന്ന കാരണത്താൽ റിട്ടേണ്‍ ഫയൽ ചെയ്തില്ല എന്നത് ഉയർന്ന നിരക്കിൽ സ്രോതസിൽ നികുതി പിടിക്കാതിരിക്കാനുള്ള ഒരു കാരണമായി കണക്കാക്കാവുന്നതല്ല.
അതുപോലെതന്നെ 15 ജി/15 എച്ച് എന്നീ ഫോമുകൾ ഹാജരാക്കി എന്നതും ഉയർന്ന നിരക്കിൽ നികുതി പിടിക്കാതിരിക്കാൻ കാരണമാവില്ല.