വസ്തു വാങ്ങുന്പോൾ സ്രോതസിൽ നികുതി
ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇന്ത്യൻ റസിഡന്റിന്റെ പക്കൽ നിന്നും വാങ്ങുകയാണെങ്കിൽ വില്പനവിലയുടെ ഒരു ശതമാനം ആദായ നികുതി ആയി സ്രോതസിൽ നിന്ന് പിടിക്കുകയും സർക്കാരിൽ അടയ്ക്കുകയും ചെയ്യണം.
ഈ നിയമം 1-7-2013 മുതൽ ആണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഈ ഇടപാടിന് സ്രോതസിൽ നികുതി പിടിക്കുന്ന വ്യക്തിക്ക് ടാൻ നിർബന്ധമില്ല. ഫോം നന്പർ 26 ക്യു ബി യിൽ ഓണ്‍ലൈനായി വേണം നികുതി അടയ്ക്കാൻ. വസ്തു വാങ്ങുന്നയാൾ ഫോം നന്പർ 16 ബി യിൽ സർട്ടിഫിക്കറ്റ് വസ്തു വിൽക്കുന്നയാൾക്ക് നൽകുകയും വേണം.
ഈ സർട്ടിഫിക്കറ്റ് നികുതി അടച്ചതിന്റെ തെളിവായി വിൽപന നടത്തിയ വ്യക്തിക്ക് ഉപയോഗിക്കുവാൻ സാധിക്കും. നഗരപരിധിക്ക്പുറത്തുള്ള കൃഷിഭൂമി ആണ് വിൽപന നടത്തിയതെങ്കിൽ സ്രോതസിൽനിന്ന് നികുതി പിടിക്കേണ്ടതില്ല.
നഗരപരിധിയിലെ കൃഷിഭൂമി
ആദായ നികുതി നിയമത്തിൽ കൃഷിഭൂമിയെ നിർവചിച്ചിരിക്കുന്നത്, ഭൂമി എവിടെ സ്ഥിതി ചെയ്യുന്നു എന്നതുകൂടി ഉൾപ്പെടുത്തിക്കൊണ്ടാണ്. അതായത് കൃഷി ചെയ്തതതുകൊണ്ട് മാത്രം ആദായനികുതി നിയമം അനുസരിച്ച് അതിനെ കൃഷിഭൂമി ആയി നിർവചിക്കാൻ സാധ്യമല്ല. പ്രധാനമായും മൂന്ന് തരത്തിലാണ് ഭൂമിയുടെ ലൊക്കേഷനെ അടിസ്ഥാനമാക്കി നഗരഭൂമിയെ നിശ്ചയിക്കുന്നത്.
1) നിലവിൽ 10000 മുതൽ 1 ലക്ഷം വരെ ജനസാന്ദ്രതയുള്ള മുനിസിപ്പാലിറ്റി ഏരിയായിലും അവയുടെ പരിധി കഴിഞ്ഞ് 2 കിലോമീറ്റർ ചുറ്റളവിലുമുള്ള ഭൂമി നഗരഭൂമി ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.
2) എന്നാൽ മുനിസിപ്പൽ പ്രദേശത്ത് ജനസാന്ദ്രത ഒരു ലക്ഷത്തിന് മുകളിലും എന്നാൽ 10 ലക്ഷത്തിൽ താഴെയുമാണ് എങ്കിൽ മുകളിൽ സൂചിപ്പിച്ച 2 കി.മി. ചുറ്റളവ് എന്നത് 6 കിലോമീറ്ററായി മാറും. മുനിസിപ്പൽ പ്രദേശത്തിന്റെ പുറം അതിരിൽ നിന്നാണ് ഈ ദുരം അളക്കുന്നത്.
3) മൂന്നാമത്തെ ക്ലാസിഫിക്കേഷനിൽ വരുന്നത് 10 ലക്ഷത്തിന് മുകളിൽ ജനസാന്ദ്രത ഉള്ള മുനിസിപ്പാലിറ്റി പ്രദേശങ്ങളാണ്. ഈ പ്രദേശത്തിന്റെ അതിരിൽ നിന്നും 8 കി.മി. ദൂരത്തിൽ ചുറ്റളവിലുള്ള എല്ലാ ഭൂമിയും നഗരഭൂമിയാണ്.
എന്നാൽ, 10000 ത്തിൽ താഴെ മാത്രം ആണ് മുനിസിപ്പൽ ഏരിയായിൽ ജനസാന്ദ്രത ഉള്ളത് എങ്കിൽ ആ പ്രദേശം മാത്രമേ നഗരപരിധിയിൽ ഉൾപ്പെടുകയുള്ളൂ. മുനിസിപ്പാലിറ്റി എന്നത് വേറെഏതുപേരിൽ അറിയപ്പെട്ടാലും, അതായത് മുനിസിപ്പൽ കോർപ്പറേഷൻ, നോട്ടിഫൈഡ് ഏരിയാ കമ്മിറ്റി, ടൗണ്‍ ഏരിയാ കമ്മിറ്റി, ടൗണ്‍ കമ്മിറ്റി എന്നൊക്കെ ആയാലും മുകളിലത്തെ നിർവചനങ്ങളിൽ മാറ്റങ്ങളൊന്നുമില്ല.
