ടിഡിഎസ്: ത്രൈമാസ റിട്ടേൺ 31നു മുന്‍പ്
സ്രോതസിൽനിന്നുതന്നെ ആദായനികുതി പിടിച്ചതിനു ശേഷം വരുമാനത്തിന്റെ ബാക്കി തുക നികുതിദായകന് നൽകുന്ന വകുപ്പുകളാണ് ആദായനികുതി നിയമത്തിൽ 17-ാം അധ്യായത്തിൽ സൂചിപ്പിക്കുന്നത്.
നാം സന്പാദിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതമാണ് നികുതി ആയി അടക്കുന്നത്. ഇത് ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളം ഖജനാവിലേക്ക് ക്രമമായി വന്നുകൊണ്ടിരിക്കുന്നതിനാൽ ഈ വിധത്തിലുള്ള നികുതി പിരിവിനാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.
അതുകൊണ്ടാണ് മുൻകാലങ്ങളെ അപേക്ഷിച്ച് സ്രോതസിൽ നിന്നും നികുതി പിരിവ് ഊർജിതമാക്കിയിരിക്കുന്നത്. ഇപ്പോൾ റിട്ടേണ്‍ സമർപ്പണത്തിനുള്ള വീഴ്ചയ്ക്കും സർട്ടിഫിക്കറ്റുകളുടെ വിതരണത്തിലുള്ള വീഴ്ചയ്ക്കുംകൂടി ശിക്ഷാ നടപടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്രോതസിൽനിന്നും പിടിച്ച നികുതി നിശ്ചിതസമയത്തിനുള്ളിൽ അടയ്ക്കുകയും അതിനുള്ള ത്രൈമാസ റിട്ടേണുകൾ നിർദിഷ്ട തീയതിക്കുള്ളിൽ ഫയൽ ചെയ്യുകയും ചെയ്താൽ മാത്രമാണ് നികുതിദായകന് നികുതിയുടെ ക്രെഡിറ്റ് യഥാസമയം ലഭിക്കുന്നത്.
നികുതി സ്രോതസിൽനിന്നും പിടിക്കുന്പോൾ ഉപയോഗിക്കേണ്ട റിട്ടേണ്‍ ഫോമുകൾ
1) 24 ക്യു - ശന്പളത്തിൽ നിന്നുള്ള നികുതി
2) 26 ക്യു - ശന്പളം ഒഴികെയുള്ള റെസിഡന്റിന് നൽകുന്ന എല്ലാ വരുമാനത്തിനുമുള്ള നികുതി.
3) 27 ക്യു - നോണ്‍ റെസിഡന്റായിട്ടുള്ളവർക്ക് പലിശയും ഡിവിഡന്റും ഉൾപ്പെടെയുള്ള ഏത് വരുമാനവും നൽകുന്ന അവസരങ്ങളിൽ
4) 27 ഇക്യു - ടിസിഎസിന്റെ റിട്ടേണുകൾ
സ്രോതസിൽ നിന്നും നികുതി പിടിച്ച ശേഷം റിട്ടേണുകൾ സമർപ്പിക്കാതിരുന്നാൽ
സ്രോതസിൽനിന്നും പിടിച്ച നികുതി യഥാസമയത്തുതന്നെ അടയ്ക്കുകയും റിട്ടേണ്‍ യഥാസമയം സമർപ്പിക്കുകയും ചെയ്താൽ മാത്രമാണ് നികുതിദായകന് അടച്ച പണത്തിന്റെ ക്രെഡിറ്റ് നികുതി വകുപ്പിൽനിന്നും യഥാസമയം ലഭിക്കുകയുള്ളൂ.
നികുതി പിടിച്ച വ്യക്തി റിട്ടേണ്‍ സമർപ്പണത്തിന് എന്തെങ്കിലും വീഴ്ച വരുത്തിയാൽ അസസിക്ക് നികുതിയുടെ ക്രെഡിറ്റ് ലഭിക്കുകയില്ല. 1-7-2012 മുതൽ മേൽ റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്തില്ലെങ്കിൽ പിഴയായി പ്രതിദിനം 200/- രൂപ വീതം ചുമത്തുവാൻ വകുപ്പ് 234 ഇ അനുശാസിക്കുന്നുണ്ട്.
ഈ പിഴ തുക പരമാവധി അടച്ച നികുതിയുടെ തത്തുല്യമായ തുകയായി നിജപ്പെടുത്തിയിട്ടുണ്ട്. ത്രൈമാസ റിട്ടേണുകൾ ഫയൽ ചെയ്തു എന്ന കാരണം കൊണ്ട് നികുതി പിടിച്ച ആളുടെ ബാധ്യത അവസാനിക്കുന്നില്ല.
