ആദ്യ ഗഡു 15നു മുന്‍പ്
നികുതിലോകം / ബേബി ജോസഫ് (ചാർട്ടേഡ് അക്കൗണ്ടന്റ്)
പേ ആസ് യു ഏണ് തത്വത്തെ അടിസ്ഥാനമാക്കിയാണു മുൻകൂർ നികുതിയടയ്ക്കുന്നത്. അതായത്, വരുമാനമുണ്ടാകുന്ന മുറയ്ക്ക് അടയ്ക്കുക. ഒരു വർഷം സന്പാദിക്കുന്ന വരുമാനം എസ്റ്റിമേറ്റ് ചെയ്ത്, അതിനെ നാലു പാദങ്ങളാക്കിത്തിരിച്ച് ഓരോ കാലയളവിലും ലഭിക്കുന്ന വരുമാനത്തിന്റെ നികുതിയാണ് ഓരോ ഗഡുവിലായി അടയ്ക്കേണ്ടത്. സാധാരണയായി ബിസിസുകാരെ സംബന്ധിച്ച് ഓരോ പാദത്തിലെയും വരുമാനം കൃത്യമായി നിശ്ചയിക്കാൻ ബദ്ധിമുട്ടുള്ളതുകൊണ്ട് അവ എസ്റ്റിമേറ്റ് ചെയ്യുകയാണ്.
സ്രോതസിൽ പിടിച്ച നികുതി കിഴിച്ച് 10,000 രൂപയിൽ കൂടുതൽ നികുതി ബാധ്യത ഒരു വർഷത്തേക്കു വരുന്നുണ്ടെങ്കിൽ പ്രസ്തുത നികുതിദായകർ മുൻകൂർ നികുതി അടയ്ക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ റെസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർക്കു ബിസിനസിൽനിന്നോ പ്രഫഷനിൽനിന്നോ വരുമാനമില്ലെങ്കിൽ അവർ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. നോണ്‍ റെസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർ ബിസിനസിൽനിന്നും പ്രൊഫഷനിൽനിന്നും വരുമാനമില്ലെങ്കിലും മറ്റു വരുമാനങ്ങളുണ്ടെങ്കിൽ മുൻകൂർ നികുതിയടയ്ക്കണം.
2023-24 സാന്പത്തിക വർഷത്തിലെ മുൻകൂർ ആദായനികുതി നാലു ഗഡുക്കളായിട്ടാണ് അടയ്ക്കേണ്ടത്. ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം: ഒരു നികുതിദായകന്റെ 2023-24 സാന്പത്തിക വർഷത്തിലെ നികുതിബാധ്യത ഒരു ലക്ഷം രൂപയായി എസ്റ്റിമേറ്റ് ചെയ്യുന്നു. അദ്ദേഹം 2023 ജൂണ്‍ മാസം 15നു മുന്‍പ് 15,000 രൂപ ആദ്യ ഗഡുവായി മുൻകൂർ നികുതി അടയ്ക്കണം. ഓഗസ്റ്റിൽ അദ്ദേഹത്തിന്റെ വരുമാനത്തിൽനിന്ന് 20,000 രൂപ സ്രോതസിൽ നികുതിയായി പിടിക്കുന്നെന്നു കരുതുക. ആകെ നികുതി ബാധ്യതയായ ഒരു ലക്ഷം രൂപയിൽനിന്നു സ്രോതസിൽ പിടിച്ച 20,000 രൂപ കിഴിച്ച് ബാക്കിയുള്ള തുകയുടെ 45 ശതമാനത്തിൽനിന്നു നാളിതുവരെ അടച്ച നികുതി കിഴിച്ച് ബാക്കിവരുന്ന തുകയാണ് സെപ്റ്റംബർ 15ന് രണ്ടാം ഗഡുവായി അദ്ദേഹം അടയ്ക്കേണ്ടത്. അതായത് 80,000 രൂപയുടെ 45 ശതമാനമായ 36,000 രൂപയിൽനിന്ന് ആദ്യ ഗഡുവായ 15,000 രൂപ കിഴിച്ച് ബാക്കിവരുന്ന 21,000 രൂപ.
