പ്രതിമാസ വാടക 50000 രൂപയിൽ കൂടിയാൽ വ്യക്തികൾ സ്രോതസിൽനിന്ന് നികുതി നൽകണം
പ്രതിമാസം 50000 രൂപക്ക് മുകളിൽ വാടക നൽകുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും സ്രോതസിൽനിന്ന് 5% നിരക്കിൽ നികുതി നൽകണം. ഇത് 1-6-2017 മുതൽ പ്രാബല്യത്തിൽ വന്ന നിയമമാണ്.
മുൻകാലങ്ങളിൽ ആദായനികുതി നിയമം 44 എബി വകുപ്പനുസരിച്ച് കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ട വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും മാത്രം ആയിരുന്നു സ്രോതസിൽ 194 ഐ അനുസരിച്ച് വാർഷിക വാടക 240000/- രൂപയിൽ കൂടുതലുണ്ടെങ്കിൽ 10% നികുതി നൽകിയിരുന്നത്. എന്നാൽ, പുതിയ നിയമപ്രകാരം ഓഡിറ്റ് ആവശ്യമില്ലാത്ത വ്യക്തികളും ഹിന്ദു അവിഭക്തകുടുംബങ്ങളും പ്രതിമാസ വാടക 50000/- രൂപക്ക് മുകളിലെങ്കിൽ സ്രോതസിൽ 194 ഐ.ബി. വകുപ്പനുസരിച്ച് സ്രോതസിൽനിന്നു നികുതി നൽകേണ്ടതായിട്ടുണ്ട്.
നികുതി വർഷാവസാനം മാത്രം
വാടക നൽകുന്ന വ്യക്തി വർഷാവസാനം മാത്രം സ്രോതസിൽ നികുതി പിടിക്കുകയും അടയ്ക്കുകയും ചെയ്താൽ മതി. ഇതിന് ഫോം 26 ക്യുസി എന്ന ഫോമാണ്് ഉപയോഗിക്കേണ്ടത്. ഇനി വർഷാവസാനത്തിന് മുന്പ് വാടക കാലാവധി അവസാനിക്കുകയാണെങ്കിൽ കാലാവധി അവസാനിക്കുന്ന മാസം വേണം നികുതി പിടിക്കേണ്ടത്. നികുതി അടച്ചതിന് ശേഷം വാടകക്കാരൻ ഉടമസ്ഥന് 16 സി എന്ന ഫോമിൽ നികുതി പിടിച്ച സർട്ടിഫിക്കറ്റ് നൽകണം.
ടാൻ എടുക്കേണ്ടതില്ല
വാടകക്കാരൻ നികുതി പിടിച്ച് അടക്കേണ്ടതിന് ടാൻ എടുക്കേണ്ടതില്ല. അതുപോലെ തന്നെ വർഷാവസാനത്തിന് മുൻപ് വാടക്കരാർ കാലാവധി അവസാനിക്കുകയും പ്രസ്തുത വ്യക്തി വേറെ കെട്ടിടത്തിലേക്ക് മാറുകയും അവിടെയും പ്രതിമാസ വാടക 50000/- രൂപക്ക് മുകളിലാണെ ങ്കിൽ അവിടെയും വർഷാവസാനത്തിൽ സ്രോതസിൽനിന്നു നികുതി പിടിക്കേണ്ടതായിട്ടുണ്ട്. പിടിച്ച നികുതി ആ മാസം അവസാനിച്ച് കഴിഞ്ഞിട്ട് 30 ദിവസത്തിനകം ഗവണ്മെന്റിൽ അടയ്ക്കണം. ഉദാഹരണത്തിന് 2023 മാർച്ച് മാസത്തിൽ പിടിച്ച നികുതി 2023 ഏപ്രിൽ 30 ന് മുന്പ് അടയ്ക്കണം. നികുതി അടച്ച് 30 ദിവസത്തിനകം ചെല്ലാൻ ഡിപ്പാർട്ട്മെന്റിൽ ഫയൽ ചെയ്യണം.