പ്രസ്തുത റിട്ടേണുകൾ ശരിയായിത്തന്നെ ഫയൽ ചെയ്തു എന്ന റിപ്പോർട്ടു കൂടി നികുതി പിടിച്ച വ്യക്തി ശേഖരിച്ചിരിക്കണം. എങ്കിൽ മാത്രമേ യഥാക്രമം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുവാൻ നികുതി പിടിച്ച ആൾക്ക് സാധിക്കുകയുള്ളൂ.
സാധാരണഗതിയിൽ നികുതിദായകർ റിട്ടേണ്‍ സമർപ്പണത്തിന്റെ സമയത്താണ് സർട്ടിഫിക്കറ്റുകളുടെ ആവശ്യം ഉന്നയിക്കുന്നത്. നികുതികൾ യഥാക്രമം നികുതിദായകന്റെ പേരിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഫോം നന്പർ 26 എഎസ് ഡൗണ്‍ലോഡ് ചെയ്ത് നോക്കാവുന്നതാണ്.
അടച്ച നികുതിയുടെ ക്രെഡിറ്റ് ലഭിച്ചിട്ടില്ലെങ്കിൽ നികുതി പിടിച്ച വ്യക്തിയെ ബന്ധപ്പെട്ട് തെറ്റ് തിരുത്താവുന്നതാണ്.
നികുതി അടച്ചു എന്നതിനുള്ള സർട്ടിഫിക്കറ്റുകൾ
നികുതി പിടിക്കുന്നവരുടെ ഉത്തരവാദിത്തമാണ് നികുതിദായകന് പിടിച്ച നികുതിയുടെ ക്രെഡിറ്റ് ലഭിച്ചു എന്നത് ഉറപ്പാക്കുന്നതും അതിനുള്ള സർട്ടിഫിക്കറ്റുകൾ നൽകുക എന്നതും. ശന്പളക്കാരുടെ കാര്യത്തിൽ നാലാമത്തെ ത്രൈമാസ റിട്ടേണ്‍ സമർപ്പിച്ചതിനുശേഷം 15 ദിവസത്തിനകം നൽകണമെന്നാണ് വ്യവസ്ഥ.
ശന്പളക്കാർക്ക് ഈ സർട്ടിഫിക്കറ്റ് ഫോം നന്പർ 16 ൽ ആണ് നൽകേണ്ടത്. ഈ സർട്ടിഫിക്കറ്റുകൾ ട്രെയ്സസിന്റെ വെബ്സൈറ്റിൽ നിന്നുവേണം ഡൗണ്‍ലോഡ് ചെയ്യാൻ. ശന്പളക്കാർ അല്ലാത്തവരുടെ കാര്യത്തിൽ സർട്ടിഫിക്കറ്റുകൾ ഫോം നന്പർ 16 എയിൽ ആണ് നൽകേണ്ടത്.
എല്ലാ ത്രൈമാസ റിട്ടേണുകളുടെയും സമർപ്പണത്തിനുശേഷം 15 ദിവസത്തിനകം ഈ സർട്ടിഫിക്കറ്റുകൾ ട്രെയ്സസിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നൽകാവുന്നതാണ്. സർട്ടിഫിക്കറ്റുകളിൽ നികുതി പിടിച്ച ആളുടെ ഒപ്പും സീലും നിർബന്ധമാണ്.
ത്രൈമാസ റിട്ടേണുകൾ സമർപ്പിച്ചില്ലങ്കിൽ പിഴ
സ്രോതസിൽ പിടിച്ച നികുതിയുടെ റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്തില്ല എങ്കിൽ നികുതി ഉദ്യോഗസ്ഥന് സാഹചര്യങ്ങൾക്കനുസരിച്ച് 10,000 രൂപ മുതൽ 1,00,000 രൂപവരെയുള്ള തുക പിഴയായി ചുമത്തുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
എന്നാൽ, താഴെ പറയുന്ന നിബന്ധനകൾ അനുസരിച്ചിട്ടുണ്ടെങ്കിൽ സാധാരണഗതിയിൽ പിഴ ചുമത്താറില്ല.
1) പിടിച്ച നികുതി ഗവണ്മെന്റിൽ അടച്ചിട്ടുണ്ടെങ്കിൽ
2) താമസിച്ച് ഫയൽ ചെയ്യുന്നതിനുള്ള ഫീസും പലിശയും അടച്ചിട്ടുണ്ടെങ്കിൽ
3) റിട്ടേണ്‍ ഫയൽ ചെയ്യേണ്ട നിർദിഷ്ട തീയതി കഴിഞ്ഞ് ഒരു വർഷത്തിനകം റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ.
ഈ മൂന്ന് നിബന്ധനകളും ഒരുപോലെ പാലിച്ചിട്ടുണ്ടെങ്കിൽ മാത്രമാണ് നികുതി ഉദ്യോഗസ്ഥൻ പിഴ ചുമത്താതിരിക്കുന്നത്.