ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിന് വരുമാനത്തിൽ നിന്നു കിഴിവ്
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ചു ടാക്സ് അടയ്ക്കുന്പോൾ (പഴയ സ്കീം തെരഞ്ഞെടുക്കുന്നവർക്ക്) മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം വരുമാനത്തിൽ നിന്നു കിഴിവായി അവകാശപ്പെടാം. 60 വയസിൽ താഴെയുള്ള വ്യക്തികൾക്ക് 25000 രൂപ കിഴിവു ലഭിക്കും.
സ്വന്തം മെഡിക്കൽ ചെലവുകൾക്കും കുടുംബാംഗങ്ങളുടെ ചെലവിലേക്കുമുള്ള പോളിസികൾ ഒരുമിച്ചെടുക്കാവുന്നതാണ് ഗവണ്മെന്റിന്റെ ഹെൽത്ത് സ്കീമിലേക്ക് അടക്കുന്ന പണവും മെഡിക്കൽ പോളിസിയിൽ ഉൾപ്പെടുത്താം.
മാതാപിതാക്കൾക്കു വേണ്ടിയുള്ള പോളിസികൾ
മാതാപിതാക്കൾക്കുവേണ്ടി പ്രത്യേക പോളിസി എടുത്താൽ അധികമായി 25000 രൂപയുടെ കൂടി കിഴിവ് ലഭിക്കും. ഇതിന് മാതാപിതാക്കൾ ആശ്രിതരാവണമെന്നില്ല. മാതാപിതാക്കളിൽ ആർക്കെങ്കിലും 60 വയസ് കഴിഞ്ഞിട്ടുണ്ടെങ്കിൽ 50000 രൂപ വരെ കിഴിവ് ലഭിക്കും. ഇവർ ഇന്ത്യയിൽ റെസിഡന്റ് ആയിരിക്കണം.
ഹെൽത്ത് ചെക്കപ്പിന് 5000 രൂപ കിഴിവ്
സ്വന്തമായിട്ടുള്ളതോ കുടുംബാംഗങ്ങളുടെയോ മാതാപിതാക്കളുടെയോ പ്രിവന്റീവ് മെഡിക്കൽ ചെക്കപ്പുകൾക്ക് 5000 രൂപ വരെ നികുതിക്കുമുന്പുള്ള വരുമാനത്തിൽ കിഴിവ് ലഭിക്കും. എന്നാൽ ഇത് നേരത്തെ സൂചിപ്പിച്ച 25000 - 50000 രൂപയിൽ ഉൾപ്പെടുത്തിയാണു കിഴിവ്. മേൽതുകയിൽ അധികമായി കിഴിവ് ലഭിക്കില്ല.
പ്രിവന്റീവ് ചെക്കപ്പിനായി ചെലവഴിക്കുന്ന തുക കാഷായോ ചെക്കായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ നടത്താം. 80 ഡി വകുപ്പിൽ കാഷായി ചെലവാക്കാവുന്ന ഏക തുക പ്രിവന്റീവ് ചെക്കപ്പിന് വേണ്ടി മാത്രമാണ്. മറ്റുള്ള ചെലവുകൾ ചെക്കായോ ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ നടത്തിയിരിക്കണം. അല്ലാത്തപക്ഷം കിഴിവ് ലഭിക്കില്ല.
മുതിർന്ന പൗരന്മാരുടെ മെഡിക്കൽ ചെലവുകൾ
ആരോഗ്യ ഇൻഷ്വറൻസ് എടുത്തിട്ടില്ലാത്ത മുതിർന്ന പരന്മാർക്ക് 50,000 രൂപ വരെയുള്ള മെഡിക്കൽ ചെലവുകൾക്ക് ആദായനികുതി നിയമം 80 ഡി അനുസരിച്ച് കിഴിവ് ലഭിക്കും. മരുന്നുകൾക്കും ചികിത്സക്കും കണ്‍സൾട്ടേഷനും വേണ്ടിവരുന്ന തുക മെഡിക്കൽ ചെലവുകളിൽ ഉൾപ്പെടുത്താം. മെഡിക്കൽ ചെലവുകൾക്കായി ചെലവാക്കുന്ന പണം ചെക്കായോ ബാങ്ക് ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ മാത്രമേ നൽകാവൂ.
