ആദായനികുതി റിട്ടേണ്‍ ഫയലിംഗ്? തെറ്റു പറ്റിയോ! സാരമില്ല; റിവൈസ് ചെയ്യാം
നികുതിലോകം /ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
ഫയൽ ചെയ്ത ആദായനികുതി റിട്ടേണിൽ എന്തെങ്കിലും തെറ്റു കടന്നുകൂടിയെങ്കിലോ അല്ലെങ്കിൽ എന്തെങ്കിലും വരുമാനമോ ചെലവോ വിട്ടുപോയതായി പിന്നീട് മനസിലാക്കുകയോ ചെയ്താൽ നിർദിഷ്ട സമയത്തിനുള്ളിൽ റിട്ടേണ്‍ പുതുക്കി ഫയൽ ചെയ്യാവുന്നതാണ്.
2016-17 സാന്പത്തികവർഷത്തിനു മുന്‍പ് ഒറിജിനൽ റിട്ടേണ്‍ നിർദേശിക്കപ്പെട്ടിരിക്കുന്ന സമയത്തിനു മുന്‍പു ഫയൽ ചെയ്തിരുന്നാൽ മാത്രമേ റിവൈസ് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ 2016-17 വർഷം മുതൽ ബിലേറ്റഡ് ആയി ഫയൽ ചെയ്യുന്നവ, ഡിസംബർ മാസം 31ന് മുന്‍പ് തന്നെ ആവശ്യമെങ്കിൽ റിവൈസ് ചെയ്തിരിക്കണം.
പുതിയ റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് ഒറിജിനൽ റിട്ടേണ്‍ സമർപ്പിച്ച തീയതിയും അക്നോളജ്മെന്റ് നന്പരും സൂചിപ്പിക്കേണ്ടതുണ്ട്. അസസ്മെന്റ് പൂർത്തിയായാൽ റിട്ടേണുകൾ റിവൈസ് ചെയ്യാൻ സാധിക്കില്ല. അതിനാൽ റിട്ടേണുകൾ റിവൈസ് ചെയ്യേണ്ടതുണ്ടെങ്കിൽ ഡിസംബർ 31 വരെ കാത്തുനില്‍ക്കരുത്. ആദായനികുതി വകുപ്പിൽനിന്ന് ഇന്റിമേഷനോ റീഫണ്ടോ ലഭിച്ചു എന്നു കരുതി അസസ്മെന്റ് പൂർത്തിയായി എന്നും കരുതരുത്.
റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്തുണ്ടാകാവുന്ന വീഴ്ചകൾ
1. ശരിയായിട്ടുള്ള റിട്ടേണ്‍ ഫോം തെരഞ്ഞെടുക്കാതിരിക്കുക.
2. ബാങ്ക് അക്കൗണ്ട് നന്പറിലോ ഐഎഫ്എസ്സി കോഡിലോ തെറ്റു സംഭവിക്കുക.
3. 26 എഎസുമായി മാച്ച് ചെയ്യാതിരിക്കുക.
4. സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽനിന്നു ലഭിച്ച പലിശ റിട്ടേണിൽ ഉൾപ്പെടുത്താതിരിക്കുക.
5. ടിഡിഎസ് റീഫണ്ടിനു ലഭിക്കുന്ന പലിശ ഉൾപ്പെടുത്താതിരിക്കുക
മുകളിൽ സൂചിപ്പിച്ചതിൽ നാലും അഞ്ചും കാര്യങ്ങൾ 26 എഎസിൽ കാണില്ലാത്തതിനാൽ വിട്ടുപോകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ അനുവദിക്കപ്പെട്ടിരിക്കുന്ന കിഴിവുകൾ എടുക്കാതെയും മുൻകാല നഷ്ടങ്ങൾ ക്യാരി ഫോർവേഡ് ചെയ്യാതെയും റിട്ടേണുകൾ ഫയൽ ചെയ്യപ്പെടാറുണ്ട്.
ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനു മുന്‍പ് ഡിപ്പാർട്ട്മെന്റിൽനിന്നു ലഭിക്കുന്ന ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ്, ടാക്സ് പെയർ ഇൻഫർമേഷൻ സമ്മറി, ഫോം നന്പർ 26 എഎസ് എന്നിവ പരിശോധിച്ചതിനു ശേഷമായിരിക്കണം റിട്ടേണുകൾ ഫയൽ ചെയ്യേണ്ടത്. ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റും ടാക്സ് പെയർ ഇൻഫർമേഷൻ സമ്മറി നികുതിദായകനു പല സോഴ്സുകളിൽനിന്നു ലഭിച്ച വരുമാനത്തെപ്പറ്റിയുള്ള വിവരങ്ങൾ നല്‍കുന്നുണ്ട്. ഇവയിൽ സേവിംഗ്സ് അക്കൗണ്ടിൽനിന്നു ലഭിക്കുന്ന പലിശയും ടാക്സ് റീഫണ്ട് ഉണ്ടെങ്കിൽ അതിൽനിന്നു ലഭിക്കുന്ന പലിശയും പൂർണമായ തോതിലുള്ള ബാങ്ക് ഇൻവെസ്റ്റ്മെന്റ്സും ഒക്കെ വ്യക്തമാക്കിയിട്ടുണ്ട്.
വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ഡിപ്പാർട്ട്മെന്റിൽനിന്നു നോട്ടീസ് ലഭിക്കുന്നതിനു കാത്തുനില്‍ക്കാതെ നിർദിഷ്ട സമയത്തിനുള്ളിൽത്തന്നെ റിവൈസ് ചെയ്തു ഫയൽ ചെയ്യുന്നതാണ് ഉചിതം. ഒറിജിനൽ റിട്ടേണുകൾ ഫയൽ ചെയ്ത അതേ സ്റ്റെപ്പുകൾ തന്നെയാണു ഫയൽ റിവൈസിംഗിനും അനുവർത്തിക്കേണ്ടത്. സമയപരിധിക്കുള്ളിൽ എത്ര പ്രാവശ്യം വേണമെങ്കിലും റിട്ടേണുകൾ റിവൈസ് ചെയ്ത് ഫയൽ ചെയ്യാവുന്നതാണ്.
വെരിഫൈ ചെയ്യണം
ഫയൽ ചെയ്ത റിട്ടേണുകൾ വെരിഫൈ ചെയ്യുവാൻ വിട്ടുപോകരുത്. വെരിഫൈ ചെയ്യാത്ത റിട്ടേണുകൾ ഫയൽ ചെയ്യപ്പെട്ടതായി ആദായനികുതി വകുപ്പ് കണക്കാക്കില്ല. ഒറിജിനൽ റിട്ടേണ്‍ വെരിഫൈ ചെയ്തിട്ടില്ലെങ്കിൽ അവ റിവൈസ് ചെയ്യാൻ സാധിക്കില്ല. ഡിജിറ്റൽ സിഗ്നേച്ചർ വഴിയോ ആധാർ ഒടിപി വഴിയോ മാന്വലായി ഒപ്പിട്ട് ഐടിആർ-5 അയച്ചുകൊടുത്തോ വെരിഫൈ ചെയ്യാവുന്നതാണ്.
ഒറിജിനൽ റിട്ടേണ്‍ ഫയൽ ചെയ്ത സമയത്ത് ഐടിആർ ഫോം തെരഞ്ഞെടുത്തപ്പോൾ തെറ്റു സംഭവിച്ചാൽ റിവൈസ് ചെയ്തു ഫയൽ ചെയ്യുന്പോൾ യഥാർഥ ഐടിആർ തന്നെ ഉപയോഗിക്കാവുന്നതാണ്. ഒറിജിനൽ റിട്ടേണിൽ കാണിച്ചിരിക്കുന്ന നികുതി അടവുകൾ റിവൈസ് ചെയ്ത് ഫയൽ ചെയ്യുന്ന റിട്ടേണുകളിലും കാണിക്കണം. റിട്ടേണ്‍ റിവൈസ് ചെയ്ത് ഫയൽ ചെയ്തുകഴിഞ്ഞാൽ ഒറിജിനൽ റിട്ടേണിന്റെ പ്രസക്തി നഷ്ടപ്പെടും.