ഡിസംബർ 15നു മുന്‍പ് മൂന്നാം ഗഡു അടയ്ക്കുന്നതിനുവേണ്ടി 80,000 രൂപയുടെ 75 ശതമാനമായ 60,000 രൂപയിൽനിന്നു നാളിതുവരെ അടച്ച 36,000 രൂപ കിഴിച്ച് ബാക്കിവരുന്ന തുകയായ 24,000 രൂപയാണ് അടയ്ക്കേണ്ടത്. നാലാമത്തെ ഗഡു 2024 മാർച്ച് മാസം 15ാം തീയതിക്കുമുന്പായിട്ടാണ് അടയ്ക്കേണ്ടത്. ആകെ നികുതിതുകയായ ഒരു ലക്ഷം രൂപയിൽനിന്ന് സ്രോതസിൽ പിടിച്ച 20,000 രൂപ കിഴിച്ച് ബാക്കിതുകയായ 80,000 രൂപയിൽ നിന്നും നാളിതുവരെ അടച്ച മുൻകൂർ നികുതിയായ 60,000 രൂപ കിഴിച്ച് ബാക്കിവരുന്ന തുകയായ 20000 രൂപയാണ് നാലാമത്തെ ഗഡു.
എന്നാൽ ആദായനികുതി നിയമം 44 എഡി വകുപ്പനുസരിച്ച് ആകെ വിറ്റുവരവിന്റെ എട്ടു ശതമാനം അല്ലെങ്കിൽ ആറു ശതമാനം നികുതിയടച്ച് കോന്പൗണ്ട് ചെയ്യുന്ന നികുതിദായകർക്കു മുകളിൽ പറഞ്ഞിരിക്കുന്ന തീയതികൾ മുൻകൂർ നികുതി അടവിനു ബാധകമല്ല. അത്തരം നികുതിദായകർ മുഴുവൻ നികുതിയും ഒറ്റത്തവണയായി 2024 മാർച്ച് മാസം 15-ാം തീയതിക്കുമുന്പ് അടച്ചാൽ മതി. അതുപോലെ തന്നെ 44 എഡിഎ വകുപ്പനുസരിച്ച് റിട്ടേണ്‍ ഫയൽ ചെയ്യുന്ന പ്രഫഷണലുകളും മുൻകൂർ നികുതി ഒറ്റത്തവണയായി 2024 മാർച്ച് 15നു മുന്‍പ് അടച്ചാൽ മതി. നികുതി അടയ്ക്കുന്നതിനോടൊപ്പം സെസും ആവശ്യമെങ്കിൽ സർചാർജും കൂട്ടി വേണം നികുതിയടയ്ക്കാൻ.
മുൻകൂർ നികുതിയിൽ കുറവു വന്നാൽ ആദായനികുതി നിയമം 234 ബി, 234 സി എന്നിവയനുസരിച്ച് പലിശ നൽകേണ്ടതുണ്ട്. മുൻകൂർ നികുതിക്കുവേണ്ടി കണക്കാക്കപ്പെടുന്ന വരുമാനം യഥാർഥ വരുമാനത്തിന്റെ 90 ശതമാനത്തിൽ താഴെയാണു വരുന്നതെങ്കിൽ കുറവുവന്ന തുകയ്ക്ക് പലിശയും ഈടാക്കുന്നതാണ്.
വരുമാനത്തിന്റെ കൂടെ മറ്റു വരുമാനമുണ്ടെങ്കിൽ അതുകൂടി കണക്കിലെടുത്തുവേണം മുൻകൂർ നികുതിക്കുള്ള എസ്റ്റിമേറ്റ് തയാറാക്കാൻ. മറ്റു വരുമാനമായ പലിശ, വാടക മുതലായവയ്ക്ക് 10% നിരക്കിൽ സ്രോതസിൽ നികുതിയാണു നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഉയർന്ന വരുമാനക്കാർക്കു നികുതി നിരക്കുകൾ 30 ശതമാനം വരെയാകുന്നതിനാൽ ഇവയുംകൂടി മുൻകൂർ നികുതിയുടെ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണം.
മുതിർന്ന പൗരന്മാർക്ക് ഇളവ്
ആദായനികുതിനിയമം 208-ാം വകുപ്പനുസരിച്ച് 10,000 രൂപയിൽ കൂടുതൽ നികുതി ബാധ്യതവരുന്ന നികുതിദായകർ മുൻകൂറായി നികുതി അടയ്ക്കണം. എന്നാൽ ഇന്ത്യയിൽ റെസിഡന്റായിട്ടുള്ള മുതിർന്ന പൗരന്മാർക്കു ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനമൊന്നുമില്ലെങ്കിൽ മുൻകൂർ നികുതി അടവിൽനിന്നു കിഴിവ് ലഭിക്കും. അതിനു താഴെ പറയുന്ന വ്യവസ്ഥകൾ പാലിച്ചിരിക്കണം.
