ബജറ്റ് 2023: നിക്ഷേപങ്ങൾക്ക് കിഴിവുകൾ ലാഭകരമെങ്കിൽ പഴയ സ്കീ
2023 ലെ ബജറ്റിൽ ആദായനികുതി നിയമത്തിലെ 115 ബിഎസി (1എ) എന്ന വകുപ്പനുസരിച്ച് നികുതിക്കായി പുതിയ ഒരു സ്ലാബ് സിസ്റ്റം കൊണ്ടുവന്നു. 2023-24 സാന്പത്തിക വർഷം മുതൽ പുതിയ സ്ലാബാണ് ഡീഫാൾട്ടായി നിലവിൽ വരുന്നത്. പഴയ സിസ്റ്റം തന്നെ വേണമെന്നുള്ളവർ പ്രത്യേക അപേക്ഷ നൽകി വേണം അത് തെരഞ്ഞെടുക്കാൻ.
രണ്ട് സ്കീമുകളും തമ്മിൽ താരതമ്യം ചെയ്ത് ഏത് സ്കീമാണ് നികുതിദായകന് ലാഭകരമായിട്ടുള്ളത് എന്ന് പ്രത്യേകം കണക്കുകൂട്ടി വേണം നിശ്ചയിക്കുവാൻ. അതാകട്ടെ ഓരോ നികുതിദായകനും നടത്തുന്ന നിക്ഷേപങ്ങളുടെ ആനുകൂല്യം കണക്കിലെടുത്തുവേണം നികുതി നിശ്ചയിക്കേണ്ടത്.
സാധാരണക്കാരായ നികുതിദായകരെ പുതിയ സ്കീമിലേക്ക് ആകർഷിക്കുവാൻ വേണ്ടി പല ആനുകൂല്യങ്ങളും അതിൽ നൽകിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് ഇവയാണ്.
പുതിയ സ്കീം തെരഞ്ഞെടുക്കുന്നവർക്ക്
1) നികുതിയില്ലാത്ത അടിസ്ഥാന കിഴിവ് 3 ലക്ഷം രൂപയാക്കി ഉയർത്തി, പഴയ സ്കീംകാർക്ക് 2.5 ലക്ഷം രൂപതന്നെ നിലനിർത്തി.
2) നികുതിക്ക് മുന്പുള്ള വരുമാനം 7 ലക്ഷം രൂപവരെയുള്ളവർക്ക് പൂർണമായ നികുതി ഇളവ്, പഴയ സ്കീം തെരഞ്ഞെടുക്കുന്നവർക്ക് ഇത് 5 ലക്ഷം രൂപ വരെ മാത്രം.
3) ശന്പള വരുമാനക്കാരായ നികുതിദായകർക്ക് പുതിയ സ്കീം തെരഞ്ഞെടുത്താലും 50,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ. നേരത്തെ ഇത് പഴയ സ്കീമുകാർക്ക് മാത്രമായിരുന്നു. അങ്ങനെ വരുന്പോൾ 7.5 ലക്ഷം വരുമാനമുള്ള ശന്പളക്കാരന് യാതൊരു നികുതിയും വരികയില്ല.