ഹിന്ദു അവിഭക്ത കുടുംബത്തിന്
കൂട്ടുകുടുംബത്തിലെ ഏതെങ്കിലും അംഗത്തിന്റെ ആരോഗ്യസുരക്ഷക്കുവേണ്ടി പോളിസി എടുത്താലും പ്രീമിയം തുക വരുമാനത്തിൽ നിന്നു കുറയ്ക്കാം. 60 വയസിൽ താഴെയാണു പായമെങ്കിൽ 25000 രൂപയും 60 വയസിൽ കൂടുതലാണെങ്കിൽ 50000 രൂപയും കിഴിവ് ലഭിക്കും. അതുപോലെ മെഡിക്ലെയിം പോളിസി ഇല്ലാത്ത മുതിർന്ന പൗരന്മാരുടെ മെഡിക്കൽ ചെലവിൽ 50000 രൂപയുടെ കിഴിവിന് കുടുംബം അർഹമാണ്. മെഡിക്ലെയിം പോളിസിയുണ്ടെങ്കിൽ കിഴിവിന് അർഹതയുണ്ടാവില്ല.
കൂടാതെ ഇത് ചെക്കായോ ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെയോ മാത്രമേ പേമെന്റ് നടത്താവൂ. പല വർഷങ്ങളിലേക്ക് ഒരുമിച്ചുള്ള മെഡിക്ലെയിം പോളിസികൾക്കു പ്രോറേറ്റ അനുപാതത്തിൽ ഓരോ വർഷത്തേക്കും തുല്യമായി വീതിച്ച് അതാതു വർഷങ്ങളിൽ കിഴിവിനായി അപേക്ഷിക്കാം.
ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പനുസരിച്ച് 60 വയസിൽ കുറവുള്ള ഒരു വ്യക്തിക്ക് പരമാവധി 75,000 രൂപയുടെ വരെ കിഴിവ് ലഭിക്കും. സ്വന്തമായുള്ളത് 25000 രൂപയും 60 വയസ് കഴിഞ്ഞ മാതാപിതാക്കൾക്ക് വേണ്ടിയുള്ള പോളിസിക്ക് 50,000 രൂപ വരെയും കിഴിവ് ലഭിക്കും. മെഡിക്കൽ ചെലവുകളിലേക്കും ഹെൽത്ത് ചെക്കപ്പിനായുള്ള 5000 രൂപയും ഉൾപ്പടെയുള്ള പരമാവധി തുകയാണിത്.
വ്യക്തിയും മാതാപിതാക്കളും മുതിർന്ന പൗര·ാർ ആണെങ്കിൽ പരമാവധി 1,00,000 രൂപ വരെയുള്ള കിഴിവിന് അർഹതയുണ്ട്. മാതാപിതാക്കളുടെ പേരിൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്പോൾ കിഴിവ് ലഭിക്കുന്നതിന് വ്യക്തിയെ ആശ്രയിച്ചു ജീവിക്കുന്നവരാകണമെന്നില്ല. മാതാപിതാക്കളിൽ വ്യക്തിയുടെ ഫാദർ ഇൻലോയും മദർ ഇൻലോയും ഉൾപ്പെടില്ല. മാതാപിതാക്കളിൽ ഒരാളെങ്കിലും 60 വയസിൽ കൂടുതലുണ്ടെങ്കിൽ സിനിയർ സിറ്റിസണിന്റെ ആനുകൂല്യം ലഭിക്കും.
എന്നാൽ മാതാപിതാക്കൾ നോണ്‍ റെഡിഡന്റാണെങ്കിൽ സീനിയർ സിറ്റിസണിന് ലഭിക്കുന്ന അധിക ആനുകൂല്യം ലഭിക്കില്ല. എന്നാൽ, മാതാപിതാക്കളിൽ ഒരാൾമാത്രം നോണ്‍ റെസിഡന്റും മറ്റേ ആൾ ഇന്ത്യയിൽ റെഡിസന്റും ആണെങ്കിൽ കൂടിയ ആനുകൂല്യത്തിന് അർഹതയുണ്ട്. എന്നാൽ, പുതിയ സ്കീം അനുവർത്തിക്കുന്നവർക്കു ഹെൽത്ത് ഇൻഷ്വറൻസ് പ്രീമിയത്തിനു കിഴിവ് ലഭിക്കില്ല.