1) നികുതിദായകൻ വ്യക്തിയായിരിക്കണം.
2) നികുതിദായകൻ ആദായനികുതിനിയമമനുസരിച്ച് ഇന്ത്യയിൽ റെസിഡന്റായിരിക്കണം.
3) നികുതിദായകനു പ്രസ്തുത സാന്പത്തികവർഷത്തിൽ 60 വയസിൽ കൂടിയിരിക്കണം.
4) നികുതിദായകനു ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനമൊന്നുമുണ്ടാകരുത്.
ഇങ്ങനെയുള്ളവർക്ക് നികുതി ബാധ്യത ഉണ്ടാകുന്നില്ല. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്തു നികുതി കണക്കാക്കി സെൽഫ് അസസ്മെന്റ് ടാക്സായി അടച്ചാൽ മാത്രം മതി.
നോണ്‍ റെസിഡന്റാണെങ്കിൽ
ഇന്ത്യയിൽ റെസിഡന്റല്ലാത്ത വ്യക്തികൾക്കു മുകളിൽ സൂചിപ്പിച്ചിരിക്കുന്ന ആനുകൂല്യം ലഭിക്കില്ല. ഇന്ത്യയിൽ റെസിഡന്റല്ലാത്ത വ്യക്തികൾക്ക് ബിസിനസിൽനിന്നും പ്രഫഷനിൽനിന്നും വരുമാനമില്ലെങ്കിലും മുതിർന്ന പൗരന്മാരാണെങ്കിൽ പോലും, മറ്റു വരുമാനങ്ങളുണ്ടെങ്കിൽ മുൻകൂർ നികുതി അടയ്ക്കണം.
തവണ അടയ്ക്കേണ്ട തീയതി അടയ്ക്കേണ്ട തുക
1. 2023 ജൂണ്‍ മാസം 15-ാം തീയതിക്കു മുന്‍പ്
ആകെ വരുമാനം എസ്റ്റിമേറ്റ് ചെയ്ത് അതിന്റെ നികുതി നിശ്ചയിച്ച് സ്രോതസിൽ പിടിച്ച നികുതി കിഴിച്ചു ബാക്കിവരുന്ന തുകയുടെ 15%.
2. 2023 സെപ്റ്റംബർ 15-ാം തീയതിക്കു മുന്‍പ്
ആകെ വരുമാനത്തിന്റെ നികുതിനിശ്ചയിച്ച് അതിൽനിന്നു സ്രോതസിൽ പിടിച്ച നികുതി കിഴിച്ചു ബാക്കിയുള്ളതിന്റെ 45 ശതമാനത്തിൽനിന്ന് ആദ്യ ഗഡുവായി അടച്ച തുക കിഴിച്ചു ബാക്കിവരുന്ന തുക.
3. 2023 ഡിസംബർ 15-ാം തീയതിക്കു മുന്‍പ്
ആകെ വരുമാനത്തിന്റെ നികുതി കണക്കാക്കി അതിൽനിന്നു നാളിതുവരെ സ്രോതസിൽ പിടിച്ച നികുതി കിഴിച്ചു ബാക്കി വരുന്ന തുകയുടെ 75 ശതമാനത്തിൽനിന്ന് നാളിതുവരെ അടച്ച മുൻകൂർ നികുതി കിഴിച്ചു ബാക്കിവരുന്ന തുക.
4. 2024 മാർച്ച് മാസം 15-ാം തീയതിക്കു മുന്‍പ്
ആകെ വരുമാനത്തിന്റെ നികുതി നിശ്ചയിച്ച് അതിൽനിന്നു സ്ത്രോതസിൽ പിടിച്ച നികുതി കിഴിച്ചു ബാക്കിവരുന്ന തുകയിൽനിന്നും കഴിഞ്ഞ മൂന്നു തവണകളായി അടച്ച മുൻകൂർ നികുതി കിഴിച്ചു ബാക്കിവരുന്ന തുക.