ഫോം 26 ക്യുസി പൂരിപ്പിക്കുന്പോൾ അതിൽ കെട്ടിട ഉടമയുടെ പാൻ, ഉടമയുടെയും വാടകക്കാരന്റെയും വിലാസം, വാടകക്ക് എടുത്ത പ്രോപ്പർട്ടിയുടെ വിലാസം, വാടക കാലാവധി, കൊടുക്കേണ്ട വാടക, അവസാന മാസത്തെ വാടക, ആകെ കൊടുത്ത വാടക, നികുതി അടക്കുവാൻ താമസിച്ചാൽ അതിനുള്ള പലിശ, നികുതി പിടിച്ച തീയതി എന്നിവ ചേർക്കേണ്ടതുണ്ട്. നികുതി അടച്ച് 45 ദിവസത്തിനകം കെട്ടിട ഉടമയ്ക്ക് നികുതി പിടിച്ചതിനുള്ള സർട്ടിഫിക്കറ്റ് ഫോം 16 സി യിൽ നൽകണം. ഏതെങ്കിലും കാരണവശാൽ 26 ക്യുസി ഫയൽ ചെയ്യേണ്ട തീയതി ദീർഘിപ്പിച്ചാൽ ആ തീയതി കഴിഞ്ഞ് 15 ദിവസത്തിനകം 15 സി നൽകേണ്ടതാണ്.
താമസത്തിന് വേണ്ടി വീട് വാടകയ്ക്ക് എടുത്തതാണെങ്കിലും പ്രതിമാസ വാടക തുക 50000/- ൽ കൂടുതലാണെങ്കിൽ സ്രോതസിൽനിന്നു നികുതി പിടിക്കണം. വാർഷിക വാടകയെ അടിസ്ഥാനമാക്കിയാണ് സ്രോതസിൽനിന്നു നികുതി പിടിക്കേണ്ടത്. എന്നാൽ കെട്ടിട ഉടമക്ക് പാൻ ഇല്ലെങ്കിൽ നികുതി നിരക്ക് 20ശതമാനമാണ്.
കെട്ടിട ഉടമ നോണ് റെസിഡന്റെങ്കിൽ
കെട്ടിട ഉടമ നോണ് റെസിഡന്റ് ആണെങ്കിൽ 50000/ രൂപ എന്ന ലിമിറ്റ് ബാധകമല്ല. ഇവിടെ ആദായനികുതി നിയമം വകുപ്പ് 194 ഐബി പ്രകാരമല്ല നികുതി അടയ്ക്കേണ്ടത്. മറിച്ച് വകുപ്പ് 195 പ്രകാരമാണ്. വാടകത്തുക എത്ര ചെറുതായാലും സ്രോതസിൽനിന്നു നികുതി പിടിക്കേണ്ടതുണ്ട്. ഇവിടെ നികുതി പിടിക്കേണ്ട നിരക്ക് 31.20% ആണ്. ഉയർന്ന നിരക്കാണെന്ന് വാടകക്കാരനും കെട്ടിട ഉടമയ്ക്കും തോന്നുന്നുണ്ടെങ്കിൽ കുറഞ്ഞ നിരക്കിൽ നികുതി നിശ്ചയിച്ച് തരണമെന്ന് ആദായനികുതി നിയമം വകുപ്പ് 195(2) പ്രകാരം വാടകക്കാരന് ആദായനികുതി ഉദ്യോഗസ്ഥൻ (ഇന്റർനാഷ്ണൽ ടാക്സേഷൻ) മുന്പാകെ അപേക്ഷ സമർപ്പിക്കാം. അല്ലെങ്കിൽ കെട്ടിട ഉടമയ്ക്കും 195(3) വകുപ്പനുസരിച്ച് അപേക്ഷിക്കാം.