രണ്ടു കോടി രൂപ ടേണോവറുള്ള വ്യാപാരിയാണോ?
രണ്ടു കോടി രൂപ വരെ ടേണോവറുള്ള വ്യാപാരികൾക്ക് എട്ടു ശതമാനം/ ആറു ശതമാനം വരുമാനം വെളിപ്പെടുത്തി നികുതിയടയ്ക്കാം.
ആദായനികുതി നിയമത്തിലെ 44 എ.ഡി വകുപ്പനുസരിച്ച്, ചുരുക്കം ചില ബിസിനസും നികുതിദായകരും ഒഴികെയുള്ള എല്ലാ വ്യാപാരികൾക്കും ഈ ആനുകൂല്യം ലഭ്യമാണ്. അവരുടെ മൊത്തം വാർഷിക വിറ്റുവരവ് 2022-23 സാന്പത്തികവർഷത്തിൽ രണ്ടു കോടി രൂപയിൽ താഴെയാണെങ്കിലാണ് ഇത്തരത്തിൽ നികുതി ഒടുക്കാനാകുക.
ഇങ്ങനെ വന്നാൽ, വിറ്റുവരവിന്റെ എട്ടു ശതമാനം/ആറു ശതമാനം തുക വരുമാനമായി കണക്കാക്കി അതിന്റെ അനുമാന നികുതി എന്ന പേരിൽ ആദായനികുതിയായി അടയ്ക്കാം. ഇതിലൂടെ, കണക്കുബുക്കുകൾ സൂക്ഷിക്കുന്ന ചുമതലയിൽനിന്ന് ഒഴിവാകാനും കഴിയും.
ആദായനികുതി നിയമം 44 എ.ബി അനുസരിച്ച് ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾ നിയമാനുസൃതം ഓഡിറ്റിനു വിധേയമാക്കേണ്ടതാണ്. എന്നാൽ 44 എ.ഡി അനുസരിച്ച് അനുമാന നികുതി അടയ്ക്കുന്ന നികുതിദായകർക്കു രണ്ടു കോടിവരെയുള്ള വിറ്റുവരവിനെ ഓഡിറ്റിൽനിന്നും ഒഴിവാക്കാം.
വിലക്കുള്ളവർ
ഏജൻസി വ്യവസായികൾക്കും വരുമാനം ബ്രോക്കറേജ് അഥവാ കമ്മീഷൻ ആയിട്ടുള്ളവർക്കും ഈ രീതിയിൽ അനുമാനനികുതി അടയ്ക്കാനാവില്ല. ഈ സ്കീമിൽപ്പെടുത്തി അനുമാനനികുതി അടയ്ക്കണമെങ്കിൽ നികുതിദായകൻ വ്യക്തിയോ (ഇൻഡിവിജ്വൽ) ഹിന്ദു അവിഭക്ത കുടുംബമോ പാർട്ണർഷിപ്പ് ഫേമുകളോ ആയിരിക്കണം. ലിമിറ്റഡ് ലയബലിറ്റി പാർട്ണർഷിപ്പുകൾ അനുവദനീയമല്ല.
കൂടാതെ ഈ മൂന്നുതരം നികുതിദായകരും റെസിഡന്റായിരിക്കുകയും വേണം. 50 ലക്ഷം രൂപവരെ ആകെ വരവുള്ള പ്രഫഷണൽ സ്ഥാപനങ്ങൾ ആകെ വരവിന്റെ 50 ശതമാനം വരുമാനമായി കണക്കാക്കി നികുതി അടയ്ക്കുകയാണെങ്കിൽ, കണക്കുബുക്കുകൾ സൂക്ഷിക്കുന്നതിൽനിന്നും ഓഡിറ്റിംഗിനു വിധേയമാകുന്നിൽനിന്നും ഒഴിവു നേടാവുന്നതാണ്. ആദായനികുതി നിയമം 44 എ.ഡി.എ വകുപ്പനുസരിച്ചാണിത് (ഓഡിറ്റിംഗിന്റെ പരിധിയും 50 ലക്ഷമായി ഉയർത്തി).
ഇതും വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും പാർട്ണർഷിപ്പ് സ്ഥാപനങ്ങൾക്കും മാത്രമാണു ബാധകം. എല്ലാവരും റെസിഡന്റായിരിക്കണം. അനുമാനനികുതി അടയ്ക്കുന്നവർ, നിലവിലുള്ള നിയമം 44 എ.ഡി അനുസരിച്ച് വിറ്റുവരവിന്റെ എട്ടു ശതമാനം/ ആറു ശതമാനം വരുമാനമായി കാണിക്കണം.
ബിസിനസിനുണ്ടാകുന്ന ഒരുവിധ ചെലവും ഇതിൽനിന്നു കിഴിവായി അനുവദിക്കില്ല. സ്ഥാവരവസ്തുക്കളുടെ തേയ്മാനച്ചെലവും കിഴിവായി അംഗീകരിക്കില്ല. തേയ്മാനച്ചെലവ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും അംഗീകരിച്ചതായി കണക്കാക്കി ബാക്കിവരുന്ന വരുമാനമാണു വിറ്റുവരവിന്റെ എട്ടു ശതമാനം/ ആറു ശതമാനമായി അംഗീകരിക്കേണ്ടത്.
വരുമാനം എട്ട്/ആറ് ശതമാനത്തിൽ കൂടുതലുണ്ടെങ്കിൽ കൂടിയ തുക വെളിപ്പെടുത്തുന്നതിൽ തടസമില്ല. ചുരുങ്ങിയ തുകയാണ് എട്ട്/ആറ് ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നത്.