നികുതി നിരക്കുകളിലെ മാറ്റം മനസിലാക്കാൻ താഴെപ്പറയുന്ന പട്ടികകൾ പരിശോധിക്കുക
പുതിയ സ്കീമിലെ നിരക്കുകൾ
1) 3 ലക്ഷം രൂപ വരെ- നികുതിയില്ല
2) 3,00,001 മുതൽ 6,00,000 രൂപ വരെ-5%
3) 6,00,001 മുതൽ 9,00,000 രൂപ വരെ-10%
4) 9,00,001 മുതൽ 12,00,000 രൂപ വരെ-15%
5) 12,00,001 മുതൽ 15,00,000 രൂപ വരെ-20%
6) 15,00,000 രൂപക്ക് മുകളിൽ-30%
പഴയ സ്കീമിലെ നിരക്കുകൾ
1) 2,50,000 രൂപ വരെ- നികുതിയില്ല
2) 2,50,001 മുതൽ 5,00,000 രൂപ വരെ- 5% (87 എ അനുസരിച്ച് 5 ലക്ഷം രൂപ വരെ നികുതിയില്ല)
3) 5,00,001 മുതൽ 10,00,000 രൂപ വരെ-20%
4) 10,00,000 രൂപക്ക് മുകളിൽ-30%
പുതിയ സ്കീമിൽ 5 തരം നിരക്കുകൾ ഉള്ളപ്പോൾ പഴയതിൽ 4 തരം നിരക്കുകൾ മാത്രം. പഴയ സ്കീമിൽ 5 ലക്ഷത്തിന് മുകളിൽ 10 ലക്ഷം രൂപ വരെയുള്ളവർക്ക് 20% ആണ് നികുതി നിരക്ക്. പുതിയ സ്കീമിലാകട്ടെ 6 ലക്ഷം മുതൽ 9 ലക്ഷം വരെ വെറും 10% ഉം 9 മുതൽ 10 ലക്ഷം വരെയുള്ളതിന് 15% മാത്രമാണ് നിരക്കുകൾ.
അതായത് നികുതിദായകന് കിഴിവുകൾ ലഭിക്കുന്ന നിക്ഷേപങ്ങൾ ഒന്നുമില്ലെങ്കിൽ നികുതിക്ക് മുന്പുള്ള വരുമാനം 10 ലക്ഷം രൂപയായി നിശ്ചയിച്ചാൽ പുതിയ സ്കീം അനുസരിച്ച് നികുതി കണക്കുകൂട്ടിയാൽ 60,000 രൂപ മാത്രം വരുന്പോൾ പഴയ സ്കീം അനുസരിച്ചാണെങ്കിൽ നികുതി 112500 രൂപയാണെന്ന് കാണാം.
എന്നാൽ പ്രസ്തുത വ്യക്തിക്ക് ഭവനവായ്പയുടെ പലിശയിനത്തിൽ 2 ലക്ഷം രൂപയുടെ ചിലവും മുതലിലേക്കുള്ള തിരിച്ചടവ് 1.5 ലക്ഷം രൂപയും മെഡിക്ലെയിം പോളിസിയുടെ പ്രീമിയം അടച്ച വകയിൽ 25000 രൂപയും ചിലവ് ഉണ്ടായതായി സങ്കല്പിക്കുക അങ്ങനെ വരുന്പോൾ മൊത്തം 3,75,000 രൂപയുടെ കിഴിവിന് അദ്ദേഹത്തിന് അർഹത ലഭിക്കുന്നു.
അപ്പോൾ പഴയ സ്കീം അനുസരിച്ചാണെങ്കിൽ നികുതിക്ക് മുന്പുള്ള വരുമാനം 6,25,00 രൂപയായി കുറയും. അപ്പോൾ നികുതിയായി വരുന്ന തുക 37500 രൂപ മാത്രമാണ്. പക്ഷേ അദ്ദേഹം പുതിയ സ്കീം തെരഞ്ഞെടുത്താൽ നികുതിയായി വരുന്നത് 60,000 രൂപയാണ്. അതുകൊണ്ട് പഴയ സ്കീം സ്വീരിക്കുന്നതാണ് ലാഭകരം എന്നു കാണാം.
ചുരുക്കിപ്പറഞ്ഞാൽ നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന കിഴിവുകളെ അടിസ്ഥാനപ്പെടുത്തി വേണം ഏതു സ്കീമാണ് വേണ്ടെതെന്ന് തീരുമാനിക്കുന്നത്. ഓരോ നികുതിദായകനും വ്യത്യസ്തങ്ങളായ തോതിൽ നിക്ഷേപങ്ങൾ നടത്തുന്നതിനാൽ പൊതുവായി ഒരു സ്കീം നല്ലത് മറ്റത് വേണ്ട എന്നു പറയുവാൻ സാധിക്കില്ല. എന്നിരുന്നാലും 2023 ലെ ബജറ്റ് മൂലം നിക്ഷേപങ്ങളോടുള്ള താല്പര്യം ഇടത്തരം വരുമാനക്കാരിൽ കുറയുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.