രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന; വരുമാനത്തിൽ നിന്നു കിഴിവ്
രാഷട്രീയപാർട്ടികൾക്കു സംഭാവന നൽകിയാൽ ആദായനികുതി നിയമപ്രകാരം വരുമാനത്തിൽ നിന്നു കിഴിവ് ലഭിക്കും. രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകൾ പ്രോത്സാഹിപ്പിക്കാനാണ് കിഴിവ് ലഭ്യമാക്കുന്നത്. ഇന്ത്യൻ കന്പനികൾക്കും വ്യക്തികൾക്കും സംഭാവന നൽകാം.
കന്പനികൾക്കുള്ള ആനുകൂല്യങ്ങൾ
ആദായനികുതി നിയമം 80 ജിജിബി അനുസരിച്ചു രാഷ്ട്രീയപാർട്ടികൾക്കും ഇലക്ടറൽ ട്രസ്റ്റുകൾക്കും കന്പനികൾ നൽകുന്ന സംഭാവനകൾ പൂർണമായും വരുമാനത്തിൽ നിന്നു കുറയ്ക്കാം. പക്ഷേ, രാഷ്ട്രീയപാർട്ടികൾക്ക് ജനപ്രാതിനിധ്യനിയമത്തിലെ 29 എ വകുപ്പനുസരിച്ചു രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
ഇലക്ടറൽ ട്രസ്റ്റുകൾക്കും കന്പനികളിൽ നിന്നു പണം സ്വീകരിക്കുവാനും അത് രാഷ്ട്രീയപാർട്ടികൾക്കു കൊടുക്കാനും സാധിക്കും. എന്നാൽ, രാഷ്ട്രീയപാർട്ടികൾക്ക് പണം കൊടുക്കുന്നതിന് ചില നിബന്ധനകൾ കന്പനികൾ പാലിക്കണം. അതേപ്പറ്റി ചുരുക്കത്തിൽ സൂചിപ്പിക്കുന്നു.
1) പണം കാഷായി നൽകരുത്. ചെക്കായോ ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ പണം നൽകാം.
2) ആദായനികുതിനിയമത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് കന്പനികളിൽ നിന്ന് സ്വീകരിക്കാവുന്ന സംഭാവനകൾക്ക് ഉയർന്ന പരിധിയില്ല. എന്നാൽ കന്പനികൾ കഴിഞ്ഞ 3 വർഷത്തെ ശരാശരി ലാഭത്തിന്റെ 7.5% ൽ കൂടുതൽ തുക സംഭാവന നൽകരുത്. നൽകുന്ന തുകയും പാർട്ടിയും കന്പനിയുടെ ആനുവൽ അക്കൗണ്ടിൽ കാണിച്ചിരിക്കണം.
3) കന്പനികൾ പാർട്ടികൾക്കു നേരിട്ടു് സംഭാവന ചെയ്യുന്നതിന് പകരം ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകുകയാണെങ്കിൽ രാഷ്ട്രീയ പാർട്ടിയുടെ പേര് ആനുവൽ അക്കൗണ്ടിൽ സൂചിപ്പിക്കേണ്ടതില്ല. മറിച്ച് നൽകിയ തുക മാത്രം രേഖപ്പെടുത്തിയാൽ മതി.
4) രാഷ്ട്രീയപാർട്ടികൾക്കു വേണ്ടി കന്പനികൾ പത്രങ്ങളിലും മാസികകളിലും മറ്റും പരസ്യങ്ങൾ നല്കിയാലും അത് ആദായനികുതി നിയമം 80 ജിജിബി അനുസരിച്ചു പാർട്ടിക്കുള്ള സംഭാവനയായി കണക്കാക്കും. കിഴിവ് ലഭിക്കുന്നതുമാണ്.
5) ഗവണ്മെന്റ് കന്പനികൾക്കും തുടങ്ങിയിട്ട് 3 വർഷം പൂർത്തിയാകാത്ത കന്പനികൾക്കും സംഭാവന നൽകാനാവില്ല. കിഴിവും ലഭിക്കില്ല.
6) ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കന്പനികളായിരിക്കണം.
7) എത്ര പാർട്ടികൾക്കു വേണമെങ്കിലും സംഭാവനകൾ നൽകാം. സംഭാവനയുടെ ആകെ തുകയ്ക്ക് കന്പനിക്ക് കിഴിവ് ലഭിക്കും.
വ്യക്തികൾക്കുള്ള ആനുകൂല്യങ്ങൾ
ആദായനികുതി നിയമം 80 ജിജിസി അനുസരിച്ചു വ്യക്തികൾ രാഷ്ട്രീയപാർട്ടികൾക്കു നൽകുന്ന സംഭാവനകൾക്ക് വരുമാനത്തിൽ നിന്നു കിഴിവിന് അർഹതയുണ്ട്. എന്നാൽ ഇവിടെയും ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
1) 80 ജിജിസി അനുസരിച്ചു വ്യക്തികൾക്കു മാത്രമാണ് ആനുകൂല്യത്തിന് അർഹത.
2) പാർട്ടികൾക്ക് നൽകുന്ന തുകയ്ക്കോ പാർട്ടികളുടെ എണ്ണത്തിനോ പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ, പാർട്ടികൾക്ക് ജനപ്രാതിനിധ്യ നിയമത്തിലെ 29 എ പ്രകാരം രജിസ്ട്രേഷനുണ്ടായിരിക്കണം.
3) വ്യക്തികൾക്കും ഇലക്ടറൽ ട്രസ്റ്റുകളിലേക്ക് സംഭാവന ചെയ്യാം.
4) നൽകുന്ന സംഭാവനകൾക്കു വരുമാനത്തിൽ നിന്നു 100% കിഴിവ് ലഭിക്കും.
5) സംഭാവനകൾ കാഷായി നൽകരുത്. ചെക്കായോ ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ സംഭാവനകൾ നൽകാം.
6) സംഭാവനകൾ വ്യക്തിയുടെ നികുതിക്കു വിധേയമായ വരുമാനത്തിൽ കൂടരുത്.
7)ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും വരുമാനത്തിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾക്കു പരിധിയില്ലാതെ സംഭാവന നൽകാം.
8) എന്നാൽ, രാഷ്ട്രീയ പാർട്ടികൾക്കു വിദേശ പൗരന്മാരിൽ നിന്നും വിദേശ കന്പനികളിൽ നിന്നും വിദേശ ട്രസ്റ്റുകളിൽ നിന്നും സംഭാവനസ്വീകരിക്കാനാവില്ല.
9) ആദായനികുതിനിയമം 115 ബിഎസി അനുസരിച്ചുള്ള നികുതി സ്കീം സ്വീകരിക്കുന്നവർക്ക് ഇത് ബാധകമല്ല.