മുൻകൂർ ആദായനികുതി
2015-16 സാന്പത്തികവർഷംവരെ അനുമാന നികുതി അടയ്ക്കാൻ തീരുമാനിക്കുന്നവർക്കു മുൻകൂർ ആദായനികുതി ഒടുക്കേണ്ടിയിരുന്നില്ല. എന്നാൽ, 2016-17 സാന്പത്തികവർഷം മുതൽ മുഴുവൻ നികുതിയും മാർച്ച് 15നു മുന്‍പായി മുൻകൂറായി അടയ്ക്കണമെന്ന നിബന്ധന ഉൾപ്പെടുത്തി.
അഞ്ചു വർഷം
ആദായനികുതി നിയമത്തിലെ 44 എ.ഡി വകുപ്പനുസരിച്ച് വാർഷിക വിറ്റുവരവിന്റെ എട്ട്/ആറ് ശതമാനമെങ്കിലും വരുമാനമായി അനുമാനിക്കുകയും അതിന്റെ നികുതി നിശ്ചയിച്ച് റിട്ടേണ്‍ കൊടുക്കുകയും ചെയ്താൽ അഞ്ചു വർഷത്തേക്ക് ഈ രീതിതന്നെ തുടരണം.
ഇടയ്ക്കുവച്ചു മുടക്കംവരുത്തിയാൽ അടുത്ത അഞ്ചു വർഷത്തേക്ക് അനുമാന വരുമാനം നിശ്ചയിക്കാനും നികുതി അടയ്ക്കാനും 44 എ.ഡി വകുപ്പ് അനുവദിക്കുന്നില്ല.
ഉദാഹരണത്തിന്; 2018-19 സാന്പത്തികവർഷത്തിൽ ഒരു കോടിരൂപ വാർഷിക വിറ്റുവരവുള്ള നികുതിദായകൻ ബിസിനസിൽനിന്നും വരുമാനം എട്ടുലക്ഷം രൂപയായി നിശ്ചയിച്ച് അനുമാന നികുതിയടച്ചു റിട്ടേണ്‍ ഫയൽ ചെയ്യുന്നു. 2019-20 വർഷത്തിലും 20-21ലും അദ്ദേഹം ഈ രീതി തന്നെ ആവർത്തിച്ചു.
2021-22 സാന്പത്തിക വർഷത്തിൽ അദ്ദേഹത്തിന് ബിസിനസിൽനിന്ന് ഒരു കോടി രൂപ വിറ്റുവരവുണ്ടായിട്ടും നാലു ലക്ഷം രൂപ മാത്രമേ വരുമാനം ലഭിച്ചുള്ളൂ. അതനുസരിച്ച് പ്രസ്തുത തുക വരുമാനമായി കാണിച്ച് അദ്ദേഹം റിട്ടേണ്‍ ഫയൽ ചെയ്തു.
അഞ്ചു വർഷം തുടർച്ചയായി പ്രസ്തുത സ്കീം സ്വീകരിക്കാത്തതിനാൽ അടുത്ത അഞ്ചു വർഷത്തേക്ക് 44 എ.ഡി വകുപ്പുപ്രകാരം അനുമാന നികുതിയടച്ച് റിട്ടേണ്‍ ഫയൽ ചെയ്യാൻ അദ്ദേഹത്തിനു കഴിയില്ല.
10 കോടി രൂപ വരെ
ആകെ വരവുചെലവിന്റെ അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണു പണമിടപാടുള്ളതെങ്കിൽ, 10 കോടി രൂപ വരെ ടേണോവറുള്ള ബിസിനസുകൾക്കു ടാക്സ് ഓഡിറ്റിൽനിന്നും ഒഴിവു ലഭിക്കും. 2020-21 സാന്പത്തികവർഷം മുതലാണ് ഈ ആനുകൂല്യം പ്രാബല്യത്തിലായത്.
അനുമാന നികുതി
ആദായനികുതി നിയമമനുസരിച്ച് ബിസിനസിൽ ഏർപ്പെടുന്നവർ കണക്കുബുക്കുകൾ സൂക്ഷിക്കുകയും, ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുണ്ടെങ്കിൽ കണക്കുകൾ യഥാസമയം ഓഡിറ്റിനു വിധേയമാക്കണമെന്നുമാണു നിബന്ധന.
എന്നാൽ ചെറുകിട ബിസിനസുകാരെ സംബന്ധിച്ച് ഇതൊക്കെ ഭാരിച്ച പണികളാണ്. അങ്ങനെയുള്ള ചെറുകിട ബിസിനസുകാർക്കു വിറ്റുവരവിന്റെ ഒരു നിശ്ചിത ശതമാനം വരുമാനമായി കണക്കാക്കി ആദായനികുതി അടയ്ക്കാം. ഇതിലൂടെ, അവരുടെ കണക്കുകൾ ഓഡിറ്റ് ചെയ്യിക്കുന്നതിൽനിന്ന് ഒഴിവുനൽകുന്ന വകുപ്പാണ് 44 എ.ഡി.
2015-16 സാന്പത്തിക വർഷംവരെ ഈ നിശ്ചിത തുക ഒരു കോടിയായിരുന്നത് 2016-17 മുതൽ രണ്ടു കോടിയായി ഉയർത്തി. വരുമാനത്തിന്റെ നിരക്ക് ചുരുങ്ങിയത്-വിറ്റുവരവ് പണമായിട്ടാണെങ്കിൽ എട്ടു ശതമാനവും ബാങ്കിലൂടെയാണെങ്കിൽ ആറു ശതമാനവുമാണ്.