ജനസാന്ദ്രത കണക്കാക്കുന്നത് ഏറ്റവും അവസാനം എടുത്ത സെൻസസിനെ അടിസ്ഥാനപ്പെടുത്തിയാണ്. ദൂരം അളക്കുന്നത് ഏരിയൽ ഡിസ്റ്റൻസ് ആയിട്ടാണ്, അതായത് ഏറ്റവും ചുരുങ്ങിയ അളവായിരിക്കും കണക്കിലെടുക്കുന്നത്. മേൽ നിയമങ്ങൾ 01-04-2014 മുതൽ പ്രാബല്യത്തിൽ വന്നു.
പ്രവാസിയുടെ പക്കൽനിന്നാണ് വസ്തു വാങ്ങുന്നതെങ്കിൽ
പ്രവാസിയുടെ പക്കൽനിന്നാണ് രണ്ടു വർഷത്തിൽ കൂടുതൽ കൈവശം വെച്ച ഭൂമി വാങ്ങുന്നതെങ്കിൽ സ്രോതസി ൽ നിന്നും ഒരുശതമാനമല്ല നികുതി പിടിക്കേണ്ടത്. പകരം 20% നിരക്കിൽ നികുതി പിടിക്കണം. ഇവിടെ സെസും സർചാർജും ബാധകമാണ്. യോജിച്ച നിരക്കിൽ അവയും അടയ്ക്കണം.
പ്രസ്തുത ഭൂമി രണ്ടു വർഷത്തിൽ താഴെമാത്രം കൈവശംവച്ചതിന് ശേഷമാണ് വിൽക്കുന്നതെങ്കിൽ സാധാരണ നികുതി നിരക്കാണ് ബാധകമാകുക. കൃഷിഭൂമിക്കും ഈ നിയമം ബാധകമാണ്. എന്നാൽ വില്പന നടത്തുന്ന വ്യക്തിക്ക് ആദായനികുതി ഉദ്യോഗസ്ഥന്റെ പക്കൽ കുറഞ്ഞ നിരക്കിലോ, പൂജ്യം നിരക്കിലോ നികുതി പിടിക്കുന്നതിനുവേണ്ടിയുള്ള സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാം.
ഈ അപേക്ഷ ലഭിച്ചുകഴിഞ്ഞാൽ സ്ഥിതിഗതികൾ പരിശോധിച്ചതിനു ശേഷം അദ്ദേഹത്തിനു കുറഞ്ഞനിരക്കോ പൂജ്യം നിരക്കോ നിശ്ചയിക്കാവുന്നതും അതിനനുസരിച്ചുള്ള സർട്ടിഫിക്കറ്റ് നൽകാവുന്നതുമാണ്. പ്രസ്തുത സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാൽ അതനുസരിച്ചുള്ള നിരക്കിൽ മാത്രം സ്രോതസിൽ നിന്ന് നികുതി അടച്ചാൽ മതി.
ആദായ നികുതി ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും നികുതി ഇളവിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കാതെ, സ്ത്രോതസിൽ നിന്നും നികുതി അടയ്ക്കാതെ, വസ്തു വില്പന നടത്തിയാൽ വില്‍ക്കുന്ന ആൾക്കുണ്ടാവുന്ന എല്ലാ നികുതി ബാധ്യതക്കും വസ്തു വാങ്ങുന്നയായാളും ഉത്തരവാദിയാകും.
വസ്തു ഇടപാടിന് പണം ബാങ്കിൽ കൂടി മാത്രം
1-6-2015 മുതൽ 20000 രൂപയ്ക്ക് മുകളിലുള്ള വസ്തു ഇടപാടുകൾക്കുള്ള പണം ചെക്കായോ ബാങ്ക് ഡ്രാഫ്റ്റായോ, ഇലക്ട്രോണിക് ട്രാൻസ്ഫറായോ മാത്രമേ നടത്താവൂ. ഇതിനെതിരായി പണമായി വസ്തു ഇടപാട് നടത്തിയാൽ തത്തുല്ല്യമായ തുക പിഴയായി ഈടാക്കും.
അതുപോലെതന്നെ വസ്തു വാങ്ങുന്നതിന് നൽകുന്ന അഡ്വാൻസ് തുകയും ഇടപാട് നടന്നില്ലെങ്കിൽ തിരികെ കൊടുക്കുന്ന തുകയും ചെക്ക്, ഡ്രാഫ്റ്റ്, ഇലക്ട്രോണിക് ട്രാൻസ്ഫർ ആയിരിക്കണം. നിയമം പാലിക്കാതെ പണം സ്വീകരിച്ച് വസ്തു വിറ്റാൽ, വിൽക്കുന്ന വ്യക്തി, ആദായനികുതി നിയമം വകുപ്പ് 271 ഡി അനുസരിച്ച് ശിക്ഷാനടപടിക്ക് വിധേയനാവുകയും തത്തുല്യമായ തുക പിഴയടക്കേണ്ടിയുംവരും.